കേരളം എന്നാ സുമ്മാവാ; മഹാരാഷ്‌ട്രയെ 153 റണ്‍സിന് തോല്‍പിച്ച് വിജയ് ഹസാരെ ക്വാര്‍ട്ടറില്‍

By Web Team  |  First Published Dec 9, 2023, 4:32 PM IST

കേരളത്തെ വിറപ്പിക്കുന്ന തുടക്കമാണ് മഹാരാഷ്‌ട്ര നേടിയത്, ഓപ്പണര്‍മാരായ കൗശല്‍ എസ് താംബെയും ഓം ഭോസലയും കേരള ബൗളര്‍മാരെ ഒട്ടും ബഹുമാനിച്ചില്ല


രാജ്‌കോട്ട്: വിജയ് ഹസാരെ ഏകദിന ട്രോഫിയില്‍ മഹാരാഷ്‌ട്രയുടെ വെല്ലുവിളി മറികടന്ന് കേരള ക്രിക്കറ്റ് ടീം ക്വാര്‍ട്ടറില്‍. 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്‌ട്രയെ 37.4 ഓവറില്‍ 230 റണ്‍സില്‍ ഓള്‍റൗട്ടാക്കി 153 റണ്‍സിന്‍റെ ജയം സ‍ഞ്ജു സാംസണും സംഘവും സ്വന്തമാക്കി. ബാറ്റിംഗില്‍ രോഹന്‍ എസ് കുന്നുമ്മലും കൃഷ്‌ണ പ്രസാദും സെഞ്ചുറി നേടിയപ്പോള്‍ ബൗളിംഗില്‍ ശ്രേയാസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുടെ സ്‌പിന്‍ മികവാണ് കേരളത്തെ തുണച്ചത്. ശ്രേയാസ് 8.4 ഓവറില്‍ 38 റണ്‍സിന് നാലും വൈശാഖ് 9 ഓവറില്‍ 39ന് മൂന്നും വിക്കറ്റ് കീശയിലാക്കി. ബേസില്‍ തമ്പിയും അഖിന്‍ സത്താറും ഓരോ വിക്കറ്റ് നേടി. 

കളി മാറ്റി ബ്രേക്ക് ത്രൂ

Latest Videos

കേരളത്തെ വിറപ്പിക്കുന്ന തുടക്കമാണ് മഹാരാഷ്‌ട്ര നേടിയത്. ഓപ്പണര്‍മാരായ കൗശല്‍ എസ് താംബെയും ഓം ഭോസലയും കേരള ബൗളര്‍മാരെ ഒട്ടും ബഹുമാനിച്ചില്ല. ഈ കൂട്ടുകെട്ട് വലിയ അപകടഭീഷണിയുയര്‍ത്തി നീങ്ങുമ്പോള്‍ 21-ാം ഓവറില്‍ നേരിട്ടുള്ള ത്രോയില്‍ കൗശലിനെ (52 പന്തില്‍ 50) മടക്കി ശ്രേയാസ് ഗോപാല്‍ കേരളത്തിന് ആത്മവിശ്വാസമേകി. 139 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ മഹാരാഷ്‌ട്ര താരങ്ങള്‍ ചേര്‍ത്തത്. ഓം ഭോസലയെ (71 പന്തില്‍ 78) തൊട്ടടുത്ത ഓവറില്‍ ശ്രേയാസ് ഗോപാല്‍, അബ്‌ദുള്‍ ബാസിത്തിന്‍റെ കൈകളില്‍ എത്തിച്ചതോടെ കേരളം മത്സരത്തിലേക്ക് മടങ്ങിയെത്തി. ബേസില്‍ തമ്പിയുടെ അടുത്ത ഓവറില്‍ നായകന്‍ കേദാര്‍ ജാദവിനെ (7 പന്തില്‍ 11) വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ പറക്കും ക്യാച്ചിലും പുറത്താക്കിയതോടെ ശ്വാസം വീണു. അന്‍കിത് ബവാനെയെയും (17 പന്തില്‍ 15) അഖിന്‍ സത്താറിന്‍റെ പന്തില്‍ സഞ്ജു പിടികൂടി. 

