ഒരു റണ്ണിന് വിജയിക്കുന്നത് ശീലമാക്കിയ ദക്ഷിണാഫ്രിക്ക; അമ്പരപ്പിക്കുന്ന കണക്കുകള്‍

By Web Team  |  First Published Jun 15, 2024, 12:19 PM IST

ടി20 ലോകകപ്പില്‍ രണ്ടാംവട്ടമാണ് ഇത്തരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുന്നത് എന്നതും സവിശേഷത 


കിംഗ്‌സ്‌ടൗണ്‍: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നേപ്പാളിന്‍റെ വീരോചിതമായ പോരാട്ടത്തിന് മുന്നില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്ണിന് മാത്രമാണ് ജയിക്കാനായത്. 20-ാം ഓവറിലെ അവസാന പന്തിലാണ് പ്രോട്ടീസ് ജയമുറപ്പിച്ചത്. പുരുഷന്‍മാരുടെ രാജ്യാന്തര ട്വന്‍റി 20യില്‍ ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഒരു റണ്‍സിന് വിജയിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ടി20 ലോകകപ്പ് ചരിത്രത്തില്‍ രണ്ടാംവട്ടമാണ് ഇത്തരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുന്നതും. ടീം ഇന്ത്യയും ടി20 ലോകകപ്പില്‍ രണ്ടുവട്ടം ഒരു റണ്ണിന്‍റെ ജയം നേടിയിട്ടുണ്ട്. 

ഡി ഗ്രൂപ്പില്‍ കളിച്ച മൂന്ന് കളിയും ജയിച്ചതിന്‍റെ വമ്പുമായെത്തിയ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചാണ് നേപ്പാള്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ കീഴടങ്ങിയത്. സ്കോര്‍: ദക്ഷിണാഫ്രിക്ക- 115/7 (20), നേപ്പാള്‍- 114/7 (20). വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്‌ഖ് 49 പന്തില്‍ 42 ഉം, മധ്യനിര ബാറ്റര്‍ അനില്‍ സാ 24 പന്തില്‍ 27 ഉം റണ്‍സുമായി തിളങ്ങിയപ്പോള്‍ 19 റണ്‍സിന് നാല് വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ തബ്രൈസ് ഷംസിയുടെ പ്രകടനമാണ് നേപ്പാളിന് തിരിച്ചടിയായത്. പേസര്‍ ആന്‍‌റിച്ച് നോര്‍ക്യയും ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റ് നേടി. ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ അവസാന പന്തില്‍ ഗുല്‍സാന്‍ ജാ റണ്ണൗട്ടായതിലാണ് നേപ്പാളിന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നത്. അല്ലായിരുന്നുവെങ്കില്‍ മറ്റൊരു സൂപ്പര്‍ ഓവര്‍ കാണാമായിരുന്നു. 

Latest Videos

undefined

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 115 റണ്‍സേ നേടിയുള്ളൂ. കുശാല്‍ ഭൂര്‍ടെല്‍ നാലോവറില്‍ 19 റണ്‍സിന് നാലും ദീപേന്ദ്ര സിംഗ് 21 റണ്ണിന് മൂന്നും വിക്കറ്റുമായി പ്രോട്ടീസിനെ വലയ്ക്കുകയായിരുന്നു. 49 പന്തില്‍ 43 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്‌സായിരുന്നു ടോപ് സ്കോറര്‍. ക്വിന്‍റണ്‍ ഡികോക്ക് 10 ഉം, ഏയ്‌ഡന്‍ മാര്‍ക്രം 15 ഉം, ഡേവിഡ് മില്ലര്‍ ഏഴും, ഹെന്‍‌റിച്ച് ക്ലാസന്‍ മൂന്നും റണ്‍സെടുത്ത് പുറത്തായി. 

Read more: ഹൃദയഭേദകം! ദക്ഷിണാഫ്രിക്കയോട് അവസാന പന്തിലെ ഒരു റണ്‍ തോല്‍വിയില്‍ കണ്ണീരടക്കാനാവാതെ നേപ്പാള്‍ ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!