മൂന്ന് മത്സരങ്ങളില്‍ കേരളത്തിന്‍റെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ബറോഡയോട് തോറ്റ കേരളത്തിന്‍റെ മധ്യപ്രദേശുമായുള്ള രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കേരളത്തിന് രണ്ടാം തോല്‍വി. ഡല്‍ഹിയാണ് കേരളത്തെ 29 റണ്‍സിന് തകര്‍ത്തത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 42.2 ഓവറില്‍ 229 റണ്‍സിന് ഓള്‍ ഔട്ടായി. 90 പന്തില്‍ 90 റണ്‍സെടുത്ത അബ്ദുള്‍ ബാസിതാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി ഇന്ത്യൻ താരം ഇഷാന്ത് ശര്‍മ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളില്‍ കേരളത്തിന്‍റെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ബറോഡയോട് തോറ്റ കേരളത്തിന്‍റെ മധ്യപ്രദേശുമായുള്ള രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ തോല്‍വിയോടെ ഗ്രൂപ്പ് ഇയില്‍ രണ്ട് പോയന്‍റ് മാത്രമുള്ള കേരളം അവസാന സ്ഥാനത്താണ്.
ഡല്‍ഹി ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിന് മുന്നില്‍ കേരളത്തിന് തുടക്കത്തിലെ അടിതെറ്റി. ഓപ്പണറായി ഇറങ്ങിയ ജലജ് സക്സേനയെ(0) ഇഷാന്ത് ശര്‍മ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ബൗള്‍ഡാക്കി. ഓവറിലെ അവസാന പന്തില്‍ ഷോണ്‍ റോജറെ(0) കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഇഷാന്തിന്‍റെ ഇരട്ടപ്രഹരത്തില്‍ നിന്ന് കേരളത്തിന് കരകയറാനായില്ല. രോഹന്‍ കുന്നുമ്മലും അഹമ്മദ് ഇമ്രാനും ചേര്‍ന്ന് സ്കോർ 50 കടത്തിയെങ്കിലും ഇമ്രാനെ(18) വീഴ്ത്തിയ ഹൃത്വിക് ഷൊക്കീന്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ രോഹന്‍ കുന്നുമ്മലിനെ(42) കൂടി പുറത്താക്കി ഹൃത്വിക് ഷൊക്കീന്‍ കേരളത്തിന്‍റെ നടുവൊടിച്ചു. ആദിത്യ സര്‍വാതെയും അബ്ദുള്‍ ബാസിതും ചേര്‍ന്ന് കേരളത്തെ 100 കടത്തിയെങ്കിലും സര്‍വാതെയെ(26) സുമിത് മാഥൂര്‍ വീഴ്ത്തി. പിന്നാലെ മുഹമ്മദ് അസറുദ്ദീനും(1) മടങ്ങിയതോടെ കേരളം 128-6ലേക്ക് കൂപ്പുകുത്തി.
undefined
എന്നാല്‍ ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറിനൊപ്പം(38) സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ അബ്ദുള്‍ ബാസിത് കേരളത്തിന് വിജയപ്രതീക്ഷ നല്‍കി. സ്കോര്‍ 228ല്‍ നില്‍ക്കെ സല്‍മാന്‍ നിസാറിനെ പുറത്താക്കിയ പ്രിന്‍സ് യാദവാണ് കേരളത്തിന്‍റെ പ്രതീക്ഷ തകര്‍ത്തത്. പിന്നാലെ ഷറഫുദ്ദീനെ(0) പ്രിയന്‍സ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പൊരുതി നിന്ന അബ്ദുള്‍ ബാസിതിനെ ഇഷാന്ത് ശര്‍മ ബൗള്‍ഡാക്കിയതോടെ കേരളത്തിന്‍റെ പോരാട്ടം അവസാനിച്ചു. പരിക്കേറ്റ ബേസില്‍ തമ്പി ബാറ്റിംഗിനിറങ്ങിയില്ല. ബേസില്‍ എന്‍ പി(0) പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റൻ ആയുഷ് ബദോനിയുടയെയും(56) അനൂജ് റാവത്തിന്‍റെയും(58*) അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. സുമിത് മാഥൂര്‍ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കേരളത്തിനായി ഷറഫുദ്ദീന്‍ രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക