ബാബര്‍ അസം സ്വാര്‍ത്ഥനെന്ന് ഗംഭീര്‍, മറുപടിയുമായി അഫ്രീദിയും അക്രവും

By Gopala krishnan  |  First Published Nov 2, 2022, 12:26 PM IST

സ്വാര്‍ത്ഥതയോടെ തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പാക്കാനും ക്യാപ്റ്റനെന്ന നിലയില്‍ എളുപ്പമാണ്. എന്നാല്‍ ഏത് ക്യാപ്റ്റനും സ്വന്തം കാര്യത്തേക്കാള്‍ ഉപരി ആദ്യം ടീമിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. പ്ലാന്‍ അനുസരിച്ച് ഒന്നും നടക്കുന്നില്ലെങ്കില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ബാബറിന്  ഫഖര്‍ സമനെ ഓപ്പണറായി ഇറക്കാമായിരുന്നു.


മുംബൈ: ടി20 ലോകകപ്പില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സിയെയും സമീപനത്തെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മോശം ഫോമില്‍ തുടരുമ്പോഴും പാക്കിസ്ഥാനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുന്ന ബാബറിന്‍റേത് സ്വാര്‍ത്ഥതയാണെന്ന് ഗംഭീര്‍ പറഞ്ഞു.

സ്വാര്‍ത്ഥതയോടെ തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പാക്കാനും ക്യാപ്റ്റനെന്ന നിലയില്‍ എളുപ്പമാണ്. എന്നാല്‍ ഏത് ക്യാപ്റ്റനും സ്വന്തം കാര്യത്തേക്കാള്‍ ഉപരി ആദ്യം ടീമിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. പ്ലാന്‍ അനുസരിച്ച് ഒന്നും നടക്കുന്നില്ലെങ്കില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ബാബറിന്  ഫഖര്‍ സമനെ ഓപ്പണറായി ഇറക്കാമായിരുന്നു. എന്നാല്‍ ബാബര്‍ തന്നെയാണ് ആ മത്സരത്തിലും ഓപ്പണറായി എത്തിയത്. ഇതിനെയാണ് സ്വാര്‍ത്ഥത എന്ന് പറയുന്നത്. ബാബറും റിസ്‌വാനും പാക്കിസ്ഥാനുവേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത് നിരവധി റെക്കോര്‍ഡുകള്‍ അടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ നായകനാകണമെങ്കില്‍ സ്വന്തം കാര്യത്തേക്കാളുപരി ആദ്യം ടീമിനെക്കുറിച്ച് ചിന്തിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

Latest Videos

undefined

എന്നാല്‍ ബാബറിനെതിരായ ഗംഭീറിന്‍റെ വിമര്‍ശനത്തിന്പ്രതികരണവുമായി മുന്‍ പാക് നായകന്‍ വസീം അക്രം രംഗത്തെത്തി. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും പ്രത്യേകിച്ച് ഐപിഎല്ലില്‍ കൊല്‍ക്കത്തക്ക് രണ്ട് തവണ കിരീടം സമ്മാനിച്ച നായകനെന്ന നിലയില്‍ ഗംഭീറിന് അദ്ദേഹത്തിന്‍റെ അഭിപ്രായം തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും അക്രം ഒരു പാക് ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

മനോഭാവം മാറ്റണം, രാഹുലിന് സ്വന്തം കഴിവില്‍ വിശ്വാസമില്ലെന്ന് തുറന്നടിച്ച് ഗവാസ്കര്‍

എന്നാല്‍ ഗംഭീറുമായി എല്ലാക്കാലത്തും വാക് പോരിലേര്‍പ്പെടാറുള്ള പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ മറുപടി വ്യത്യസ്തമായിരുന്നു. ലോകകപ്പ് കഴിഞ്ഞശേഷം ബാബറിനെക്കുറിച്ച് അഭിപ്രായം പറയുന്നതല്ലെ ഉചിതമെന്ന് ചോദിച്ച അഫ്രീദി ഇന്ത്യയും വൈകാതെ നാട്ടില്‍ തിരിച്ചെത്തുമല്ലോ എന്നുകൂടി പറഞ്ഞു.

വിമര്‍ശനങ്ങള്‍ ഉണ്ടാകും. പക്ഷെ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ഉപദേശമാണെങ്കില്‍ ആളുകള്‍ക്ക് മനസിലാവുന്ന രീതിയിലുളള വാക്കുകളാണ് ഉപയോഗിക്കേണ്ടത്. ബാബറിനെ സംബന്ധിച്ചാണെങ്കില്‍ പാക്കിസ്ഥാനുവേണ്ടി നിരവധി മത്സരങ്ങള്‍ ജയിപ്പിച്ച കളിക്കാരനാണ് അദ്ദേഹം. ബാറ്റിംഗില്‍ അദ്ദേഹം പുലര്‍ത്തുന്ന സ്ഥിരത അധികം പാക് ബാറ്റര്‍മാര്‍ക്കൊന്നുമില്ല. എന്നാല്‍ ലോകകപ്പില്‍ അദ്ദേഹം പ്രതീക്ഷക്കൊത്ത് ഉയരാത്തതുകൊണ്ടാവും ഇപ്പോള്‍ വിമര്‍ശനം ഉയരുന്നതെന്നും അഫ്രീദി സാമാ ടിവിയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

click me!