പാകിസ്ഥാന് മേല്‍ ദീപാവലി വെടിക്കെട്ട്; ഒരുകൊട്ട റെക്കോര്‍ഡുകളുമായി വിരാട് കോലി, ഹിറ്റ്‌മാന്‍ പിന്നിലായി

By Jomit Jose  |  First Published Oct 24, 2022, 11:17 AM IST

ഐതിഹാസിക ഇന്നിംഗ്‌സുമായി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വിരാട് കോലിയുടെ റെക്കോര്‍ഡ് വേട്ട


മെല്‍ബണ്‍: നിസംശയം പറയാം, വിരാട് കോലിയുടെ രാജ്യാന്തര കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മെല്‍ബണില്‍ പിറന്നത്. ഒരുഘട്ടത്തില്‍ തോല്‍വി മണത്തിരുന്ന ടീമിനെ 53 പന്തില്‍ പുറത്താകാതെ 82* റണ്‍സുമായി വിജയത്തേരിലേക്ക് ആനയിച്ച കിംഗ് കോലിയുടെ മാസ്‌മരിക ഇന്നിംഗ്‌സായി ഇത്. കോലിയുടേതായി അത്ഭുത്തോടെയും ആവേശത്തോടേയും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് എക്കാലവും വീണ്ടും വീണ്ടും കണ്ടിരിക്കാന്‍ ഈ ഇന്നിംഗ്‌സ് മാത്രം മതി. പാകിസ്ഥാനെതിരെ അവസാന പന്തില്‍ നാല് വിക്കറ്റിന് ഇന്ത്യ വിജയിച്ചപ്പോള്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കോലി ഒട്ടേറെ റെക്കോര്‍ഡുകള്‍ തന്‍റെ പേരിലെഴുതി. 

ഐതിഹാസിക ഇന്നിംഗ്‌സുമായി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വിരാട് കോലിയുടെ റെക്കോര്‍ഡ് വേട്ട. രാജ്യാന്തര ടി20യില്‍ 14-ാം തവണയാണ് കോലി പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്നത്. പുരുഷ ടി20യില്‍ ഇത് റെക്കോര്‍ഡാണ്. 13 കളികളില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയുടെ പേരിലായിരുന്നു രാജ്യാന്തര ടി20യില്‍ നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്. 

Latest Videos

undefined

ട്വന്‍റി 20 ലോകകപ്പുകളില്‍ വിരാട് കോലിയുടെ ആറാം പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം കൂടിയാണിത്. ഇതും റെക്കോര്‍ഡാണ്. മെല്‍ബണ്‍ ഇന്നിംഗ്‌സോടെ ടി20 ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമായി. കോലിയുടെ റണ്‍ സമ്പാദ്യം 927ലെത്തി. രോഹിത് ശര്‍മ്മയുട 851 റണ്‍സാണ് മറികടന്നത്. പാകിസ്ഥാനെതിരെ അഞ്ചാം തവണയാണ് കോലി അര്‍ധസെഞ്ചുറി പ്രകടനം പുറത്തെടുക്കുന്നത്. ഇവയില്‍ നാലും ടി20 ലോകകപ്പുകളിലായിരുന്നു. ട്വന്‍റി 20 ലോകകപ്പ് ചരിത്രത്തില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ ഒരു താരം ഏറ്റവും കൂടുതല്‍ തവണ 50+ സ്കോര്‍ നേടുക എന്ന റെക്കോര്‍ഡിനൊപ്പവുമെത്തി കോലി. ഓസ്ട്രേലിയക്കെതിരെ നാല് 50+ സ്കോര്‍ നേടിയിട്ടുള്ള വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനൊപ്പമാണ് കോലി ഇടംപിടിച്ചത്. 

മെല്‍ബണിലേത് ടീം ഇന്ത്യയുടെ മികച്ച വിജയങ്ങളിലൊന്ന്; കോലിയെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി രോഹിത് ശര്‍മ്മ

click me!