പിന്നെ തിരിഞ്ഞുനോട്ടമില്ല

വൈകാതെ സിദ്ധാര്‍ഥ് മഹാത്രേയെയും (16 പന്തില്‍ 17), ആസിം കാസിയെയും 8 പന്തില്‍ 4) വൈശാഖ് ചന്ദ്രന്‍ പറഞ്ഞയച്ചതോടെ കേരളം പിടിമുറുക്കി. 20.1 ഓവറില്‍  139-0 എന്ന നിലയിലായിരുന്ന മഹാരാഷ്ട്ര ഇതോടെ 30.3 ഓവറില്‍ 198-6 എന്ന നിലയില്‍ പരുങ്ങലിലായി. പിന്നീടങ്ങോട്ട് മഹാരാഷ്‌ട്രയുടെ ഇന്നിംഗ്‌സിന് അധികം ആയുസുണ്ടായിരുന്നില്ല. 19 പന്തില്‍ 20 എടുത്ത രാമകൃഷ്‌ണന്‍ ഘോഷിനെ ശ്രേയാസ് ഗോപാലും, പ്രദീപ് ദാദ്ധേയെ ഗോള്‍ഡന്‍ ഡക്കാക്കി വൈശാഖ് ചന്ദ്രനും മടക്കിയതോടെ മഹാരാഷ്‌ട്ര 34.3 ഓവറില്‍ 222-8. നിഖില്‍ നായ്‌ക് (27 പന്തില്‍ 21), മനോജ് ഇന്‍ഗലെ (2 പന്തില്‍ 0) എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കി നാല് വിക്കറ്റ് തികച്ച ശ്രേയാസ് ഗോപാല്‍ കേരളത്തിന് ഗംഭീര ജയം സമ്മാനിച്ചു. 6 പന്തില്‍ 2* റണ്‍സുമായി സോഹന്‍ ജമേല്‍ പുറത്താവാതെ നിന്നു.

കേരളത്തിന് റെക്കോര്‍ഡ് സ്കോര്‍

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 383 എന്ന ഹിമാലയന്‍ സ്കോറിലെത്തി. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോര്‍ഡ്. 

രണ്ട് സെഞ്ചുറി

കേരളത്തിനായി ഓപ്പണര്‍മാരായ  രോഹന്‍ എസ് കുന്നുമ്മല്‍ 83 പന്തിലും കൃഷ്‌ണ പ്രസാദ് 114 പന്തിലും സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ 34.1 ഓവറില്‍ 218 റണ്‍സ് ചേര്‍ത്ത ശേഷം രോഹനാണ് ആദ്യം പുറത്തായത്. രോഹന്‍ കുന്നുമ്മല്‍ 95 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സെടുത്തു. രോഹന്‍ മടങ്ങിയ ശേഷവും തകര്‍ത്തടിച്ച കൃഷ്‌ണ പ്രസാദവട്ടെ 137 പന്തില്‍ 13 ഫോറും 4 സിക്‌സോടെയും 144 റണ്‍സ് പേരിലാക്കി. സഞ്ജു സാംസണ്‍ (25 പന്തില്‍ 29), വിഷ്‌ണു വിനോദ് (23 പന്തില്‍ 43), അബ്‌ദുള്‍ ബാസിദ് (18 പന്തില്‍ 35*), സച്ചിന്‍ ബേബി (2 പന്തില്‍ 1*) എന്നിവരും തിളങ്ങിയതോടെ കേരളം നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 383 റണ്‍സ് എന്ന റെക്കോര്‍ഡ് സ്കോറിലെത്തുകയായിരുന്നു. 

Read more: ഇന്ത്യന്‍ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക് 'ലോട്ടറി'; പണച്ചാക്ക് നിറയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!