വിജയ് മെർച്ചന്‍റ് ട്രോഫി: മധ്യപ്രദേശിനെതിരെ തകര്‍ന്നടിഞ്ഞ് കേരളം, കൂറ്റന്‍ തോല്‍വി

By Asianet Malayalam  |  First Published Dec 30, 2024, 10:07 PM IST

മധ്യപ്രദേശ് ഉയര്‍‍ത്തിയ 254 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 63 റൺസിന് ഓൾ ഔട്ടായി.


ലക്നൗ: പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മെർച്ചന്‍റ് ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ തോല്‍വി.190 റൺസിനാണ് മധ്യപ്രദേശ് കേരളത്തെ തകര്‍ത്തത്. മധ്യപ്രദേശ് ഉയര്‍‍ത്തിയ 254 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 63 റൺസിന് ഓൾ ഔട്ടായി. സ്കോര്‍ മധ്യപ്രദേശ് 151,223-2, കേരളം 121,63.

രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടുകയും രണ്ട് ഇന്നിങ്സുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാന്‍റെ ഓൾ റൗണ്ട് മികവാണ് മധ്യപ്രദേശിന് കൂറ്റന്‍ ജയമൊരുക്കിയത്. രണ്ട് വിക്കറ്റിന് 144 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് തുടർന്ന മധ്യപ്രദേശിന് ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൗഹാൻന്‍റെയും കനിഷ്ക് ഗൌതമിന്‍റെയും ഇന്നിങ്സുകളാണ് കരുത്തായത്. യഷ് വർധൻ 118 റൺസുമായി പുറത്താകാതെ നിന്നപ്പോൾ കനിഷ്ക് 59 റൺസെടുത്തു. 141 പന്തിൽ എട്ട് ഫോറും മൂന്നും സിക്സും അടങ്ങുന്നതായിരുന്നു യഷ് വർധന്‍റെ ഇന്നിങ്സ്.  സ്കോർ രണ്ട് വിക്കറ്റിന് 223 റൺസെന്ന നിലയിൽ നിൽക്കെ മധ്യപ്രദേശ് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

Latest Videos

ഈ വർഷത്തെ ഐസിസി താരമാകാൻ ഇന്ത്യയില്‍ നിന്ന് ഒരേയൊരു പേര്, പുരസ്കാരങ്ങൾക്കായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

തുടർന്ന് 254 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്‍റേത് അവിശ്വസനീയമായ ബാറ്റിങ് തകർച്ചയായിരുന്നു. 21 റൺസെടുത്ത നെവിൻ മാത്രമാണ് കേരള ബാറ്റിംഗ് നിരയിൽ പിടിച്ചു നിന്നത്. മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.  63 റൺസിന് കേരളം ഓൾഔട്ടായി. മധ്യപ്രദേശിന് വേണ്ടി യഷ് വർധൻ സിങ് ചൌഹാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ അഞ്ജേഷ് പാൽ നാലും രാഹുൽ ഗാങ്വാർ ഒരു വിക്കറ്റും വീഴ്ത്തി.നേരത്തെ മധ്യപ്രദേശ് ആദ്യ ഇന്നിംഗ്സില്‍ 151ന് പുറത്തായപ്പോള്‍ കേരളം 121ന് ഓള്‍ ഔട്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!