2000ല്‍ കൊച്ചിയില്‍ കളിച്ചതിന്‍റെ അനുഭവം കാലിസ് പങ്കുവെച്ചു, കേരളത്തില്‍ മികച്ച കരുതലാണ് ലഭിച്ചതെന്ന് ഇതിഹാസ താരം
കാര്യവട്ടം: ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്ക് കിരീട സാധ്യതയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസ്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഇരുടീമുകള്‍ക്കും ലോകകപ്പിന് മുന്‍പ് മികച്ച തയ്യാറെടുപ്പിനുള്ള അവസരമാണെന്നും കാലിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാര്യവട്ടത്ത് ഇന്ത്യയും പ്രോട്ടീസും പരമ്പരയിലെ ആദ്യ ടി20യില്‍ ഇന്ന് ഇറങ്ങുന്നതിന് മുന്നോടിയായാണ് കാലിസിന്‍റെ വാക്കുകള്‍.
2000ല്‍ കൊച്ചിയില്‍ കളിച്ചതിന്‍റെ അനുഭവം കാലിസ് പങ്കുവെച്ചു. 'കേരളത്തില്‍ വന്നത് നല്ല അനുഭവമായിരുന്നു. കടുത്ത ചൂടായിരുന്നു. ഞങ്ങള്‍ക്ക് വലിയ കരുതലാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. വരുന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളാണ് അവസാന നാലിലെത്താന്‍ സാധ്യത' എന്നും കാലിസ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവുമായ കാലിസ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിനായി ഇന്ത്യയിലുണ്ട്.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിന്‍റെ സ്ഥാനം. ടെസ്റ്റില്‍ 166 മത്സരങ്ങളില്‍ 13289 റണ്‍സും 292 വിക്കറ്റും 328 ഏകദിനങ്ങളില്‍ 11579 റണ്‍സും 273 വിക്കറ്റും 25 രാജ്യാന്തര ടി20കളില്‍ 666 റണ്‍സും 12 വിക്കറ്റുകളും കാലിസ് നേടി. ഐപിഎല്ലിലൂടെയും ഇന്ത്യന്‍ കാണികള്‍ക്ക് സുപരിചിതനാണ് കാലിസ്. 98 ഐപിഎല്‍ മത്സരങ്ങളില്‍ 2427 റണ്‍സും 65 വിക്കറ്റും സ്വന്തമാക്കി. ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിലേറെ റണ്‍സും 250ലേറെ വിക്കറ്റുമുള്ള ഏക താരമാണ് ജാക്ക് കാലിസ്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.
ധോണി ഇല്ലാതെ എന്ത് ആഘോഷം; കാര്യവട്ടത്ത് ഭീമന്‍ കട്ടൗട്ടുയര്‍ത്തി ആരാധകര്‍, സഞ്ജുവിനും ഇടം