ഇന്ത്യക്കായി ഇതുവരെ മൂന്ന് രാജ്യാന്തര ടി20കള്‍ മാത്രം കളിച്ചിട്ടുള്ള ഉമ്രാന്‍ മാലിക്കിന്‍റെ പേരാണ് അക്രം മുന്നോട്ടുവെക്കുന്നത്
മുംബൈ: ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പകരക്കാരനെ പ്രഖ്യാപിക്കേണ്ട തിയതി അവസാനിച്ചെങ്കിലും ഐസിസിയുടെ പ്രത്യേക അനുമതിയോടെ പ്രഖ്യാപനം വൈകാതെ ബിസിസിഐ നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. പല പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ബുമ്രക്ക് പകരമാര് ലോകകപ്പില്‍ വരണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ വസീം അക്രമം.
ഇന്ത്യക്കായി ഇതുവരെ മൂന്ന് രാജ്യാന്തര ടി20കള്‍ മാത്രം കളിച്ചിട്ടുള്ള ഉമ്രാന്‍ മാലിക്കിന്‍റെ പേരാണ് അക്രം മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാണ് മാലിക് ശ്രദ്ധയാകര്‍ഷിച്ചത്. 'ഉമ്രാന്‍ മാലിക്കിനെ നോക്കൂ.അയാള്‍ വേഗമുണ്ട്. അയര്‍ലന്‍ഡിനെതിരെ ഇന്ത്യ കളിപ്പിച്ചെങ്കിലും അടി വാങ്ങി. ടി20യില്‍ അത് സംഭവിക്കും. എന്നാല്‍ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുകയാണ് വേണ്ടത്. ഞാന്‍ സെലക്‌ടറായിരുന്നെങ്കിലും മാലിക്കിനെ സ്ക്വാഡില്‍ എപ്പോഴും ഉള്‍പ്പെടുത്തുമായിരുന്നു. പരിചയസമ്പത്തിന് അനുസരിച്ച് ഉമ്രാന്‍ മാലിക്കിന്‍റെ പ്രകടനം മെച്ചപ്പെടും. ടി20 ഫോര്‍മാറ്റ് ബൗളര്‍മാര്‍ക്ക് വേണ്ടിയുള്ളതല്ല. ഒരിക്കലെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്ന ബോധ്യം ബൗളര്‍മാര്‍ക്കുണ്ടാവുകയാണ് വേണ്ടത്' എന്നും വസീം അക്രം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫിറ്റ്‌നസ് പരീക്ഷയില്‍ വിജയിച്ച മുഹമ്മദ് ഷമി ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനാവാനാണ് സാധ്യത. എന്നാല്‍ കഴിഞ്ഞ ജൂലൈക്ക് ശേഷം ഒരു ടി20 മത്സരം പോലും ഷമി കളിച്ചിട്ടില്ല. ടി20 ഫോര്‍മാറ്റിലും മികവ് പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയില്‍ മികച്ച താരമായത് മുഹമ്മദ് സിറാജിന് സാധ്യത നല്‍കുന്നു. ലോകകപ്പ് സ്‌ക്വാഡിനൊപ്പം ചേരാന്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദ്ദുൽ ഠാക്കൂർ എന്നിവര്‍ ഇന്ന് ഓസ്ട്രേലിയയിലേക്ക് തിരിക്കും. ഇന്ന് ടീം ഇന്ത്യക്ക് വെസ്റ്റേണ്‍ ഓസ്ട്രേലിയയുമായി പരിശീലന മത്സരമുണ്ട്.
ദീപക് ചാഹറും പുറത്ത്; ഷമിയോ സര്‍പ്രൈസായി സിറാജോ ലോകകപ്പില്‍ ബുമ്രയുടെ പകരക്കാരന്‍?