രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ടി20 ക്രിക്കറ്റില്‍ ഫയര്‍-ബാന്‍ഡ് ക്രിക്കറ്റ് കളിക്കുകയാണ് ഇന്ത്യന്‍ ടീമിന്‍റെ ശൈലി
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറക്കാനാഗ്രഹിക്കുന്ന ട്വന്‍റി 20 ലോകകപ്പാണ് കഴിഞ്ഞ വര്‍ഷം(2021) യുഎഇയില്‍ നടന്നത്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ദയനീയ പ്രകടനമാണ് ഇന്ത്യ കാഴ്‌വെച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നീലപ്പട പുറത്താവുകയായിരുന്നു. എന്നാല്‍ ഇക്കുറി രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഏറെ പ്രതീക്ഷകളോടെയാണ് ഇറങ്ങുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടേയും അഭാവവും ഡെത്ത് ഓവര്‍ ബൗളിംഗുമടക്കം ആശങ്കകള്‍ ഏറെയെങ്കിലും ഓസ്ട്രേലിയയിലെ ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതകള്‍ പരിശോധിക്കാം.
രോഹിത്-രാഹുല്‍ സഖ്യം
രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ടി20 ക്രിക്കറ്റില്‍ ഫയര്‍-ബാന്‍ഡ് ക്രിക്കറ്റ് കളിക്കുകയാണ് ഇന്ത്യന്‍ ടീമിന്‍റെ ശൈലി. അതിനാല്‍ത്തന്നെ രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍ സഖ്യം നല്‍കുന്ന തുടക്കം ടീം ഇന്ത്യക്ക് നിര്‍ണായകമാകും. മികച്ച ഫോമിലെങ്കിലും മുമ്പ് നിരവധി തവണ മെല്ലെപ്പോക്കിന് വിമര്‍ശനം കേട്ടിട്ടുള്ള കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗിലേക്കാണ് കണ്ണുകളെല്ലാം. ഓസീസിനെതിരെ ആദ്യ വാം-അപ് മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി(33 പന്തില്‍ 57) നേടിയ രാഹുല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ക്യാപ്റ്റന്‍റെ ഉത്തരവാദിത്വത്തോടെ രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് നയിക്കുകയും വേണം. വാംഅപ് മത്സരത്തില്‍ 15 റണ്‍സ് മാത്രമായിരുന്നു ഹിറ്റ്‌മാന്‍റെ സമ്പാദ്യം.
സൂര്യകുമാര്‍ യാദവ്
ആദ്യ പന്ത് മുതല്‍ അടിതുടങ്ങി ഇന്നിംഗ്‌സ് പടുത്തുയര്‍ത്ത് ഫിനിഷിംഗ് ജോലി നന്നായി ചെയ്യാനറിയാവുന്ന സൂര്യകുമാര്‍ യാദവാണ് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നെടുംതൂണ്‍. 2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏറ്റവും മികച്ച ബാറ്ററാണ് നാലാം നമ്പറിലെത്തുന്ന സൂര്യകുമാര്‍ യാദവ്. ഈ വര്‍ഷം 23 ഇന്നിംഗ്‌സില്‍ 40.05 ശരാശരിയിലും 184.5 സ്ട്രൈക്ക് റേറ്റിലും 801 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ഈ വര്‍ഷം രാജ്യാന്തര ടി20യിലെ റണ്‍വേട്ടയില്‍ പാകിസ്ഥാന്‍ സ്റ്റാര്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍ മാത്രമാണ് സ്കൈക്ക് മുന്നിലുള്ളത്. 18 ഇന്നിംഗ്‌സില്‍ 821 റണ്‍സാണ് റിസ്‌വാന്‍ നേടിയിട്ടുള്ളത്.
ഹാര്‍ദിക് പാണ്ഡ്യ
ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ എക്‌സ്-ഫാക്‌ടറുകളിലൊന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് എന്നാണ് പൊതുവിലയിരുത്തല്‍. ഹാര്‍ദിക് ത്രീ-ഡി പ്ലെയറാണ് എന്നതുതന്നെ കാരണം. ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിംഗും കൊണ്ട് വലിയ ഇംപാക്‌ട് സൃഷ്ടിക്കുന്ന താരമാണ് പാണ്ഡ്യ. ഓസ്ട്രേലിയന്‍ പിച്ചുകളില്‍ ഹാര്‍ദിക്കിന്‍റെ ബൗണ്‍സറുകള്‍ക്ക് പ്രഹരമേറും. ബാറ്റിംഗില്‍ സാഹചര്യത്തിനനുസരിച്ച് എവിടെ വേണേലും ഇറക്കാമെന്നതും പ്രത്യേകത. ടീമിന്‍റെ സന്തുലിതാവസ്ഥ ഹാര്‍ദിക് പാണ്ഡ്യയെന്ന താരത്തില്‍ കേന്ദ്രീകൃതമാണ്. അത് ടീമിന്‍റെ പ്രകടനത്തെ വളരെയേറെ സ്വാധീനിക്കും.
ഡെത്ത് ഓവര്‍
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ ടീമിന്‍റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്ന് ഡെത്ത് ഓവറിലെ മോശം ബൗളിംഗായിരുന്നു. ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതോടെ സ്ലോഗ് ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലുമെല്ലാം അടിവാങ്ങിക്കൂട്ടി. എന്നാല്‍ മുഹമ്മദ് ഷമി എത്തിയതോടെ ഡെത്ത് ഓവറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഏവരും. വാംഅപ് മത്സരത്തില്‍ ഓസീസിനെതിരെ 20-ാം ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തുകയും ഇന്ത്യക്ക് ആറ് റണ്‍സിന്‍റെ ജയമൊരുക്കുകയും ചെയ്തിരുന്നു. 19-ാം ഓവറില്‍ യോര്‍ക്കറുകളുമായി ഹര്‍ഷല്‍ പട്ടേലും തിളങ്ങി. ഈ ഓവറില്‍ 5 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് ഹര്‍ഷല്‍ പിഴുതിരുന്നു. ഐപിഎല്ലിലും പിന്നാലെ ഇന്ത്യന്‍ ജേഴ്‌സിയിലും മികവ് കാട്ടിയ അര്‍ഷ്‌ദീപ് സിംഗാണ് ലോകകപ്പ് മത്സരങ്ങളില്‍ ഡെത്ത് ഓവറില്‍ പന്തെറിയാന്‍ സാധ്യതയുള്ള മറ്റൊരു താരം. മൂവരുടേയും പ്രകടനം ഓസ്ട്രേലിയയില്‍ മത്സരവിധിയെഴുതും.
ഇതൊരു സൂചന മാത്രം! ഷമിക്ക് 4 റണ്ണിന് മൂന്ന് വിക്കറ്റ്; ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