കെറ്റിൽബറോ ഇന്ത്യയുടെ നിർഭാ​ഗ്യം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അമ്പയറായി ധർമസേന മതിയെന്ന് വസീം ജാഫർ

By Web Team  |  First Published May 25, 2021, 4:41 PM IST

ഐസിസി ചാമ്പ്യൻഷിപ്പുകളിലെ നിർണായക പോരാട്ടങ്ങളിൽ കെറ്റിൽബറോ അമ്പയറായിരുന്നപ്പൊഴൊന്നും ഇന്ത്യ ജയിച്ചിട്ടില്ല. 2014ലെ ശ്രീലങ്കക്കെതിരായ ടി20 ലോകകപ്പ് ഫൈനലാണ് ഇതിന്റെ ആദ്യ ഉദാഹരണം.


സതാംപട്ൺ: ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18 മുതൽ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോൾ ഓൺഫീൽഡ് അമ്പയറായി ഇം​ഗ്ലണ്ടിന്റെ റിച്ചാർഡ് കെറ്റിൽബറോ വേണ്ട, ശ്രീലങ്കയുടെ കുമാര ധർമസേന മതിയെന്ന മീം പങ്കുവെച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കെറ്റിൽബറോക്ക് നേരെ വേണ്ടെന്ന അർത്ഥത്തിൽ ജാഫർ മുഖം തിരിച്ചു നിക്കുകയും ധർമസേനക്കു നേരെ വിരൽ ചൂണ്ടി നിൽക്കുകയും ചെയ്യുന്ന മീം ആണ് മറ്റ് വിശദീകരണങ്ങളൊന്നുമില്ലാതെ ജാഫർ പങ്കുവെച്ചത്. എന്നാൽ ജാഫർ പങ്കുവെച്ച മീമിന്റെ പിന്നാമ്പുറം തേടിപ്പോയാലെ എന്തുകൊണ്ടാണ് കെറ്റിൽബറോ വേണ്ടെന്ന് ജാഫർ പറഞ്ഞത് എന്ന് വ്യക്തമാവു.

. 😉 pic.twitter.com/qdKPXgf1LG

— Wasim Jaffer (@WasimJaffer14)

ഐസിസി ചാമ്പ്യൻഷിപ്പുകളിലെ നിർണായക പോരാട്ടങ്ങളിൽ കെറ്റിൽബറോ അമ്പയറായിരുന്നപ്പൊഴൊന്നും ഇന്ത്യ ജയിച്ചിട്ടില്ല. 2014ലെ ശ്രീലങ്കക്കെതിരായ ടി20 ലോകകപ്പ് ഫൈനലാണ് ഇതിന്റെ ആദ്യ ഉദാഹരണം. ഫൈനലിൽ ഇന്ത്യക്ക് ലങ്കക്ക് മുന്നിൽ കാലിടറി. പിന്നാലെ 2015ലെ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റ് പുറത്തായപ്പോഴും കെറ്റിൽബറോ ആയിരുന്നു ഓൺഫീൽഡ് അമ്പയർ. തീർന്നില്ല, 2017ലെ പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ തോറ്റപ്പോഴും 2019ലെ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റപ്പോഴും ഓൺഫീൽഡ് അമ്പയറായി ഒരറ്റത്ത് റിച്ചാർഡ് കെറ്റിൽബറോയുണ്ടായിരുന്നു.

Latest Videos

undefined

അതേസമയം, ധർമസേനയാകട്ടെ 2019ലെ ഇം​ഗ്ലണ്ട്-ന്യൂസിലൻഡ് ഏകദിന ലോകകപ്പ് ഫൈനലിൽ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി പോയ ത്രോയിൽ നാല് ഓവർത്രോ റൺസ് നൽകി ന്യൂസിലൻഡിന്റെ തോൽവിയിൽ നിർണായക പങ്കുവഹിച്ചയാളാണ്. ധർമസേനയാണ് അമ്പയറാവുന്നതെങ്കിൽ ഏകദിന ലോകകപ്പ് ഫൈനലിലെ കയ്പ്പേറിയ ഓർമകൾ കിവീസിനെ വേട്ടയായുമെന്നും ജാഫറിന്റെ മീം ലക്ഷ്യമിടുന്നുവെന്നാണ് ആരാധകർ പറയുന്നത്.

നിലവിൽ ഐപിഎൽ ടീമായ പഞ്ചാബ് കിം​ഗ്സിന്റെ ബാറ്റിം​ഗ് പരിശീലകനായ ജാഫർ മുംബൈയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്. രമേഷ് പവാർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി പോയ ഒഴിവിലേക്കാണ് മുംബൈ പുതിയ പരിശീലകനെ തേടുന്നത്. ജാഫറിനൊപ്പം സായ്രാജ് ബഹുതുലെ, അമോൽ മജൂംദാർ എന്നിവരും മുംബൈയുടെ പരിശീലകനാവാൻ രം​ഗത്തുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!