അവസാന ഓവറുകളില്‍ സ്‌കൈക്ക് പതിവ് ശൈലിയിലേക്ക് ഉയരാന്‍ കഴിയാതെ വന്നതാണ് കൂറ്റന്‍ സ്കോറില്‍ നിന്ന് അകറ്റിയത്
ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ വാംഅപ് മത്സരത്തില്‍ കെ എല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റേയും അര്‍ധസെഞ്ചുറി കരുത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ സ്‌കൈക്ക് പതിവ് ശൈലിയിലേക്ക് ഉയരാന്‍ കഴിയാതെ വന്നതാണ് കൂറ്റന്‍ സ്കോറില്‍ നിന്ന് അകറ്റിയത്. ഓസീസിനായി കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ നാല് വിക്കറ്റ് വീഴ്‌ത്തി.
രോഹിത് ശര്‍മ്മ സ്ട്രൈക്കുകള്‍ മാറി കളിച്ചപ്പോള്‍ കെ എല്‍ രാഹുല്‍ നിറഞ്ഞാടുന്നതാണ് ഗാബയില്‍ തുടക്കത്തില്‍ കണ്ടത്. 27 പന്തില്‍ രാഹുല്‍ അര്‍ധ സെഞ്ചുറി പിന്നിട്ടപ്പോള്‍ ഇന്ത്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 69 റണ്‍സിലെത്തി. എന്നാല്‍ ഓപ്പണര്‍മാരെ ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഓസീസ് സ്‌പിന്നര്‍മാര്‍ ട്വിസ്റ്റ് ഒരുക്കി. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍(33 പന്തില്‍ 57) അഗറിന്‍റെ ക്യാച്ചില്‍ പുറത്തായി. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ രോഹിത്തിനെ(14 പന്തില്‍ 15) അഗര്‍, മാക്‌സിയുടെ കൈകളിലെത്തിച്ച് നന്ദി അറിയിച്ചു.
പിന്നാലെ ക്രീസിലൊന്നിച്ച വിരാട് കോലിയും സൂര്യകുമാര്‍ യാദവും കരുതലോടെയാണ് തുടങ്ങിയത്. കോലിയെ(13 പന്തില്‍ 19) 13-ാം ഓവറിലെ മൂന്നാം പന്തില്‍ സ്റ്റാര്‍ക്കും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ(5 പന്തില്‍ 2) 14-ാം ഓവറിലെ നാലാം പന്തില്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും പുറത്താക്കിയതോടെ ഇന്ത്യ 127-4 എന്ന നിലയിലായി. ഫിനിഷറെന്ന് പേരുകേട്ട ദിനേശ് കാര്‍ത്തിക്കിനും തിളങ്ങാനായില്ല. ഡികെ 14 പന്തില്‍ 20 റണ്‍സുമായി റിച്ചാര്‍ഡ്‌സണിന് മുന്നില്‍ കുടുങ്ങി. അവസാന ഓവറുകളില്‍ ചെറുതായൊന്ന് പതറിയെങ്കിലും സൂര്യ 32 പന്തില്‍ 50 തികച്ചു. സ്കൈ(33 പന്തില്‍ 50) തൊട്ടടുത്ത പന്തില്‍ റിച്ചാര്‍ഡ്‌സണിന്‍റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചില്‍ അപ്രതീക്ഷിതമായി മടങ്ങി.
ഇന്നിംഗ്‌സിലെ അവസാന പന്തില്‍ അശ്വിന്‍(2 പന്തില്‍ 6) മാക്‌സ്‌വെല്ലിന്‍റെ ക്യാച്ചില്‍ പുറത്തായി. അക്‌സര്‍ പട്ടേല്‍ 6 പന്തില്‍ 6* റണ്‍സുമായി പുറത്താകാതെ നിന്നു.