മധ്യ ഓവറുകളിലെ മെല്ലെപ്പോക്കില്‍ ബിസിസിഐക്ക് അതൃപ്തി, സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തി ഗാംഗുലിയും ജയ് ഷായും

By Gopala krishnan  |  First Published Sep 13, 2022, 8:19 PM IST

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനം ബിസിസിഐ വിലയിരുത്തിയെന്നും പ്രശ്നങ്ങളെക്കാള്‍ പരിഹാരങ്ങളെക്കുറിച്ചും ടി20 ലോകകപ്പില്‍ പ്രകടനം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചുമാണ് അവലോകന യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


മുംബൈ: ടി20 ക്രിക്കറ്റിലെ മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ മെല്ലെപ്പോക്കില്‍ ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് അവലോകന യോഗത്തിലാണ് ബിസിസിഐ ഇക്കാര്യത്തില്‍ ടീം മാനേജ്മെന്‍റിനോട് അതൃപ്തി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മധ്യ ഓവറുകളില്‍ റണ്‍നിരക്ക് താണതാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്താകാന്‍ കാരണമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ വരാനിരിക്കുന്ന പരമ്പരകളില്‍ ഇതിന് പരിഹാരം കാണണമെന്ന നിര്‍ദേശമാണ് ബിസിസിഐ ടീം മാനേജ്മെന്‍റിന് നല്‍കിയിരിക്കുന്നത് എന്നും സൂചനയുണ്ട്.

Latest Videos

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ഫൈനല്‍ സാധ്യതകള്‍, പോയന്‍റ് ടേബിള്‍

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനം ബിസിസിഐ വിലയിരുത്തിയെന്നും പ്രശ്നങ്ങളെക്കാള്‍ പരിഹാരങ്ങളെക്കുറിച്ചും ടി20 ലോകകപ്പില്‍ പ്രകടനം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചുമാണ് അവലോകന യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മത്സരങ്ങളുടെ ഏഴ് മുതല്‍ 15 വരെയുള്ള ഓവറുകളില്‍ റണ്‍നിരക്ക് കുത്തനെ കുറയുന്നത് ഒരു പ്രശ്നമാണെന്നും ഏഷ്യാ കപ്പിലും ഇത് ആവര്‍ത്തിച്ചുവെന്നും പ്രതിനിധി പറഞ്ഞു. ടീം മാനേജ്മെന്‍റ് ഇതിനെക്കുറിച്ച് ബോധവാന്‍മാരാണെന്നും മധ്യ ഓവറുകളില്‍ കളിയുടെ ഗതി അനുസരിച്ച് ഗെയിം പ്ലാനില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ലോകോത്തര താരങ്ങള്‍ നമുക്കുണ്ടെന്നും പ്രതിനിധി പറഞ്ഞു.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഏഴ് മുതല്‍ 15 വരെയുള്ള ഒമ്പത് ഓവറുകളില്‍ ഇന്ത്യ 3 വിക്കറ്റഅ നഷ്ടപ്പെടുത്തി 59 റണ്‍സാണ് സ്കോര്‍ ചെയ്തത്. ഹോങ്കോങിനെതിരെ ഇത് 62 റണ്‍സും സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 62 റണ്‍സും മാത്രമാണ് ഒമ്പതോവറില്‍ ഇന്ത്യ നേടിയത്. ശ്രീലങ്കക്കെതിരെ 78 റണ്‍സടിച്ചതായിരുന്നു മധ്യ ഓവറുകളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

വിമര്‍ശനം കാര്യമറിയാതെ; റിസ്‌വാന്‍റെ 'വണ്‍ ഡേ' ഇന്നിംഗ്സിനെ ന്യായീകരിച്ച് പാക് പരിശീലകന്‍ സഖ്‌ലിയന്‍ മുഷ്താഖ്

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം അടുത്ത മാസം 23ന് പാക്കിസ്ഥാനെതിരെ ആണ്. ലോകകപ്പിന് മുന്നോടിയായി ഈ മാസവും അടുത്ത മാസം ആദ്യവുമായി ഇന്ത്യ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ ആറ് ടി20 മത്സരങ്ങളില്‍ കളിക്കുന്നുണ്ട്.

click me!