സൂര്യ സൂര്യയായിത്തുടരുന്നതാണ് അയാൾക്കും കത്തിജ്ജ്വലിക്കുന്ന ആ പാർട്ണർഷിപ്പിനും ഇന്ത്യൻ ടീമിനു തന്നെയും നല്ലത്
മെല്‍ബണ്‍: വിരാട് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്, പാകിസ്ഥാനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷിംഗ് വിജയം. ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ വിഖ്യാതമായ മെല്‍ബണില്‍ ഇന്ത്യയുടെ നാല് വിക്കറ്റ് ജയത്തെ വിശേഷണങ്ങള്‍ എത്ര നല്‍കിയാലും മതിയാവില്ല. ഇതേ ലോകകപ്പിലെ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് വിരാട് കോലി-സൂര്യകുമാര്‍ യാദവ് ജോഡിയാണ്. പരസ്‌പരം മത്സരമായും ആവേശമായും നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുകയായിരുന്നു ഇരുവരും. ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഭാവി തന്നെ തീരുമാനിക്കുന്ന സഖ്യമായി കോലിയും സ്കൈയും മാറിയേക്കാം. ഇരുവരുടെയും ബാറ്റിംഗ് ശൈലിയെയും പരസ്‌പരപൂരകങ്ങളാവുന്ന കൂട്ടുകെട്ടുകളേയും കുറിച്ച് ജിതേഷ് മംഗലത്ത് എഴുതുന്നു.
ജിതേഷ് മംഗലത്തിന്‍റെ കുറിപ്പ്
undefined
രണ്ടറ്റത്തും രണ്ടു ശൈലിയാണ്. ഒരാൾ ടെക്സ്റ്റ്ബുക്ക് ക്രിക്കറ്റിന്‍റെ റിയൽ ഗെയിം എക്സ്പീരീയൻസാണ് തരുന്നത്. പന്തിനനുസരിച്ചുളള ഷോട്ടുകളാണവിടെ കാണുക. അങ്ങേയറ്റം ഓർഗാനിക്കായ ഇന്നിംഗ്സ് കൺസ്ട്രക്ഷൻ അവിടെ തുടർന്നുകൊണ്ടേയിരിക്കും. മറ്റേയറ്റത്താണെങ്കിൽ ആദ്യ പന്ത് തൊട്ടേ തുറന്ന കളിയാണ്. ഒരു ഗ്രാഫിന്‍റെ തുടക്കത്തിലേ മുകളിലെ പോയന്‍റിലെത്തി പിന്നെയും പിന്നെയും ഉയർന്നുപോകുന്ന ശൈലി. ആദ്യത്തെയാൾ തന്‍റെ വിക്കറ്റിന് ജീവന്‍റെ വിലയിടുമ്പോൾ, രണ്ടാമത്തെയാൾക്ക് വായുവിലുയർത്തിയടിക്കുന്ന ഷോട്ടുകൾ ലഹരിയാണ്. ഓഫ്സ്റ്റമ്പ് ലൈനിൽ ഷഫിൾ ചെയ്ത് ബാക്കി സ്റ്റമ്പ്സ് രണ്ടും എക്സ്പോസ് ചെയ്ത് ബൗളറുടെ കൃത്യതയെ വെല്ലുവിളിക്കുന്നത് അയാൾക്കൊരു ഹരമാണ്. തനിക്കായ അത്തരം പന്തുകളിലൊരുക്കപ്പെട്ടിരിക്കുന്ന ഫീൽഡിനെ നിസ്സഹായമാക്കുന്നതും.
വിരാട് കോലിയും സൂര്യകുമാർ യാദവും ഒന്നിച്ചു ബാറ്റ് ചെയ്യുന്നത് ഒരേ സമയം ഉറപ്പിന്‍റെ ശീതവേഗവും തിളച്ചുപൊന്തുന്ന ആക്രമണത്വരയുടെ ഉഷ്ണപ്രവാഹവും നൽകുന്നുണ്ട്. ഒന്നിൽ നിന്ന് മറ്റേയാൾ ഊർജം കണ്ടെത്തുന്നത് പോലെ. ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല, ആ പാർട്ണർഷിപ്പ് പുരോഗമിക്കുന്നതിനനുസരിച്ച് കോലി കൂടുതൽ ആക്രമണോത്സുകനാകുന്നതും സൂര്യ കൂടുതൽ അഷ്വേഡായ ഷോട്ടുകൾ കളിക്കുന്നതും കാണാം. പരസ്പരം പ്രയോജനപ്രദമാകുന്ന കൊടുക്കൽവാങ്ങലുകളുടെ ബാക്കിപത്രമാണത്. സൂര്യ കളിക്കുന്ന മൗത്ത് വാട്ടറിംഗ് ഓൺസ്ലോട്ടുകൾ കാണുമ്പോൾ ആവേശഭരിതനായി ചിരിക്കുന്ന കോലിയും സർജിക്കൽ പ്രിസിഷനോടെ കോലി ഫീൽഡിനെ കീറിമുറിക്കുമ്പോൾ കണ്ണിൽ തിരിമുറിയാത്ത ആരാധനയുമായി ബാറ്റിൽ തട്ടി ആദരവ് പ്രകടിപ്പിക്കുന്ന സൂര്യയും കണ്ണിനാനന്ദം പകരുന്ന കാഴ്ച്ചകളാകുന്നുണ്ട്. കഴിഞ്ഞ ദിവസം അവസാനപന്തിൽ തികച്ച അർദ്ധശതകമാഘോഷിക്കാൻ സൂര്യയെ പ്രേരിപ്പിക്കുന്ന കോലിയുടെ എക്സൻട്രിക് ആന്‍റിക്സ് അതിന്‍റെ എപ്പിടോമാണ്.
