ഐപിഎല്ലില്‍ കിരീടം നേടണമെങ്കില്‍ വിരാട് കോലി ആര്‍സിബി വിട്ട് ആ ടീമില്‍ ചേരണം, തുറന്നു പറഞ്ഞ് പീറ്റേഴ്സണ്‍

By Web Team  |  First Published May 23, 2024, 3:42 PM IST

ഫുട്ബോളിലെ ഇതിഹാസങ്ങളായ ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹാരി കെയ്ന്‍ തുടങ്ങിയ താരങ്ങളെപ്പോലെ കോലിയും പുതിയ ചക്രവാളം തേടി പോകേണ്ട സമയമായി


അഹമ്മദാബാദ്: ഐപിഎല്ലില്‍ കിരീടം നേടണമെങ്കില്‍ വിരാട് കോലി ആര്‍സിബി വിടേണ്ടിവരുമെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. ഐപിഎല്‍ എലിമിനേറ്ററില്‍ ആര്‍സിബി,രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് പീറ്റേഴ്സന്‍റെ കമന്‍റ്.

ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്, ഇനിയും അത് പറയും. സ്പോര്‍ട്സിലെ ഇതിഹാസങ്ങളെല്ലാം തങ്ങളുടെ ടീം വിട്ട് മറ്റു ടീമുകളില്‍ പോയി വിജയം നേടിയവരാണ്. വിരാട് കോലി ഇത്തവണയും കഠിനമായി ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന് വീണ്ടുമൊരു ഓറഞ്ച് ക്യാപ് മാത്രമാണ് ലഭിച്ചത്. ടീമിനായി എല്ലാം കൊടുത്തിട്ടും ടീം പരാജയപ്പെട്ടു. കോലിയെന്ന ബ്രാന്‍ഡിന്‍റെ മൂല്യവും അത് ടീമിന് നല്‍കുന്ന പരസ്യവുമെല്ലാം ഞാന്‍ മനസിലാക്കുന്നു. പക്ഷെ അതൊക്കെ പറയുമ്പോഴും വിരാട് കോലി ഒരു ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നുണ്ട്. കിരീടം നേടാന്‍ കെല്‍പ്പുള്ള ഒരു ടീമില്‍ അതിനായി അദ്ദേഹം കളിക്കേണ്ടിയിരിക്കുന്നു-പീറ്റേഴ്സണ്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

Latest Videos

ഐപിഎല്ലില്‍ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത റെക്കോർ‍‍ഡുമായി കോലി, രാജസ്ഥാനായി റെക്കോർഡിട്ട് ചാഹല്‍

ഫുട്ബോളിലെ ഇതിഹാസങ്ങളായ ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹാരി കെയ്ന്‍ തുടങ്ങിയ താരങ്ങളെപ്പോലെ കോലിയും പുതിയ ചക്രവാളം തേടി പോകേണ്ട സമയമായി. ഡല്‍ഹിയിലാണ് വിരാട് കോലിയുടെ വേരുകള്‍. അതുകൊണ്ടുതന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തിന് തെരഞ്ഞെടുക്കാവുന്ന മികച്ച ടീമാണ്. അവിടെയാണെങ്കില്‍ കോലിക്ക് എന്നും വീട്ടില്‍ പോയിവരികയും ചെയ്യാം. കോലിക്ക് ഡല്‍ഹിയില്‍ വീടുള്ള കാര്യം എനിക്കറിയാം. കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവിടാനും ഇതിലൂടെ കോലിക്കാവും. കോലി ശരിക്കുമൊരു ഡല്‍ഹി ബോയ് ആണ്. പിന്നെ എന്തുകൊണ്ട് തിരിച്ചുപോയിക്കൂടാ. ഡല്‍ഹിയും ബെംഗലൂരുവിനെപ്പോലെ കിരീടം കൊതിക്കുന്നൊരു ടീമാണ്.

'ചെന്നൈയെ വീഴ്ത്തിയതുകൊണ്ട് മാത്രം കിരീടം നേടാനാവില്ല', തോൽവിക്ക് പിന്നാലെ ആർസിബിയെ പരിഹസിച്ച് അംബാട്ടി റായുഡു

കാലമാണ് എല്ലാത്തിനും മറുപടി പറയേണ്ടത്. മെസി പോയി, ബെക്കാം പോയി, റൊണാള്‍ഡോ പോയി, ഹാരി കെയ്ന്‍ എല്ലാം എല്ലാമായ ടോട്ടനം വിട്ട് ബയേണ്‍ മ്യൂണിക്കിലേക്ക് പോയി, അതുകൊണ്ട് കോലിയും പോകുന്നതില്‍ തെറ്റില്ലെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ഇന്നലെ നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറിലാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!