ആശങ്കയകലുന്നു; ബാര്‍ബഡോസില്‍ കുടുങ്ങിയ ടീം ഇന്ത്യ ഇന്ന് നാട്ടിലേക്ക് തിരിച്ചേക്കും

By Web Team  |  First Published Jul 2, 2024, 8:14 AM IST

കനത്ത കാറ്റും മഴയും ബാര്‍ബഡോസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ യാത്രാ പദ്ധതികള്‍ അവതാളത്തിലാക്കുകയായിരുന്നു


 
ബാർബഡോസ്: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് നാട്ടിലേക്ക് മടങ്ങിയേക്കും. ബെറില്‍ ചുഴലിക്കാറ്റിന് അനുബന്ധമായുള്ള കനത്ത മഴ വെല്ലുവിളി സൃഷ്‌ടിച്ച ബാർബഡോസിൽ കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് ഇന്ത്യന്‍ ടീമിന്‍റെ നാട്ടിലേക്കുള്ള യാത്ര ഒരുങ്ങുന്നത്. ടീമിനായി പ്രത്യേക വിമാനം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. 

ടി20 ലോകകപ്പ് പൂര്‍ത്തിയായതും കനത്ത കാറ്റും മഴയും ബാര്‍ബഡോസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ യാത്രാ പദ്ധതികള്‍ അവതാളത്തിലാക്കുകയായിരുന്നു. മൂന്ന് ദിവസമായി ലോക്ക്‌ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടായിരുന്നത്. ബാർബഡോസിൽ നിന്ന് ന്യൂയോ‍ർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യന്‍ ടീമിന്‍റെ യാത്ര മുമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാറ്റഗറി നാലില്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ കാരണം ടീമിന് ഹോട്ടലില്‍ തുടരേണ്ടിവന്നു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ബാര്‍ബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു. ഇതിന് പുറമെ ബാര്‍ബഡോസിലെ വൈദ്യുതിയും കുടിവെള്ള വിതരണവും മുടങ്ങി. തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാം എന്ന് ഇന്ത്യന്‍ സംഘം പ്രതീക്ഷിച്ചുവെങ്കിലും മഴ തുടര്‍ന്നതോടെ വിമാനത്താവളം അടച്ചിരുന്നത് തിരിച്ചടിയായി. 

Latest Videos

undefined

എന്നാല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പുമായി നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിലാവും താരങ്ങളും പരിശീലക സംഘവും ഇന്ന് നാട്ടിലേക്ക് മടങ്ങാന്‍ സാധ്യത. മഴ കുറയുന്നതിന് അനുസരിച്ച് ടീം ബാര്‍ബഡോസിലെ വിമാനത്താവളം വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. ടീമിനൊപ്പമുള്ള എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ജയ് ഷാ അടക്കമുള്ള ബിസിസിഐ ഉന്നതരും ഇന്ത്യന്‍ ടീമിനൊപ്പം ബാര്‍ബഡോസിലുണ്ട്. 

Read more: ചുഴലിക്കാറ്റും കനത്ത മഴയും; ബാര്‍ബഡോസില്‍ കുടുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!