Latest Videos

ട്വന്‍റി 20 ലോകകപ്പ്: സെമിയില്‍ മഴ മാത്രമല്ല, ടീം ഇന്ത്യക്ക് മറ്റ് മൂന്ന് ഭീഷണികളും

By Web TeamFirst Published Jun 26, 2024, 9:39 PM IST
Highlights

ഇംഗ്ലണ്ടിന്‍റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായ ജോസ് ബട്‌ലറാണ് ടീം ഇന്ത്യക്ക് ഭീഷണിയുയര്‍ത്താന്‍ സാധ്യതയുള്ള ഒരു താരം

ഗയാന: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ വ്യാഴാഴ്‌ചയാണ്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ സൂപ്പര്‍ പോരാട്ടം തുടങ്ങുക. മഴയുടെ കനത്ത ഭീഷണി ഗയാനയില്‍ മത്സരത്തിനുണ്ട്. ഇതിന് പുറമെ മൂന്ന് ഇംഗ്ലീഷ് താരങ്ങളുടെ മികവും ടീം ഇന്ത്യക്ക് ആശങ്കയാണ്. എന്നാല്‍ മൂവരെയും ഇന്ത്യന്‍ താരങ്ങള്‍ കളിയില്‍ കൈകാര്യം ചെയ്‌താല്‍ നീലപ്പടയുടെ ഫൈനല്‍ പ്രവേശം അനായാസം സംഭവിക്കും. 

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ടിന്‍റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായ ഓപ്പണറും ക്യാപ്റ്റനുമായ ജോസ് ബട്‌ലറാണ് ടീം ഇന്ത്യക്ക് ഭീഷണിയുയര്‍ത്താന്‍ സാധ്യതയുള്ള ഒരു താരം. ഈ ലോകകപ്പില്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും അവസാന കളിയില്‍ അമേരിക്കയ്ക്കെതിരെ 38 പന്തുകളില്‍ ആറ് ഫോറും ഏഴ് സിക്‌സറുകളും പറത്തി പുറത്താവാതെ 83* റണ്‍സുമായി ബട്‌ലര്‍ ട്രാക്കിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. ഒറ്റയ്ക്ക് മത്സരം മാറ്റിമറിക്കാനുള്ള കഴിവാണ് ശ്രദ്ധേയം. സെമിയില്‍ ബട്‌ലറുടെ പ്രകടനം ഇംഗ്ലണ്ടിന് അതിനാല്‍ തന്നെ ഏറെ നിര്‍ണായകമാണ്. ഈ ലോകകപ്പിലെ ഏഴ് കളികളില്‍ 191 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 

ഫില്‍ സാള്‍ട്ട്

ഇന്ത്യന്‍ ടീമിന് ഏറ്റവും ഭീഷണിയായേക്കാവുന്ന ഇംഗ്ലീഷ് ബാറ്റര്‍ നിലവില്‍ ടീമിലെ മറ്റൊരു ഓപ്പണറായ ഫില്‍ സാള്‍ട്ടാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ 8 ജയത്തില്‍ സാള്‍ട്ട് നിര്‍ണായകമായിരുന്നു. 47 പന്തുകളില്‍ ഏഴ് ഫോറും അഞ്ച് സിക്‌സുകളും സഹിതം പുറത്താവാതെ 87* റണ്‍സെടുത്ത സാള്‍ട്ട് ഷോടെയാണ് ഇംഗ്ലണ്ടിനെ സൂപ്പര്‍ എട്ടില്‍ കാത്തത്. ഇത്തവണ ഏഴ് മത്സരങ്ങളില്‍ സാള്‍ട്ട് 183 റണ്‍സ് സ്വന്തമാക്കി. 166.36 സ്ട്രൈക്ക്റേറ്റാണ് താരത്തിന്‍റെ ഏറ്റവും വലിയ കരുത്ത്. 

ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലണ്ടിന്‍റെ ഏറ്റവും പ്രധാന പേസറാണ് ജോഫ്ര ആര്‍ച്ചര്‍. പവര്‍പ്ലേ ഓവറുകളില്‍ തന്നെ വിക്കറ്റെടുക്കുകയാവും ആര്‍ച്ചറുടെ ലക്ഷ്യം. ആര്‍ച്ചര്‍ ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ ബ്രേക്ക്‌ത്രൂ നേടിയാല്‍ അത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാവും. 

Read more: ഗയാനയില്‍ ഒട്ടും ശുഭമല്ല കാര്യങ്ങള്‍; സെമിക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം മുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!