പാക് ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് തന്‍റെ വീട്ടില്‍ പ്രത്യേക വിരുന്ന് സംഘടിപ്പിക്കും എന്ന് വിരാട് കോലി ട്വീറ്റ് ചെയ്‌തോ?
ദില്ലി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാന്‍ ടീം മൂന്ന് ദിവസം മുമ്പ് ഇന്ത്യയിലെത്തിയിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പാക് ടീമിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തിയ പാക് ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് തന്‍റെ വീട്ടില്‍ പ്രത്യേക വിരുന്ന് സംഘടിപ്പിക്കും എന്ന് വിരാട് കോലി ട്വീറ്റ് ചെയ്‌തതായാണ് പറയപ്പെടുന്നത്.
പ്രചാരണം
undefined
'നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഊഷ്‌മള സ്വീകരണം. സുഹൃത്തുക്കള്‍ക്ക്, പ്രത്യേകിച്ച് ഷദാബ് ഖാന് എന്‍റെ വീട്ടില്‍ പാര്‍ട്ടിയൊരുക്കും. നിങ്ങള്‍ എല്ലാവരെയും ഇഷ്‌ടപ്പെടുന്നു. സ്നേഹവും സന്തോഷവും എപ്പോഴും വിതറുക' എന്നുമാണ് വിരാട് കോലിയുടെ ചിത്രവും പേരുമുള്ള അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റിലുള്ളത്. ലോകകപ്പിനായി ഹൈദരാബാദില്‍ വിമാനമിറങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക് വരുന്നതിന്‍റെ വീഡിയോയും ട്വീറ്റിനൊപ്പമുണ്ട്. ക്യാപ്റ്റന്‍ ബാബര്‍ അസം, ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍, സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി തുടങ്ങിയവരെയെല്ലാം വീഡിയോയില്‍ കാണാം. 13 ലക്ഷം പേര്‍ ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. 2023 സെപ്റ്റംബര്‍ 27-ാം തിയതിയായിരുന്നു ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
I warmly Welcome Pakistan Cricket Team on their arrival in my country after a long time period of 7 years, I will host a party for my friends specially for Shadab at my house 🤗 Love you all, always spread love and joy❣️💕 pic.twitter.com/dLwQo17LOq
— Virat Kohli (@amiVkohli)വസ്‌തുത
എന്നാല്‍ പ്രചരിക്കുന്ന ട്വീറ്റ് വിരാട് കോലിയുടെ അക്കൗണ്ടില്‍ നിന്നുള്ളതല്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ ബോധ്യമായി. കോലിയുടെയും ഭാര്യ അനുഷ്‌ക ശര്‍മ്മയുടേയും ചിത്രം ട്വീറ്റിലെ ഡിപിയായി കാണാമെങ്കിലും ട്വീറ്റില്‍ ബ്ലൂ ടിക്ക് കാണാത്തത് സംശയമായി. വിശദമായി പരിശോധിച്ചപ്പോള്‍ ഈ അക്കൗണ്ട് കോലിയുടെ ആരാധകരില്‍ ആരോ സൃഷ്ടിച്ച പാരഡി അക്കൗണ്ടാണ് എന്ന് ബോധ്യപ്പെട്ടു. Virat Kohli official Twitter എന്ന കീവേഡ് ഉപയോഗിച്ച് അദേഹത്തിന്‍റെ വെരിഫൈഡ് അക്കൗണ്ട് കണ്ടെത്തി അതില്‍ വിശദമായി പരിശോധിച്ചെങ്കിലും സെപ്റ്റംബര്‍ 27-ാം തിയതി ഇങ്ങനെയൊരു ട്വീറ്റ് വന്നതായി കണ്ടെത്താനായില്ല. കോലിയുടെ ഔദ്യോഗിക ട്വിറ്ററില്‍ ഈ വീഡിയോയോ പാക് താരങ്ങള്‍ക്ക് വീട്ടില്‍ വിരുന്ന് നല്‍കുമെന്നതായുള്ള പ്രഖ്യാപനമോ ഇല്ല.
പാരഡി ട്വിറ്റര്‍ അക്കൗണ്ട്- സ്ക്രീന്‍ഷോട്ട്
കോലിയുടെ പാരഡി അക്കൗണ്ടിന്‍റെ യൂസര്‍നെയിം @amiVkohli എന്നാണെങ്കില്‍ വെരിഫൈഡ് അക്കൗണ്ടിന്‍റേത് എന്നാണ്. ഇതും വീഡിയോ പ്രചരിക്കുന്നത് കോലിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നല്ല എന്ന് തെളിയിക്കുന്നു.
കോലിയുടെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട്
നിഗമനം
പാകിസ്ഥാന്‍ താരങ്ങള്‍ക്ക് തന്‍റെ വസതിയില്‍ വിരുന്നൊരുക്കുമെന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി പറഞ്ഞുവോ? പ്രത്യേകിച്ച് ഷദാബ് ഖാന് പാര്‍ട്ടി നല്‍കുമെന്ന് പറഞ്ഞുള്ള ട്വീറ്റ് വിരാട് കോലി ചെയ്തോ? ഇല്ല എന്നതാണ് വസ്‌തുത. ഇപ്പോള്‍ പാക് താരങ്ങളുടെ വീഡിയോ സഹിതം പ്രത്യക്ഷപ്പെട്ടിരിക്കുന്ന ട്വീറ്റ് വിരാട് കോലിയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നല്ല, പാരഡി അക്കൗണ്ടില്‍ നിന്നാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ തെളിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം