പേസും ബൗണ്‍സും മാത്രമല്ല പ്രത്യേകത, ഓസ്‌ട്രേലിയയിലെ ട്വന്‍റി 20 ലോകകപ്പ് വേദികളെ കുറിച്ച് അറിയാനേറെ

By Jomit Jose  |  First Published Oct 18, 2022, 11:03 AM IST

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടങ്ങുന്ന സൂപ്പര്‍-12 മത്സരങ്ങള്‍ നവംബര്‍ 13ന് മെല്‍ബണിന്‍റെ വിശാല മൈതാനത്തെ കലാശപ്പോരോടെയാണ് അവസാനിക്കുക


ബ്രിസ്‌ബേന്‍: പേസും ബൗണ്‍സുമുള്ള പിച്ചുകള്‍, വിശാലമായ ബൗണ്ടറി, ആവേശം നിറഞ്ഞ ഗാലറി... ട്വന്‍റി 20 ഫോര്‍മാറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ടൂര്‍ണമെന്‍റിന് ക്രിക്കറ്റിന്‍റെ മനോഹര നാടുകളിലൊന്നായ ഓസ്‌ട്രേലിയയില്‍ തുടക്കമായിരിക്കുകയാണ്. 16 ടീമുകളാണ് ടി20 ലോകകപ്പിന്‍റെ എട്ടാം എഡിഷനില്‍ അങ്കത്തട്ടിലെത്തുന്നത്. ഗ്രൂപ്പ്, സൂപ്പര്‍-12, നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഏഴ് വേദികളാണ് ആതിഥേയത്വമരുളുക. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടങ്ങുന്ന സൂപ്പര്‍-12 മത്സരങ്ങള്‍ നവംബര്‍ 13ന് മെല്‍ബണിന്‍റെ വിശാല മൈതാനത്തെ കലാശപ്പോരോടെയാണ് അവസാനിക്കുക. 

അഡ്‌ലെയ്‌ഡ് ഓവല്‍, ബ്രിസ്‌ബേനിലെ ദി ഗാബ, ഗീലോങ്ങിലെ കര്‍ഡീനിയ പാര്‍ക്ക്, ഹൊബാര്‍ടിലെ ബെലെറിവ് ഓവൽ, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, പെര്‍ത്ത് സ്റ്റേഡിയം, സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവയാണ് ടി20 ലോകകപ്പിലെ ഏഴ് വേദികള്‍. 

Latest Videos

1. അഡ്‌ലെയ്‌ഡ് ഓവല്‍

ഓസ്‌ട്രേലിയയിലെ മനോഹര സ്റ്റേഡിയങ്ങളിലൊന്നാണ് അഡ്‌ലെയ്‌ഡ് ഓവല്‍. 2013ലെ പുനരുദ്ധാരണത്തിന് ശേഷം അഡ്‌ലെയ്‌ഡ് ഓവലില്‍ 53,500 ആണ് കപ്പാസിറ്റി.  2017ല്‍ ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ആഷസ് ടെസ്റ്റ് നടന്നത് ഇവിടെയാണ്. വിഖ്യാതമായ ബ്രാഡ്‌മാന്‍ കളക്‌ഷന്‍ മ്യൂസിയമാണ് സ്റ്റേഡിയത്തിന്‍റെ പ്രധാന സവിശേഷത. 

2. ഗാബ

പേര് കേള്‍ക്കുമ്പോള്‍ തന്നെ ഗാബയിലെ പേസും ബൗണ്‍സുമാണ് ആരാധകര്‍ക്ക് ഓര്‍മ്മവരിക. 1896 മുതല്‍ ക്രിക്കറ്റിന് വേദിയാവുന്ന ഗാബ എല്ലാ ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ക്കും ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങള്‍ക്കും അരങ്ങാണ്. പേസും ബൗണ്‍സും നിറഞ്ഞ ഇവിടുത്തെ പിച്ചുതന്നെ ഏറ്റവും സവിശേഷം. സന്ദര്‍ശക ടീമുകള്‍ക്ക് ബൗണ്‍സര്‍ കെണിയൊരുക്കുന്ന പിച്ച് എന്നതാണ് ഗാബയുടെ വിശേഷണം. 

