ആയിരത്തിലേറെ ദിവസമായി ശതകം കഴിയാത്തതിന്‍റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്ന വിരാട് കോലി ഏഷ്യാ കപ്പിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു
മൊഹാലി: ടി20 ലോകകപ്പില്‍ വിരാട് കോലി ഇന്ത്യയുടെ മൂന്നാം ഓപ്പണറായിരിക്കുമെന്ന് വ്യക്തമാക്കി നായകന്‍ രോഹിത് ശർമ്മ. ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായാണ് ഹിറ്റ്മാന്‍റെ വാക്കുകള്‍. എന്നാല്‍ തനിക്കൊപ്പം കെ എല്‍ രാഹുല്‍ സ്ഥിരം ഓപ്പണറായി തുടരുമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.
'ടീമില്‍ ഓപ്ഷനുകള്‍ ലഭിക്കുന്നത് എപ്പോഴും നല്ലതാണ്. പ്രത്യേകിച്ച് ഒരു ടൂർണമെന്‍റിന് പോകുമ്പോള്‍. അത്തരമൊരു സന്തുലിതാവസ്ഥ ടീമിന് വേണം. മൂന്നാം ഓപ്പണറെ എടുക്കാത്ത സാഹചര്യത്തില്‍ തീർച്ചയായും കോലിക്ക് ആ റോളില്‍ എത്താനാകും. തന്‍റെ ഫ്രാഞ്ചൈസിക്കായി കോലി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ആ റോള്‍ മനോഹരമായി ചെയ്തിട്ടുമുണ്ട്. അതിനാല്‍ കോലി ടീമിന് ഒരു ഓപ്ഷനാണ്.
undefined
ഞാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരുന്നു. കുറച്ച് മത്സരങ്ങളില്‍ ആവശ്യമെങ്കില്‍ വിരാട് കോലിയെ ഓപ്പണ്‍ ചെയ്യിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നമ്മള്‍ കോലിയെ ഓപ്പണറായി കണ്ടതാണ്. അദ്ദേഹത്തിന്‍റെ പ്രകടനത്തില്‍ സന്തുഷ്ടരാണ്. എങ്കിലും പരീക്ഷണത്തിനില്ല. കെ എല്‍ രാഹുല്‍ തന്നെയായിരിക്കും നമ്മുടെ ഓപ്പണർ. ഒന്നോ രണ്ടോ മോശം മത്സരങ്ങള്‍ അദ്ദേഹത്തിന്‍റെ മികച്ച റെക്കോർഡ് ഇല്ലാതാക്കുന്നില്ല. കെ എല്‍ ടീമിന് നല്‍കുന്നത് എന്താണെന്ന് നമുക്കറിയാം. അദ്ദേഹത്തിന്‍റെ സാന്നിധ്യം മുന്‍നിരയില്‍ അനിവാര്യമാണ്' എന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.
ആയിരത്തിലേറെ ദിവസമായി ശതകം കഴിയാത്തതിന്‍റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്ന വിരാട് കോലി ഏഷ്യാ കപ്പിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. അവസാന സൂപ്പർ ഫോർ മത്സരത്തില്‍ അഫ്ഗാനെതിരെ കോലി ശതകം കണ്ടെത്തുകയായിരുന്നു. അഫ്ഗാനെതിരെ ഓപ്പണറായി ഇറങ്ങിയ കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122 റണ്‍സെടുത്തു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമായിരുന്നു ഇത്. ഏഷ്യാ കപ്പില്‍ 92 ശരാശരിയിലും 147.59 സ്ട്രൈക്ക് റേറ്റിലും കോലി 276 റണ്‍സ് നേടിയാണ് കോലി ഓസ്ട്രേലിയക്കെതിരെ ഇറങ്ങുക.
ബുമ്രയുടെ ഫിറ്റ്‌നസില്‍ ആര്‍ക്കും സംശയം വേണ്ടാ; എതിരാളികള്‍ കരുതിയിരുന്നോ- വീഡിയോ