സ്റ്റാറ്റിറ്റിക്സെടുത്ത് നോക്കുമ്പോൾ 12 തവണയാണ് ഇരുവരും ഒരുമിച്ച് ബാറ്റു ചെയ്തിട്ടുള്ളത്. അവയിൽ നാല് തവണയെങ്കിലും ആ പാർട്ണർഷിപ്പ് മൈതാനത്തെ തീപിടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഹോങ്കോങ്ങിനെതിരെ 42 പന്തിൽ നിന്നും 98, ഈ വർഷം ഓസീസിനെതിരെ 62 പന്തിൽ നിന്നും 104, ദക്ഷിണാഫ്രിക്കക്കെതിരെ 42 പന്തിൽ 102, ഇപ്പോൾ നെതർലന്‍ഡ്‌സിനെതിരെ 48 പന്തിൽ 95 ഉം! അൺറിയൽ&ഇൻസെയ്ൻ! ഈ സന്ദർഭങ്ങളിലൊക്കെയും സൂര്യ ക്രീസിലേക്കെത്തുമ്പോൾ വിരാട് തന്‍റെ ടച്ച് കണ്ടെത്തുന്നതേ ഉണ്ടായിരുന്നുമുള്ളൂ. ഒരറ്റത്ത് ആദ്യ പന്തുമുതൽ സൂര്യ പൊസിറ്റീവ് ഇൻടെന്‍റ് കാണിക്കുമ്പോൾ കോലിയിലെ ഇന്നിംഗ്സ് ഡിസൈനർക്ക് അയാൾ അർഹിക്കുന്ന സ്വാതന്ത്ര്യം കിട്ടുകയാണ്.
ഓസീസ് സാഹചര്യങ്ങളിൽ ഇന്ത്യക്കിതുവരെയും ഒരു ഓൾഔട്ട് അറ്റാക്കിലേക്കു പോകേണ്ട അവസ്ഥ വന്നിട്ടില്ല. പാകിസ്ഥാനെതിരായ അവസാന ഓവറുകളിൽ പോലും എത്തിപ്പിടിക്കാനാവുന്ന വിധമായിരുന്നു കോലിയെ സംബന്ധിച്ചിടത്തോളം ലക്ഷ്യം. ഇന്ത്യൻ ടീമിന്‍റെ ലോകകപ്പ് സാധ്യതകൾ ഓസ്ട്രേലിയൻ പിച്ചുകളിലെ കോലിയുടെ നിലനിൽപ്പ് പോലെയിരിക്കും എന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. പ്രവചനങ്ങളെ സാധൂകരിക്കും വിധം കോലിയാണ് ഇന്ത്യൻ ബാറ്റിംഗ് യൂണിറ്റിന്‍റെ ഫൾക്രമായി നിലകൊള്ളുന്നത്. അയാൾക്കു ചുറ്റുമാണ് ഈ യൂണിറ്റിന്‍റെ പ്രകടനം മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നതും. ഒരറ്റം കാക്കാനും ആവശ്യാനുസരണം ഗതിവേഗം വർദ്ധിപ്പിക്കാനും അയാൾക്ക് കഴിയുമ്പോൾ 22 വാരക്കിപ്പുറത്ത് ഒരു സൂര്യകുമാർ യാദവിന്‍റെ സാന്നിധ്യം ഇന്ത്യൻ ബാറ്റിംഗിന് ഒരു എക്സ് ഫാക്ടർ നൽകും. 10 പന്തിൽ നിന്ന് 15 റൺസുമായി സൂര്യ പാകിസ്ഥാനെതിരെ മടങ്ങുമ്പോഴും അയാളെ കുറ്റപ്പെടുത്താൻ തോന്നാത്തത് അതയാളുടെ ബ്രീഡ് ഓഫ് ക്രിക്കറ്റാണെന്നുള്ളതു കൊണ്ടാണ്. സൂര്യ സൂര്യയായിത്തുടരുന്നതാണ് അയാൾക്കും കത്തിജ്ജ്വലിക്കുന്ന ആ പാർട്ണർഷിപ്പിനും ഇന്ത്യൻ ടീമിനു തന്നെയും നല്ലത്.