ടി20 ലോകകപ്പിലെ ഫേവറൈറ്റുകളെ പ്രവചിച്ച് മൊയീന്‍ അലി

By Gopala krishnan  |  First Published Oct 3, 2022, 6:24 PM IST

ഇംഗ്ലണ്ടിനെ നേരിടാന്‍ എതിരാളികള്‍ ഭയക്കുമെങ്കിലും ലോകകപ്പില്‍ ഇംഗ്ലണ്ട് ഫേവറൈറ്റുകളല്ലെന്ന് അലി പറഞ്ഞു. പാക്കിസ്ഥാനെതിരായ പരമ്പര നേട്ടത്തില്‍ സന്തോഷമുണ്ട്. പക്ഷെ ലോകകപ്പില്‍ ഞങ്ങള്‍ ഫേവറൈറ്റുകളല്ല. സത്യസന്ധമായാണ് ഞാനിത് പറയുന്നത്.


ലാഹോര്‍: ടി20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ ലോകക്പപിലെ ഫേവറൈറ്റുകളെ പ്രവചിച്ച് ഇംഗ്ലണ്ട് നായകന്‍ മൊയീന്‍ അലി. ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയയും ഇന്ത്യയുമാണ് ടി20 ലോകകപ്പില്‍ ഫേവറൈറ്റുകളെന്ന് ജോസ് ബട്‌ലറുടെ അഭാവത്തില്‍ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിക്കുന്ന മൊയീന്‍ അലി പറഞ്ഞു. പാക്കിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചശേഷം സംസാരിക്കുകയായിരുന്നു മൊയീന്‍ അലി.

ഇംഗ്ലണ്ടിനെ നേരിടാന്‍ എതിരാളികള്‍ ഭയക്കുമെങ്കിലും ലോകകപ്പില്‍ ഇംഗ്ലണ്ട് ഫേവറൈറ്റുകളല്ലെന്ന് അലി പറഞ്ഞു. പാക്കിസ്ഥാനെതിരായ പരമ്പര നേട്ടത്തില്‍ സന്തോഷമുണ്ട്. പക്ഷെ ലോകകപ്പില്‍ ഞങ്ങള്‍ ഫേവറൈറ്റുകളല്ല. സത്യസന്ധമായാണ് ഞാനിത് പറയുന്നത്. പാക്കിസ്ഥാനെതിരായ പരമ്പര ജയം ലോകകപ്പിന് മുമ്പ് ടീമിന് ആത്മവിശ്വാസം നല്‍കും. അതിനൊപ്പം എതിരാളികള്‍ ഞങ്ങള്‍ക്കെതിരെ കളിക്കാന്‍  ഭയക്കുകയും ചെയ്യും. പക്ഷെ അപ്പോഴും ഓസ്ട്രേലിയയും ഇന്ത്യയും തന്നെയാണ് ലോകകപ്പിലെ ഫേവറൈറ്റുകളെന്നാണ് എന്‍റെ വിശ്വാസം-അലി പറഞ്ഞു.

Latest Videos

ഇന്ത്യന്‍ ടീമിലെടുത്ത വിവരം മുകേഷ് കുമാര്‍ അറിഞ്ഞത് ടീം ബസില്‍ വെച്ച്, പിന്നെ പറയാനുണ്ടോ ആഘോഷം

ജയവും തോല്‍വിയും മാറി മാറിവന്ന പാക്കിസ്ഥാനെതിരായ ഏഴ് മത്സര ടി20 പരമ്പര 4-3നാണ് ഇംഗ്ലണ്ട് ജയിച്ചത്. നിര്‍ണായക അവസാന മത്സരം തുടങ്ങുമ്പോള്‍ ഇരു ടീമുകളും 3-3 തുല്യതയിലായിരുന്നു. എന്നാല്‍ ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഡേവിഡ് മലന്‍റെ(47 പന്തില്‍ 78) വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍റെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സിലൊതുങ്ങി.

ക്യാപ്റ്റന്‍ ബാബര്‍ അസമും(4), മുഹമ്മദ് റിസ്‌വാനും(1) തുടക്കത്തിലെ മടങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. 43 പന്തില്‍ 56 റണ്‍സെടുത്ത ഷാന്‍ മസൂദ് മാത്രമാണ് പാക്കിസ്ഥാനു വേണ്ടി തിളങ്ങിയത്. 16ന് തുടങ്ങുന്ന ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ കൂടി ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.

click me!