റാഷിദ് ഖാന് 702 റേറ്റിംഗ് പോയിന്‍റും ഹേസല്‍വുഡിന് 699 റേറ്റിംഗ് പോയിന്‍റുമാണുള്ളത്
ദുബായ്: ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഐതിഹാസിക പ്രകടനത്തോടെ റാങ്കിംഗില്‍ ആദ്യ പത്തിലേക്ക് ഇരച്ചെത്തി ഇന്ത്യയുടെ വിരാട് കോലി. ബാറ്റര്‍മാരുടെ പട്ടികയില്‍ 635 റേറ്റിംഗ് പോയിന്‍റുമായി കോലി ഒന്‍പതാമതാണ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കോലിയുടെ കുതിപ്പ്. അയല്‍ക്കാരായ പാകിസ്ഥാനെതിരെ സൂപ്പര്‍-12 പോരാട്ടത്തില്‍ കോലി 53 പന്തില്‍ പുറത്താകാതെ 82* റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു. വിസ്‌മയാവഹമായ ഇന്നിംഗ്‌സില്‍ ആറ് ഫോറും നാല് സിക്‌സും കോലി പറത്തി.
ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. 849 റേറ്റിംഗ് പോയിന്‍റുകളാണ് റിസ്‌വാന്‍റെ സമ്പാദ്യം. ലോകകപ്പിലെ ഗംഭീര പ്രകടനത്തോടെ ന്യൂസിലന്‍ഡ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് രണ്ടാമതെത്തി. ഇതോടെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മൂന്നാംസ്ഥാനത്തേക്ക് ഇറങ്ങി. ഓസ്ട്രേലിയക്കെതിരെ 58 പന്തില്‍ 92* റണ്‍സ് നേടിയത് കോണ്‍വേയെ തുണച്ചപ്പോള്‍ പാകിസ്ഥാനെതിരെ 10 പന്തില്‍ 15 റണ്‍സ് മാത്രമായിരുന്നു സ്കൈ നേടിയത്. കോണ്‍വേയുടെ കരുത്തില്‍ കിവീസ് മത്സരം 89 റണ്‍സിന് വിജയിച്ചിരുന്നു. രണ്ടാമതുള്ള കോണ്‍വേയ്ക്ക് 831 ഉം മൂന്നാമന്‍ സൂര്യകുമാറിന് 828 ഉം നാലാമതുള്ള പാക് നായകന്‍ ബാബര്‍ അസമിന് 799 ഉം റേറ്റിംഗ് പോയിന്‍റുകളാണുള്ളത്.
undefined
അതേസമയം ബൗളര്‍മാരില്‍ അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ ഒന്നാംസ്ഥാനത്ത് മടങ്ങിയെത്തി. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ പ്രകടനത്തോടെ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെയാണ് റാഷിദ് പിന്തള്ളിയത്. ഇംഗ്ലണ്ടിനെതിരെ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത റാഷിദ് ഒരു വിക്കറ്റ് നേടിയിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കുമെതിരെ രണ്ട് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റ് നേടിയെങ്കിലും റണ്‍സേറെ വഴങ്ങിയതാണ് ഹേസല്‍വുഡിന് തിരിച്ചടിയായത്.