3. കര്‍ഡീനിയ പാര്‍ക്ക്

വിക്‌ടോറിയയിലെ മനോഹര സ്റ്റേഡിയങ്ങളിലൊന്നാണ് കര്‍ഡീനിയ പാര്‍ക്ക്. 1941ല്‍ തുടക്കമായ സ്റ്റേഡിയം ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പ്രധാന വേദികളിലൊന്ന് കൂടിയാണ്. സമീപ വര്‍ഷങ്ങളില്‍ ബിഗ് ബാഷ്, രാജ്യാന്തര ടി20 മത്സരങ്ങള്‍ എന്നിവയ്ക്ക് വേദിയായി. മുപ്പതിനായിരത്തിലധികമാണ് കര്‍ഡീനിയ പാര്‍ക്കിലെ കപ്പാസിറ്റി. 

4. ബെലെറിവ് ഓവൽ

ഹൊബാര്‍ടിന്‍റെ സവിശേഷതകളിലൊന്നായ സ്റ്റേഡിയമാണ് ബെലെറിവ് ഓവൽ. ആദ്യ ഔദ്യോഗിക മത്സരത്തിന് 1914ല്‍ വേദിയായി. പിന്നീട് പലതരത്തിലുള്ള പരിഷ്‌കാരങ്ങള്‍ സ്റ്റേഡിയത്തിലുണ്ടായി. നിലവില്‍ 20,000 ആരാധകര്‍ക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാവുക. 2015 ഐസിസി ലോകകപ്പ് വേളയില്‍ ഇവിടെ ആരംഭിച്ച റിക്കി പോണ്ടിംഗ് സ്റ്റാന്‍ഡ് ശ്രദ്ധേയം. നിലവില്‍ ആഭ്യന്തര-രാജ്യാന്തര മത്സരങ്ങളുടെ വേദി. 

5. എംസിസി

ലോര്‍ഡ്‌സ് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ചര്‍ച്ചയായ വേദി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്(എംസിസി) ആവും. 1853 മുതല്‍ മത്സരങ്ങള്‍ നടക്കുന്ന ഇവിടെ നിലവില്‍ ഒരു ലക്ഷത്തിലേറെ ആരാധകര്‍ക്ക് പ്രവേശിക്കാനാകും. ഒളിംപിക്‌സ്, കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ക്കും വേദിയായ ഇവിടെയാണ് ടെസ്റ്റ് ക്രിക്കറ്റ് പിറന്നത്(1877). 1971ല്‍ ഏകദിന ക്രിക്കറ്റിനും ആദ്യമായി എംസിസി വേദിയായി. ഇത്തവണത്തെ ലോകകപ്പില്‍ ഫൈനലിന്‍റെ വേദി കൂടിയാണിവിടം. 

6. പെര്‍ത്ത് 

60,000 സീറ്റിംഗ് കപ്പാസിറ്റിയുള്ള മള്‍ട്ടി-പര്‍പ്പസ് സ്റ്റേഡിയമാണ് പെര്‍ത്ത്. 2018 ജനുവരി 21നാണ് സ്റ്റേഡിയം ഔദ്യോഗികമായി തുറന്നുകൊടുത്തത്. ഓസ്ട്രേലിയയിലെ വലിയ മൂന്നാമത്തെ സ്റ്റേഡിയം എന്ന പ്രത്യേകതയുണ്ട്. ക്രിക്കറ്റിന് പുറമെ ഫുട്ബോള്‍, റഗ്‌ബി മത്സരങ്ങള്‍ക്ക് ഇവിടം വേദിയാണ്. 

7. സിഡ്‌നി

150ലേറെ വര്‍ഷങ്ങളുടെ ചരിത്രമുള്ള സ്റ്റേഡിയം. ലോകത്തെ പ്രധാനപ്പെട്ട ക്രിക്കറ്റ് മൈതാനങ്ങളിലൊന്നാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്(എസ്‌സി‌ജി). ന്യൂസൗത്ത് വെയ്‌ല്‍സ് ബ്ലൂ, സിഡ്‌നി സിക്‌സേര്‍സ് ടീമുകളുടെ ഹോം വേദി. ഓസ്ട്രേലിയയിലെ ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ സുപ്രധാന വേദിയാണിത്.  

പ്രഥമ കിരീടം ഇന്ത്യക്ക്, പിന്നീട് നിരാശയുടെ ലോകകപ്പുകള്‍; ഇതുവരെയുള്ള ടി20 ലോകകപ്പ് ചരിത്രം വിശദമായി

click me!