വെല്ലുവിളിച്ചെത്തിയ പാകിസ്ഥാനെ തല്ലിച്ചതച്ച സച്ചിൻ, 2015ൽ ആദ്യ അടി കൊടുത്ത കോലി, 2019ൽ രോഹിത്; ഇത്തവണ ആര്

By Web Team  |  First Published Oct 13, 2023, 12:47 PM IST

ലോകകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടമാണ് അന്ന് സച്ചിന് രണ്ട് റണ്‍സകലെ നഷ്ടമായത്. ആ നേട്ടത്തിനായി ഇന്ത്യ പിന്നെയും കാത്തിരുന്നു. 2015ലോകകപ്പ് വരെ. ഇതിനിടെ 2007ല്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍ ഇന്ത്യ-പാക് പോരാട്ടമുണ്ടായില്ല. 2011ലാകട്ടെ സച്ചിന്‍ 85 റണ്‍സില്‍ വീണു.


അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടങ്ങളിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു 2003ല്‍ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനില്‍ നടന്ന ഇന്ത്യ-പാക് പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ സയ്യിദ് അന്‍വറുടെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സടിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറി. കാരണം ലക്ഷ്യം മറികടക്കാന്‍ എതിരിടേണ്ടത് വസീം അക്രവും വഖാര്‍ യൂനിസും ഷൊയൈബ് അക്തറും അബ്ദുള്‍ റസാഖും അടങ്ങുന്ന പാക് പേസ് നിരയെ ആയിരുന്നു. എന്നാല്‍ ആശങ്കക്ക് അധികം ആയുസുണ്ടായില്ല.

ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാനെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും ചേര്‍ന്ന് ഇന്ത്യയെ തകര്‍ക്കുമെന്ന് മത്സരത്തിന് മുമ്പ് വീമ്പിളക്കിയ ഷൊയൈബ് അക്തറെ തെരഞ്ഞുപിടിച്ച് തല്ലിപരത്തിയപ്പോള്‍ ഇന്ത്യ ആറോവറില്‍ 53ല്‍ എത്തി. എന്നാല്‍ സെവാഗിനെയും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി വഖാര്‍ യൂനിസ് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ ഇന്ത്യ ഒന്ന് ഞെട്ടിയെങ്കിലും അടിച്ചു തകര്‍ത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആശങ്കകളെ ബൗണ്ടറി കടത്തി. 75 പന്തില്‍ 98 റണ്‍സടിച്ച സച്ചിന്‍ അര്‍ഹിച്ച സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ ഷൊയൈബ് അക്തറിന്‍റെ പന്തില്‍ വീണെങ്കിലും കൈഫും യുവരാജും ദ്രാവിഡും ചേര്‍ന്ന് ഇന്ത്യയെ വിജയതീരമണച്ചു.

Latest Videos

undefined

ഇമ്രാൻ ഖാനും അക്രവും അഫ്രീദിയും ശ്രമിച്ചിട്ടും ഇന്ത്യയെ വീഴ്ത്താനായിട്ടില്ല, ബാബറിന് മുന്നിൽ വലിയ വെല്ലുവിളി

ലോകകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടമാണ് അന്ന് സച്ചിന് രണ്ട് റണ്‍സകലെ നഷ്ടമായത്. ആ നേട്ടത്തിനായി ഇന്ത്യ പിന്നെയും കാത്തിരുന്നു. 2015ലോകകപ്പ് വരെ. ഇതിനിടെ 2007ല്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍ ഇന്ത്യ-പാക് പോരാട്ടമുണ്ടായില്ല. 2011ലാകട്ടെ സച്ചിന്‍ 85 റണ്‍സില്‍ വീണു.

2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ വിരാട് കോലിയാണ് പാകിസ്ഥാനെതിരെ ഇന്ത്യക്കായി ആദ്യ സെഞ്ചുറി നേടിയത്. 126 പന്തില്‍ 107 റണ്‍സായിരുന്നു കോലിയുടെ നേട്ടം. കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ശര്‍മ കോലിയുടെ നേട്ടം ആവര്‍ത്തിച്ചു. 113 പന്തില്‍ 140 റണ്‍സടിച്ചാണ് ഹിറ്റ്മാന്‍ കരുത്തുകാട്ടിയത്. കോലി ആ മത്സരത്തില്‍ 77 റണ്‍സടിച്ചിരുന്നു.

'ആദ്യം ഞാനെന്‍റെ അമ്മയെ കാണട്ടെ, പാകിസ്ഥാനെതിരായ പോരാട്ടമെല്ലാം അതിനുശേഷം'; മനസു തുറന്നു ജസ്പ്രീത് ബുമ്ര

നാളെ പാകിസ്ഥാനെതിരെ വീണ്ടുമൊരു ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ആരാകും ഇന്ത്യക്കായി സെഞ്ചുറി നേട്ടം ആവര്‍ത്തിക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശുഭ്മാന്‍ ഗില്ലോ, കെ എല്‍ രാഹുലോ ശ്രേയസ് അയ്യരോ ഇനി വിരാട് കോലി തന്നെയാകുമോ എന്നറിയാന്‍ അരാധകര്‍ കാത്തിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!