Virat Kohl : ഒരുമാസം ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ കോലി, അവധിക്കാലം കുടുംബത്തോടൊപ്പം- റിപ്പോര്‍ട്ട്

By Adarsh baby  |  First Published Jul 17, 2022, 9:01 AM IST

എതിരാളികളുടെ പേടിസ്വപ്നമായിരുന്നു ഒരു കാലത്ത് വിരാട് കോലി. ഇന്നിപ്പോൾ പ്രതാപകാലത്തിന്‍റെ നിഴൽ പോലുമാകാൻ കഴിയുന്നില്ല ഇന്ത്യൻ മുൻ നായകന്. 


മാഞ്ചസ്റ്റര്‍: മോശം ഫോമിൽ തുടരുന്ന ഇന്ത്യന്‍(Team India) മുന്‍ നായകന്‍ വിരാട് കോലി(Virat Kohli) അടുത്ത ഒരു മാസം ക്രിക്കറ്റിൽ നിന്ന് പൂർണമായും മാറി നിന്നേക്കുമെന്ന് റിപ്പോർട്ടുകൾ. കോലി കുടുംബത്തോടൊപ്പം ലണ്ടനിൽ തുടരുമെന്നാണ് സൂചന. ഫോമിലെത്താത്തതില്‍ കോലിക്കെതിരെ വിമര്‍ശനം ശക്തമാണ്. ഇന്ന് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ഏകദിനം(ENG vs IND 3rd ODI) കിംഗിന് നിര്‍ണായകമാണ്. 

എതിരാളികളുടെ പേടിസ്വപ്നമായിരുന്നു ഒരു കാലത്ത് വിരാട് കോലി. ഇന്നിപ്പോൾ പ്രതാപകാലത്തിന്‍റെ നിഴൽ പോലുമാകാൻ കഴിയുന്നില്ല ഇന്ത്യൻ മുൻ നായകന്. തീ തുപ്പും ബാറ്റുണ്ടായിരുന്ന കോലിക്ക് 2019 നവംബറിന് ശേഷം ഒരു സെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല. ഐപിഎല്ലില്‍, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ, ട്വന്‍റി 20യിൽ, പിന്നാലെ ഏകദിനത്തിലും കോലി പരാജയമായി. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ‍ര്‍ ടീമിന് ബാധ്യതയാവുന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം കാണുന്നത്. ഒക്ടോബർ 16ന് ഓസ്ട്രേലിയയിൽ തുടങ്ങുന്ന ട്വന്‍റി 20 ലോകകപ്പില്‍ കോലി ഫോം വീണ്ടെടുക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. ഇത് കൂടി മുൻകൂട്ടി കണ്ടാണ് ഒരു മാസം ക്രിക്കറ്റിൽനിന്ന് പൂർണമായും വിട്ടുനിൽക്കാൻ കോലി ആലോചിക്കുന്നത്. 

Latest Videos

undefined

ഇംഗ്ലണ്ടിനെതിരായ ഇന്നത്തെ മത്സരത്തിന് ശേഷം കോലി കുടുംബത്തോടൊപ്പം മാറും. ഭാര്യ അനുഷ്കയും മകൾ വാമികയും നിലവിൽ ഇംഗ്ലണ്ടിലുണ്ട്. അമ്മ സരോജുകൂടി ലണ്ടനിലേക്കെത്തും. എല്ലാവരും കൂടി ചേർന്ന് ഒരു മാസം ചെലവഴിക്കുകയാണ് ഉദ്ദേശിക്കുന്നത്. ഒരു മാസത്തെ അവധിക്ക് ശേഷം ഏഷ്യാ കപ്പിന് മുന്നോടിയായി അടുത്ത മാസം അവസാനത്തോടെ ഇന്ത്യൻ ടീമിനൊപ്പം കോലി ചേരും. അവധിക്കാര്യത്തിൽ കോലിയോ ബിസിസിഐയോ സൂചനകൾ പോലും നൽകിയിട്ടില്ല. കുറച്ചുനാൾ ക്രിക്കറ്റിൽനിന്ന് പൂർണമായും മാറിനിന്നാൽ കോലിക്ക് കൂടുതൽ മാനസിക കരുത്തോടെ തിരിച്ചെത്താമെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു.

ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പര ജേതാക്കളെ ഇന്നറിയാം. മാഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നരയ്ക്കാണ് നിർണായകമായ മൂന്നാം ഏകദിനം. ഓവലിൽ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോള്‍ ലോർഡ്സിൽ 100 റണ്‍സിന് ജയിച്ച് ഇംഗ്ലണ്ട് ഒപ്പമെത്തുകയായിരുന്നു. ഇന്ന് മാഞ്ചസ്റ്ററിൽ ജയിക്കുന്നവരെ കാത്തിരിക്കുന്നത് പരമ്പര വിജയം. ഇന്ത്യ ബാറ്റിംഗ് നിരയുടെ കരുത്തുകൂട്ടാൻ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഷാർദുൽ താക്കൂറിനെ ഉൾപ്പെടുത്തിയേക്കും. മറ്റ് മാറ്റത്തിന് സാധ്യതയില്ലെങ്കിലും റൺ കണ്ടെത്താൻ വിഷമിക്കുന്ന വിരാട് കോലിയായിരിക്കും ഇന്നത്തെ മത്സരത്തിലും ശ്രദ്ധാകേന്ദ്രം.  

ENG vs IND : കലിപ്പടക്കാന്‍ കോലി, പരമ്പര ജയിക്കാന്‍ ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിനം ഇന്ന്

click me!