എന്തൊക്കെ സംഭവിച്ചാലും ടീം ഇന്ത്യക്കായി ലോകകപ്പ് നേടണം. എന്നാല്‍ കഴിയുന്ന എല്ലാം ഇതിനായി ചെയ്യും എന്നും പാണ്ഡ്യ.
അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) പുത്തന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്(Gujarat Titans) കിരീടം സമ്മാനിച്ചതിന് പിന്നാലെ തന്‍റെ അടുത്ത ലക്ഷ്യം വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya). ടീം ഇന്ത്യക്കായി(Team India) ലോകകപ്പ് നേടുകയാണ് ഇനി മനസില്‍ എന്ന് ഹാര്‍ദിക് ഐപിഎല്‍ കലാശപ്പോരിന് ശേഷം പറഞ്ഞു. എപ്പോഴും മനസിലുള്ള ആഗ്രഹമാണ് ഇതെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
'എന്തൊക്കെ സംഭവിച്ചാലും ടീം ഇന്ത്യക്കായി ലോകകപ്പ് നേടണം. എന്നാല്‍ കഴിയുന്ന എല്ലാം ഇതിനായി ചെയ്യും. ടീമിന് പ്രാധാന്യം നല്‍കുന്നയാളാണ് ഞാന്‍. ടീം ഏറ്റവും മികച്ച ഫലമുണ്ടാക്കണം എന്നാണ് എപ്പോഴുമുള്ള ആഗ്രഹം. ടീം ഇന്ത്യക്കായി കളിക്കുന്നത് സ്വപ്‌നമാണ്. രാജ്യത്തെ പ്രതിനിധീകരിക്കുന്നത് അഭിമാനമാണ്. എന്തൊക്കെ സംഭവിച്ചാലും ലോകകപ്പ് നേടുകയാണ് ഇപ്പോഴും എപ്പോഴും മനസിലുള്ള ലക്ഷ്യം. നായകനെന്ന നിലയില്‍ ഐപിഎല്‍ കിരീടം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. താരമെന്ന നിലയില്‍ മുമ്പ് നേടിയ നാല് കിരീടങ്ങളും പ്രധാനപ്പെട്ടത് തന്നെയാണ്' എന്നും ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.
2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു. പാണ്ഡ്യ പന്തെറിയും എന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഐപിഎല്ലില്‍ ഓള്‍റൗണ്ട് മികവുമായി ഹാര്‍ദിക് പാണ്ഡ്യ തന്‍റെ കഴിവ് കാട്ടി. ടൂര്‍ണമെന്‍റില്‍ 44.27 ശരാശരിയിലും 131.26 സ്‌ട്രൈക്ക് റേറ്റിലും 487 റണ്‍സ് പാണ്ഡ്യ നേടി. 7.27 ഇക്കോണമിയില്‍ എട്ട് വിക്കറ്റും നേടി. ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ രണ്ടാംപകുതിയില്‍ പന്തെറിയാതിരുന്ന പാണ്ഡ്യ ഫൈനലില്‍ രാജസ്ഥാനെതിരെ 17ന് മൂന്ന് വിക്കറ്റുമായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു.
ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. 45 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലാണ് ടോപ് സ്‌കോറര്‍. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ്: 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ്: 18.1 ഓവറില്‍ 133-3. 35 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഗുജറാത്തിനായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.
IPL 2022 : 'രോഹിത് ശര്‍മ്മയെ പോലെയാണ് ഹാര്‍ദിക് പാണ്ഡ്യ'; വമ്പന്‍ പ്രശംസയുമായി സുനില്‍ ഗാവസ്‌കര്‍