ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ്; പതറാതെ ഇംഗ്ലണ്ട് പര്യടനവുമായി കോലിപ്പട മുന്നോട്ട്

By Web Team  |  First Published Jul 16, 2021, 9:51 AM IST

വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്താണ് ഇന്ത്യന്‍ ക്യാമ്പില്‍ കൊവിഡ് പിടിപെട്ട താരം. ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫ് അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


ലണ്ടന്‍: ക്യാംപിലെ കൊവിഡ് ആശങ്കയ്‌ക്കിടയിലും ഇംഗ്ലണ്ട് പര്യടനവുമായി മുന്നോട്ടുപോകാന്‍ ടീം ഇന്ത്യ. സെലക്‌ടറുമായും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുമായും പരിശീലകന്‍ രവി ശാസ്‌ത്രിയും നായകന്‍ വിരാട് കോലിയും ചര്‍ച്ച നടത്തി. ഓഗസ്റ്റ് നാലാം തിയതിയാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ആരംഭിക്കുന്നത്. 

വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്താണ് ഇന്ത്യന്‍ ക്യാമ്പില്‍ കൊവിഡ് പിടിപെട്ട താരം. ഇതോടെ കൗണ്ടി ഇലവനെതിരെ നടക്കുന്ന സന്നാഹ മത്സരത്തിൽ കെ എല്‍ രാഹുല്‍ കീപ്പറായേക്കും. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫ് അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ ത്രോ ഡൗൺ സ്‌പെഷലിസ്റ്റ് ദയാനന്ത്​ ഗരാനിയാണ് കൊവിഡ് പോസിറ്റീവായത്. ​

Latest Videos

undefined

ഗരാനിയുമായി സമ്പർക്കത്തിലേർപ്പെട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ വൃദ്ധിമാൻ സാഹ, സ്റ്റാൻഡ് ബൈ ഓപ്പണർ അഭിമന്യു ഈശ്വരൻ, ബൗളിംഗ് പരിശീലകൻ ഭരത് അരുൺ എന്നിവര്‍ ഹോട്ടലില്‍ ഐസൊലേഷനിലാണ്. 10 ദിവസം ഐസൊലേഷനിൽ കഴിഞ്ഞശേഷം വീണ്ടും പരിശോധനകൾക്ക് വിധേയരായിട്ടേ ഇവർക്ക് ടീമിനൊപ്പം ചേരാനാകൂ. ഇതോടെ പരിശീലന മത്സരത്തില്‍ ഇവർക്കും പങ്കെടുക്കാനാവില്ല. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം താരങ്ങള്‍ ബയോബബിളിന് പുറത്തായിരുന്നു. ഈ സമയം റിഷഭ് പന്ത് യൂറോ കപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട്-ജർമനി പ്രീ ക്വാര്‍ട്ടര്‍ മത്സരം കാണാന്‍ പോയിരുന്നു. ഇവിടെ വച്ച് കൊവിഡ് പിടിപെട്ടിരിക്കാം എന്നാണ് അനുമാനം. കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ ഇന്ത്യന്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍(പരിക്ക്), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യൂ ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

ഒളിംപിക്‌സ് മെഗാ ക്വിസ്: രണ്ടാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!