കൂടുതല്‍ പരിശീലന മത്സരങ്ങള്‍ വേണം; ദ്രാവിഡിന്‍റെ തന്ത്രം അനുസരിച്ച് ലോകകപ്പ് പ്ലാന്‍ മാറ്റി ടീം ഇന്ത്യ

By Jomit Jose  |  First Published Sep 20, 2022, 11:27 AM IST

ഐസിസിയുടെ വാംഅപ് മത്സരങ്ങള്‍ക്ക് പുറമെ കൂടുതല്‍ പരിശീലന മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള ചര്‍ച്ചകളിലാണ് എന്ന് ബിസിസിഐ പ്രതിനിധി


മൊഹാലി: ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീമിനെ പരമാവധി നേരത്തെ അയക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ട് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടീം ഇന്ത്യക്ക് കൂടുതല്‍ പരിശീലന മത്സരങ്ങള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരുക്കണമെന്നും ദ്രാവിഡിന്‍റെ ആവശ്യത്തിലുണ്ട്. ഒക്ടോബര്‍ 9നാണ് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കുക എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ എങ്കില്‍ ദ്രാവിഡിന്‍റെ ആവശ്യപ്രകരം അഞ്ചാം തിയതി ടീം പറന്നേക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

ഐസിസിയുടെ വാംഅപ് മത്സരങ്ങള്‍ക്ക് പുറമെ കൂടുതല്‍ പരിശീലന മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള ചര്‍ച്ചകളിലാണ് എന്ന് ബിസിസിഐ പ്രതിനിധി ദ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. ദ്രാവിഡിനും സപ്പോര്‍ട്ട് സ്റ്റാഫിനുമൊപ്പം സ്ക്വാഡ് ഒക്ടോബര്‍ അഞ്ചിന് ഓസ്‌ട്രേലിയയിലേക്ക് പോകും എന്നും അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്‍ഡോറില്‍ മൂന്നാം ടി20 നടക്കുന്നതിന്‍റെ തൊട്ടടുത്ത ദിവസമാണിത്. ഒക്ടോബര്‍ 17ന് ന്യൂസിലന്‍ഡിനും 18ന് ഓസ്ട്രേലിയക്കും എതിരെ ഇന്ത്യക്ക് വാം-അപ് മത്സരങ്ങള്‍ ഐസിസി തയ്യാറാക്കിയിട്ടുണ്ട്. 

Latest Videos

കൂടുതല്‍ നെറ്റ് ബൗളര്‍മാരെയും സ്റ്റാന്‍ഡ്-ബൈ താരങ്ങളെയും ടീമിനൊപ്പം അയക്കാന്‍ നിശ്ചയിച്ചതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അടുത്ത മാസം 23-ാം തിയതിയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ലോകകപ്പ് സ്‌ക്വാഡിനെ സീനിയര്‍ സെലക്‌ടര്‍മാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്റ്റാന്‍ഡ് ബൈ താരമായ പേസര്‍ മുഹമ്മദ് ഷമി നിലവില്‍ കൊവിഡ് ബാധിതനാണ്. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.  

മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഏഴാം ടി20 ലോകകപ്പിന്; ന്യൂസിലന്‍ഡ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

click me!