എന്തുകൊണ്ടാണ് അവസാന ഓവര്‍ എറിയാനായി മാത്രം ഷമിയെ വിളിച്ചതെന്ന ചോദ്യത്തിന് മത്സരശേഷം രോഹിത് ശര്‍മ മറുപടി നല്‍കി. നീണ്ട നാളത്തെ ഇടവേളക്കുശേഷമാണ് ഷമി മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കൊണ്ട് ഒരോവര്‍ പന്തെറിയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.
ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുമ്പായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ നാടകീയ ജയം സ്വന്തമാക്കിയപ്പോള്‍ താരമായത് പേസര്‍ മുഹമ്മദ് ഷമിയായിരുന്നു. ടി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇല്ലാതിരുന്ന ഷമി ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റപ്പോഴാണ് പകരക്കാരനായി 15 അംഗ ടീമിലെത്തിയത്. കൊവിഡ് കാരണം ദക്ഷിണാഫ്രിക്കക്കും ഓസ്ട്രേലിയക്കുമെതിരായ ടി20 പരമ്പരകള്‍ നഷ്ടമായ ഷമിയുടെ കായികക്ഷമതയും മത്സരപരിചയവും സംബന്ധിച്ച് സംശയങ്ങള്‍ അപ്പോഴും ബാക്കിയായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ കളിച്ചശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഷമി പന്തെറിഞ്ഞിരുന്നില്ല. ലോകകപ്പിന് മുമ്പ് ആവശ്യമായ മത്സരപരിചയം ഇല്ലാതിരുന്ന ഷമിയെ ഇന്ന് ഓസ്ട്രേലിയക്കെതിരായ സന്നാഹത്തില്‍ ആദ്യ ഇലവനില്‍ തന്നെ ഇറക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഇന്ത്യയുടെ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതുവരെ ഡഗ് ഔട്ടിലിരുന്ന് കളി കണ്ട ഷമിയെ പന്തെറിയാനായി വിളിച്ചു. ഷമിയുടെ അവസാന ഓവറില്‍ ഒരു റണ്ണൗട്ട് അടക്കം നാലു വിക്കറ്റ് നഷ്ടമായ ഓസീസ് ആറ് റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി. വിരാട് കോലിയുടെ അസാമാന്യ ഫീല്‍ഡിംഗും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.
എന്തുകൊണ്ടാണ് അവസാന ഓവര്‍ എറിയാനായി മാത്രം ഷമിയെ വിളിച്ചതെന്ന ചോദ്യത്തിന് മത്സരശേഷം രോഹിത് ശര്‍മ മറുപടി നല്‍കി. നീണ്ട നാളത്തെ ഇടവേളക്കുശേഷമാണ് ഷമി മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കൊണ്ട് ഒരോവര്‍ പന്തെറിയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ന്യൂ ബോളില്‍ ഷമിയുടെ മികവ് നമുക്കെല്ലാം അറിയാം. എന്നാല്‍ ഡെത്ത് ഓവറില്‍ ഷമി എങ്ങനെ പന്തെറിയുന്നു എന്ന് ഞങ്ങള്‍ക്ക് അറിയണമായിരുന്നു. അതുകൊണ്ടാണ് ആ വെല്ലുവിളി അവനെ ഏല്‍പ്പിച്ചത്. അദ്ദേഹം എന്താണ് ചെയ്തതെന്ന് നിങ്ങളെല്ലാവരും കണ്ടതാണല്ലോ എന്നായിരുന്നു രോഹിത്തിന്‍റെ മറുപടി.
അക്കാര്യത്തില്‍ ഞാന്‍ നിങ്ങളുടെ ആരാധകനാണ്, ഷമിയുമായി സൗഹൃദം പങ്കിട്ട് ഷഹീന്‍ അഫ്രീദി-വീഡിയോ
അവസാന ഓവറിലെ ആദ്യ പന്തില്‍ ഷമി രണ്ട് റണ്‍സ് വഴങ്ങി. രണ്ടാം പന്തിലും പാറ്റ് കമിന്‍സ് രണ്ട് റണ്‍സ് ഓടിയെടുത്തു. ഇതോടെ ഓസീസ് ലക്ഷ്യം നാലു പന്തില്‍ ഏഴ് റണ്‍സായി. മൂന്നാം പന്തില്‍ ഷമിയെ സിക്സിന് പറത്താന്‍ ശ്രമിച്ച കമിന്‍സിനെ കോലി ലോംഗ് ഓണില്‍ ഒറ്റക്കൈയില്‍ പറന്നുപിടിച്ചു. നാലാം പന്തില്‍ ആഷ്ടണ്‍ അഗര്‍ ഷമിയുടെ ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടായി. അഞ്ചാമത്തെയും ആറാമത്തെയും പന്തുകള്‍ യോര്‍ക്കറുകള്‍ എറിഞ്ഞ ഷമി ജോഷ് ഇംഗ്ലിസിനെയും കെയ്ന്‍ റിച്ചാര്‍ഡ്സണെയും ക്ലീന്‍ ബൗള്‍ഡാക്കി ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചു.