ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാന്‍ ഹീറോയായി സഞ്ജു സാംസണ്‍! വീണ്ടും ചെപ്പോക്കിനെ നടുക്കി വരവേല്‍പ്- വീഡിയോ

By Jomit Jose  |  First Published Sep 25, 2022, 3:38 PM IST

നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ സഞ്ജു സാംസണോ? ചെപ്പോക്കില്‍ ഇരമ്പി ആരാധകക്കൂട്ടം 


ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകരുടെ മാസ് ഹീറോയായി മാറുകയാണ് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ഐപിഎല്ലിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിലും സിംബാബ്‌വെയിലും സ‍ഞ്ജുവിന് ലഭിച്ച വലിയ ആരാധക പിന്തുണ ഇതിന് തെളിവായിരുന്നു. ഇപ്പോള്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലും സഞ്ജു മൈതാനത്തെത്തിയപ്പോള്‍ വമ്പന്‍ കരഘോഷത്തോടെയാണ് ആരാധകര്‍ വരവേറ്റത്. സമാനമായി ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്നും സഞ്ജു ആരാധകക്കടലിന് നടുവിലൂടെയാണ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. 

ചെപ്പോക്കിലെ രണ്ടാം ഏകദിനത്തില്‍ നാലാമനായി ക്രീസിലെത്തുകയായിരുന്നു സ‍ഞ്ജു സാംസണ്‍. ഡഗൗട്ടില്‍ നിന്ന് ഇറങ്ങുമ്പോഴേ എഴുന്നേറ്റുനിന്ന് ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ സഞ്ജുവിനെ മൈതാനത്തേക്ക് പറഞ്ഞയച്ചത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഏകദിനത്തിനിടെ സഞ്ജുവിന് ലഭിച്ച ആരാധക പിന്തുണയും വൈറലായിരുന്നു. 

Crowd going mad for Sanju Samson when he came to bat in 2nd One-Day. pic.twitter.com/UHdlxTg6Fi

— Johns. (@CricCrazyJohns)

Latest Videos

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജു 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സരും സഹിതം 37 റണ്‍സെടുത്തു. ലോഗന്‍ വാന്‍ ബീക്കിന്‍റെ പന്തില്‍ ചാഡ് ബൗസ് സ‍ഞ്ജുവിന്‍റെ ക്യാച്ചെടുക്കുകയായിരുന്നു. 

മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് എയെ നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് 219ല്‍ ചുരുട്ടിക്കെട്ടിയിരുന്നു. ജോ കാര്‍ട്ടര്‍ (72), രചിന്‍ രവീന്ദ്ര (61) എന്നിവരാണ് ന്യൂസിലന്‍ഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തവര്‍. ചാഡ് ബൗസ്(15), ഡെയ്‌ന്‍ ക്ലീവര്‍(6), ക്യാപ്റ്റന്‍ റോബര്‍ട്ട് ഒ ഡോണില്‍(0), ടോം ബ്രൂസ്(10), സീന്‍ സോളിയ(28), മിച്ചല്‍ റിപ്പണ്‍(10), ലോഗന്‍ വാന്‍ ബീക്ക്(4), ജോ വോക്കര്‍(0), ജേക്കബ് ഡഫ്ഫി(0*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. കുല്‍ദീപിന് പുറമെ റിഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടും ഉമ്രാന്‍ മാലിക്, രജന്‍ഗാഡ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ന്യൂസിലന്‍ഡ് എയെ എറിഞ്ഞിട്ട് സഞ്ജുവിന്റെ നീലപ്പട; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 220 റണ്‍സ് വിജയലക്ഷ്യം

click me!