ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഓലീ റോബിന്‍സണ്‍ എറിഞ്ഞ 35-ാം ഓവറിലായിരുന്നു വിവാദ സംഭവം
ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ശ്രമിച്ചു എന്ന ആരോപണം വലിയ ചര്‍ച്ചയ്‌ക്കാണ് ചൂടുപിടിപ്പിച്ചിരിക്കുന്നത്. മുഖം വ്യക്തമല്ലാത്ത താരം സ്‌പൈക്ക് കൊണ്ട് പന്തില്‍ ചവിട്ടുന്നതിന്‍റെ ദൃശ്യമാണ് പുറത്തായത്. സംഭവത്തില്‍ വിവാദം പുകയുന്നതിനിടെ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് പ്രതികരിച്ചു. പന്തില്‍ ഇംഗ്ലീഷ് താരം മനപ്പൂര്‍വം ചവിട്ടുകയായിരുന്നുവെന്ന് തോന്നുന്നില്ല എന്നാണ് റാത്തോഡിന്‍റെ പ്രതികരണം.
'വളരെ വൈകി അത് കണ്ടു. എന്നാല്‍ മനപ്പൂര്‍വം പന്തില്‍ ചവിട്ടുകയായിരുന്നു എന്ന് കരുതുന്നില്ല' എന്നും വിക്രം റാത്തോഡ് ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ നാലാം ദിനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാച്ച് റഫറി ക്രിസ് ബ്രോഡിന് ഔദ്യോഗിക പരാതിയൊന്നും ഇതുവരെ നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഓലീ റോബിന്‍സണ്‍ എറിഞ്ഞ 35-ാം ഓവറിലായിരുന്നു വിവാദ സംഭവം. പിന്നാലെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. പന്ത് ചുരണ്ടലാണോ നടന്നത് എന്ന ചോദ്യവുമായി ഇന്ത്യന്‍ മുന്‍താരങ്ങളായ വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും രംഗത്തെത്തി. എന്നാല്‍ സ്‌പൈക്കിന്‍റെ ദൃശ്യങ്ങള്‍ മാത്രം സംപ്രേഷണം ചെയ്‌തതിനാൽ താരങ്ങള്‍ ആരെന്ന് വ്യക്തമായില്ല.
പന്തില്‍ അറിയാതെ ചവിട്ടിയതാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ് എന്നാണ് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പ്രതികരണം. പരിക്കേറ്റ ബ്രോഡ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിക്കുന്നില്ല. പന്തിൽ കൃത്രിമം കാണിക്കുന്നത് മത്സരങ്ങളില്‍ വിലക്ക് അടക്കമുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
ഇംഗ്ലീഷ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചോ? ഇംഗ്ലണ്ടിനെ ന്യായീകരിച്ച് മൈക്കിള്‍ വോണ്‍
ഇന്ത്യക്ക് ലീഡ്, ലോര്‍ഡ്‌സ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്; എറിഞ്ഞിടാമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ട്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona