അവന്‍ ചെയ്യുന്നത് സഹീറിലും നെഹ്‌റയിലും മാത്രമേ കണ്ടിട്ടുള്ളൂ; 23കാരന്‍ പേസറെ വാഴ്‌ത്തി വീരേന്ദര്‍ സെവാഗ്

By Jomit Jose  |  First Published May 23, 2022, 2:17 PM IST

ഡെത്ത് ഓവറുകളില്‍ സ്ഥിരമായി പന്തെറിയുന്ന താരം 7.91 ഇക്കോണമി മാത്രമാണ് വഴങ്ങിയത്


മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കുള്ള(IND vs SA T20I) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്ലില്‍(IPL 2022) പഞ്ചാബ് കിംഗ്‌സിനായി(Punjab Kings) തിളങ്ങിയ ഇടംകൈയന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗിന്(Arshdeep Singh) ഇടമുണ്ടായിരുന്നു. ഇപ്പോള്‍ അര്‍ഷ്‌ദീപിന് വലിയ പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). സഹീര്‍ ഖാനെയും(Zaheer Khan) ആശിഷ്‌ നെഹ്‌റയേയും(Ashish Nehra) പോലുള്ള മുന്‍ ബൗളര്‍മാര്‍ ചെയ്‌ത കാട്ടിയ മികവാണ് അര്‍ഷ്‌ദീപ് ആവര്‍ത്തിക്കുന്നതെന്ന് വീരു പറഞ്ഞു. 

'പഞ്ചാബ് കിംഗ്‌സിനായി അവസാന മൂന്നിലെ രണ്ട് ഓവറുകളും എറിഞ്ഞത് അര്‍ഷ്‌ദീപാണ് എന്നതാണ് അദേഹം എന്നെ ആകര്‍ഷിക്കാന്‍ കാരണം. അത്രയധികം വിക്കറ്റുകളുണ്ടായിരിക്കില്ല. എന്നാല്‍ അദേഹത്തിന്‍റെ ഇക്കോണമി മികച്ചതാണ്. ന്യൂ ബോളില്‍ ഒരു ഓവറും ഡെത്തില്‍ രണ്ട് ഓവറുകളുമാണ് അര്‍ഷ്‌ദീപ് എറിയുന്നത്. ഞാനൊക്കെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോള്‍ സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും മാത്രം ചെയ്‌തിരുന്ന കാര്യമാണിത്. ഇപ്പോള്‍ അര്‍ഷ്‌ദീപും ജസ‌്പ്രീത് ബുമ്രയും ഭുവനേശ്വറും ഇങ്ങനെ പന്തെറിയുന്നു. അവസാന ഓവറുകളില്‍ പന്തെറിയുന്നത് വലിയ പ്രയാസമുള്ള ജോലിയാണ്' എന്നും സെവാഗ് ക്രിക്‌ബസിനോട് പറഞ്ഞു. 

Latest Videos

undefined

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 14 മത്സരങ്ങളില്‍ 10 വിക്കറ്റാണ് അര്‍ഷ്‌ദീപ് സിംഗിന്‍റെ സമ്പാദ്യം. ഡെത്ത് ഓവറുകളില്‍ സ്ഥിരമായി പന്തെറിയുന്ന താരം 7.91 ഇക്കോണമി മാത്രമാണ് വഴങ്ങിയത്. കുറഞ്ഞത് 60 പന്തെങ്കിലുമെറിഞ്ഞ പേസര്‍മാരില്‍ മികച്ച രണ്ടാമത്തെ ഇക്കോണമിയാണിത്. ജസ്‌പ്രീത് ബുമ്ര(7.66) മാത്രമേ അര്‍ഷ്‌ദീപിന് മുന്നിലുള്ളൂ. ഇത്തവണ മെഗാതാരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തിയ അപൂര്‍വം അണ്‍ക്യാപ്‌ഡ് താരങ്ങളിലൊരാളാണ് അര്‍ഷ്‌ദീപ്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 8.27 ഇക്കണോമിയില്‍ 18 വിക്കറ്റാണ് താരം വീഴ്‌ത്തിയത്. 19 ആയിരുന്നു ബൗളിംഗ് ശരാശരി. 

ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

IND vs SA : ഇന്ത്യയെ രാഹുല്‍ നയിക്കും, സഞ്ജു പുറത്ത്; ദിനേശ് കാര്‍ത്തികും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തി

click me!