നാലിൽ 3 ഇന്ത്യക്കാര്‍, ഷമി വിയര്‍ക്കും; മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള താരപട്ടികയായി, മാക്‌സ്‍വെല്‍ പുറത്ത്

By Web Team  |  First Published Jan 5, 2024, 8:01 AM IST

ഷമി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനായി മാറിയപ്പോള്‍ കോലിയായിരുന്നു റണ്‍ സമ്പാദ്യത്തില്‍ മുന്നില്‍


ദുബായ്: ഐസിസിയുടെ 2023ലെ മികച്ച പുരുഷ ഏകദിന ക്രിക്കറ്റര്‍ക്കുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. അന്തിമ പട്ടികയില്‍ ഇടംപിടിച്ച നാലിൽ മൂന്ന് പേരും ഇന്ത്യക്കാരാണ്. എന്നാല്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഐതിഹാസിക ഇരട്ട സെഞ്ചുറി നേടിയ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ചുരുക്ക പട്ടികയില്‍ എത്താനായില്ല.

കഴിഞ്ഞ വര്‍ഷം (2023) ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ നാല് താരങ്ങളുടെ ചുരുക്ക പട്ടികയാണ് ഐസിസി പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ ഓപ്പണര്‍ ശുഭ്മാൻ ഗിൽ, റണ്‍മെഷീന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ന്യൂസിലൻഡ് താരം ഡാരിൽ മിച്ചല്‍ ലിസ്റ്റിൽ ഇടംപിടിച്ചു. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വിസ്‌മയാവഹമായ ബൗളിംഗ് പ്രകടനമാണ് ഷമിയെ അന്തിമ പട്ടികയില്‍ എത്തിച്ചത്. ഷമി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനായി മാറിയപ്പോള്‍ കോലിയായിരുന്നു റണ്‍ സമ്പാദ്യത്തില്‍ മുന്നില്‍. 

Latest Videos

ആകെ 19 മത്സരങ്ങളിൽ നിന്ന് 43 വിക്കറ്റുകള്‍ മുഹമ്മദ് ഷമി 2023ൽ വീഴ്ത്തി. ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ന്യൂസിലൻഡിനെതിരെ 57 റണ്‍സ് വഴങ്ങി 7 വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 29 ഇന്നിംഗ്സിൽ അഞ്ച് സെഞ്ചുറിയും 9 അര്‍ധസെഞ്ചുറിയും ഉൾപ്പടെ 1584 റണ്‍സാണ് കഴിഞ്ഞ വര്‍ഷം ശുഭ്മാൻ ഗിൽ നേടിയത്. ന്യൂസിലൻഡിനെതിരായ 208 ആണ് മികച്ച സ്കോര്‍. വിരാട് കോലിയാവട്ടെ 27 മത്സരങ്ങളിൽ നിന്നായി നേടിയത് ആറ് സെഞ്ചുറിയും 8 അര്‍ധസെഞ്ചുറിയും ഉൾപ്പടെ 1377 റണ്‍സും. അതേസമയം ന്യൂസിലൻഡ് താരമായ ഡാരിൽ മിച്ചൽ 26 മത്സരങ്ങളിൽ നിന്ന് 5 സെഞ്ചുറിയും 3 അര്‍ധസെഞ്ചുറിയും ഉൾപ്പടെ 1204 റണ്‍സ് സ്വന്തമാക്കി. 

ഓസ്ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്നര്‍, ഇംഗ്ലണ്ടിന്‍റെ നതാലി സ്കീവര്‍ ബ്രണ്ട്, ന്യൂസിലൻഡിന്‍റെ അമേലി കേര്‍, ശ്രീലങ്കയുടെ ചമരി അട്ടപ്പെട്ടു എന്നിവരാണ് മികച്ച വനിത ഏകദിന താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചവര്‍. 

Read more: രഞ്ജി ട്രോഫി: യുപിയെ ആലപ്പുഴയില്‍ മെതിക്കാന്‍ കേരളം, സഞ്ജു സാംസണ്‍ ഇറങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!