താരങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബിസിസിഐ ഉന്നതരും ലോകകപ്പിന് ശേഷം ബാര്‍ബഡോസില്‍ കുടുങ്ങിയിരിക്കുകയാണ്
ബാര്‍ബഡോസ്: ട്വന്‍റി 20 ലോകകപ്പ് കിരീടവുമായി ടീം ഇന്ത്യ നാട്ടിലേക്ക് തിരിച്ചെത്തുന്നത് വീണ്ടും വൈകും. ബാര്‍ബഡോസില്‍ ചുഴലിക്കാറ്റും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യന്‍ ടീമിന്‍റെ മടക്കം വൈകിയത്. ടീം ദില്ലിയില്‍ വ്യാഴാഴ്ച്ച രാവിലെ അഞ്ച് മണിയോടെ മാത്രമേ എത്തുകയുള്ളൂ എന്ന് പുതിയ വിവരം. ബുധനാഴ്ച്ച രാത്രി 8 മണിയോടെ എത്തുമെന്നായിരുന്നു നേരത്തെ വന്നിരുന്ന വിവരങ്ങള്‍. താരങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബിസിസിഐ ഉന്നതരും ലോകകപ്പിന് ശേഷം ബാര്‍ബഡോസില്‍ കുടുങ്ങിയിരിക്കുകയാണ്.
ട്വന്‍റി 20 ലോകകപ്പ് 2024 പൂര്‍ത്തിയായതും കനത്ത കാറ്റും മഴയും ബാര്‍ബഡോസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ യാത്രാ പദ്ധതികള്‍ അവതാളത്തിലാക്കുകയായിരുന്നു. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് ദിവസമായി ലോക്ക്‌ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടായിരുന്നത്. ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യന്‍ ടീമിന്‍റെ യാത്ര മുമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാറ്റഗറി നാലില്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ കാരണം ടീമിന് ഹോട്ടലില്‍ തുടരേണ്ടിവന്നു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ബാര്‍ബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു. ഇതിന് പുറമെ ബാര്‍ബഡോസിലെ വൈദ്യുതിയും കുടിവെള്ള വിതരണവും മുടങ്ങി.
undefined
തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാം എന്ന് ഇന്ത്യന്‍ സംഘം പ്രതീക്ഷിച്ചുവെങ്കിലും മഴ തുടര്‍ന്നത് തിരിച്ചടിയായി. ബാര്‍ബഡോസിലെ വിമാനത്താവളം വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ സംഘം. ചൊവ്വാഴ്‌ച ബാര്‍ബഡോസില്‍ നിന്ന് തിരിക്കാമെന്ന് കരുതിയെങ്കിലും വിമാനത്താവളത്തിലെ സര്‍വീസ് പഴയപടിയാവാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു. ബാര്‍ബഡോസില്‍ കുടുങ്ങിയപ്പോള്‍ മുതല്‍ ടീമിനെ നാട്ടിലെത്തിക്കാന്‍ ബിസിസിഐ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം