ഇന്ത്യ തോല്‍വിയെ കുറിച്ച് ചിന്തിക്കവേണ്ട! സമനില ആയാല്‍? ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

By Web Desk  |  First Published Dec 29, 2024, 7:48 PM IST

മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ ഇന്ത്യക്ക് സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റ് എന്തായാലും ജയിക്കേണ്ടി വരും.


മെല്‍ബണ്‍: ഇന്ത്യ - ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. മെല്‍ബണില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പതിന് 228 എന്ന നിലയിലാണ് ഓസീസ്. ഇപ്പോള്‍ തന്നെ അവര്‍ക്ക് 333 റണ്‍സ് ലീഡായി. സ്‌കോട്ട് ബോളണ്ട് (10), നതാന്‍ ലിയോണ്‍ (41) എന്നിവരാണ് ക്രീസില്‍. അവസാന ദിനം പറ്റുന്നിടത്തോളം സമയം ഓസീസ് സഖ്യം ബാറ്റ് ചെയ്യുമായിരിക്കും. 350 റണ്‍സ് ലീഡായിരിക്കും ലക്ഷ്യം. അങ്ങനെ വന്നാല്‍ മത്സരം ജയിക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായാരിക്കും. പിന്നീട് സമനിലയ്ക്ക് വേണ്ടി കളിക്കേണ്ടി വരും. ഒരു തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ തുലാസിലാക്കും.

ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം. മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ ഇന്ത്യക്ക് സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റ് എന്തായാലും ജയിക്കേണ്ടി വരും. മാത്രമല്ല, ഓസ്‌ട്രേലിയ വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കുന്ന രണ്ട് ടെസ്റ്റുകളും ജയിക്കാനും പാടില്ല. ഇനി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 1-1 സമനിലയില്‍ അവസാനിച്ചാലും ഇന്ത്യക്ക് നേരിയ സാധ്യതയുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്ക 1-0ത്തിന് പരമ്പര സ്വന്തമാക്കണമെന്ന് മാത്രം. ഇനി 2-0ത്തിന് ശ്രീലങ്ക ജയിച്ചാല്‍ അവരും ഫൈനലിലെത്താന്‍ സാധ്യത ഏറെയാണ്.

Latest Videos

മറ്റു ടീമുകളുടെ ആശ്രയമില്ലാതെ ഫൈനല്‍ കളിക്കണമെങ്കില്‍ ഇന്ത്യ മെല്‍ബണിലും സിഡ്‌നിയിലും ജയിക്കണം. പരമ്പര 3-1ന് സ്വന്തമാക്കായില്‍ ഇന്ത്യക്ക് ഫൈനലിലെത്താം. 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയാലും ഫൈനലിലെത്താനുള്ള വഴിയുണ്ട്. അപ്പോള്‍, ശ്രീലങ്കന്‍ പര്യടനത്തില്‍ ഓസ്ട്രേലിയ ഒരു മത്സരം തോല്‍ക്കണം. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് 55.88 പോയിന്റ് ശതമാനമാണുള്ളത്. ഒമ്പത് ജയവും ആറ് തോല്‍വിയും രണ്ട് സമനിലയും അക്കൗണ്ടില്‍. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്. 15 മത്സങ്ങളില്‍ ഒമ്പത് ജയമാണ് ഓസീസിന്. നാലെണ്ണം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചു. 58.89 പോയിന്റ് ശതമാനവും ഓസീസിനുണ്ട്. 

'ബുമ്രയോട് ഒരോവര്‍ കൂടി എറിയാന്‍ ആവശ്യപ്പെട്ട് രോഹിത്, വയ്യെന്ന് ബുമ്ര'; ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനം

ലോര്‍ഡ്‌സിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. പാകിസ്ഥാനെ ആദ്യ ടെസ്റ്റില്‍ തോല്‍പ്പിച്ചതോടെ ദക്ഷിണാഫ്രി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായിരുന്നു. ഇന്ന് സെഞ്ചൂറിയനില്‍ അവസാനിച്ച മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 148 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. 40 റണ്‍സെടുത്ത തെംബ ബവൂമയാണ് ടോപ് സ്‌കോറര്‍. എങ്കിലും കഗിസോ റബാദ (31) - മാര്‍കോ ജാന്‍സന്‍ (16) കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ് ആറ് വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: പാകിസ്ഥാന്‍ 211 & 237, ദക്ഷിണാഫ്രിക്ക 301 & 148.

ഒരു ഘട്ടത്തില്‍ എട്ടിന് 99 എന്ന നിലയിലേക്ക് വീണിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് രണ്ട് വിക്കറ്റ് മാത്രം കയ്യിലിരിക്കെ 49 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റബാദ - ജാന്‍സന്‍ സഖ്യം ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു റബാദയുടെ ഇന്നിംഗ്‌സ്. ജാന്‍സന്‍ മൂന്ന് ഫോറുകള്‍ കണ്ടെത്തി.

click me!