ഓപ്പണര്‍ ചിരാഗ് സൂരിയെ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ നഷ്‌ടമാകുമ്പോള്‍ യുഎഇയ്ക്ക് 33 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്
ഗീലോങ്: ട്വന്‍റി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ യുഎഇക്കെതിരെ നെതര്‍ലന്‍ഡ്‌സിന് 112 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിന് 111 റണ്‍സെടുത്തു. 47 പന്തില്‍ 41 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് വസീമാണ് ടോപ് സ്കോറര്‍. ബാസ് ഡി ലീദ് മൂന്നും ഫ്രഡ് ക്ലാസ്സന്‍ രണ്ടും ടിം പ്രിങ്കിളും വാന്‍ ഡര്‍ മെര്‍വും ഓരോ വിക്കറ്റും വീഴ്‌ത്തി.
ഓപ്പണര്‍ ചിരാഗ് സൂരിയെ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ നഷ്‌ടമാകുമ്പോള്‍ യുഎഇയ്ക്ക് 33 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. 20 പന്തില്‍ 12 റണ്‍സെടുത്ത സൂരിയെ വാന്‍ ഡര്‍ മെര്‍വ് പുറത്താക്കുകയായിരുന്നു. വണ്‍ഡൗണായി ഇറങ്ങിയ കാഷിഫ് ദൗദ് 15 പന്തില്‍ 15 റണ്‍സെടുത്തും മടങ്ങി. ടീമിനെ 100 കടത്തും മുമ്പ് ഓപ്പണര്‍ മുഹമ്മദ് വസീമും(47 പന്തില്‍ 41) മടങ്ങി. വസീം പുറത്താകുമ്പോള്‍ 16 ഓവറില്‍ 91 റണ്‍സ് മാത്രമാണ് യുഎഇയ്ക്ക് ഉണ്ടായിരുന്നത്.
നൂറ് കടക്കാന്‍ 18-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു യുഎഇയ്‌ക്ക്. പിന്നാലെ സവാര്‍ ഫാരിദും(4 പന്തില്‍ 2), വൃത്യ അരവിന്ദ്(21 പന്തില്‍ 18), ബാസില്‍ ഹമീദ്(4 പന്തില്‍ 4), ക്യാപ്റ്റന്‍ ചുണ്ടങ്ങപ്പൊയില്‍ റിസ്‌വാന്‍(2 പന്തില്‍ 1) എന്നിവര്‍ അതിവേഗം മടങ്ങി. ഇതോടെ യുഎഇയുടെ ഫിനിഷിംഗ് മോഹങ്ങളെല്ലാം അസ്‌തമിച്ചു. നെതര്‍ലന്‍ഡ്‌സ് താരങ്ങളാവട്ടെ മിന്നും ബൗളിംഗും ഫീല്‍ഡിംഗുമായി മത്സരത്തിലുടനീളം തിളങ്ങുകയും ചെയ്തു.
ലോകകപ്പിന് അട്ടിമറിയോടെ തുടക്കം
ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയെ അസോസിയേറ്റ് രാജ്യമായ നമീബിയ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ചതോടെണ് ഓസ്ട്രേലിയയില്‍ കുട്ടിക്രിക്കറ്റിലെ പൂരത്തിന് തുടക്കമായത്. ഗീലോങ്ങില്‍ നമീബിയ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. തുടക്കം മുതല്‍ മത്സരത്തിന്‍റെ നിയന്ത്രണം കയ്യിലാക്കിയാണ് നമീബിയന്‍ ബൗളര്‍മാര്‍ 55 റണ്‍സിന്‍റെ ആധികാരിക ജയം പിടിച്ചെടുത്തത്. സ്കോര്‍: നമീബിയ- 163/7 (20), ശ്രീലങ്ക- 108 (19). 22 പന്തില്‍ 28 റണ്‍സെടുക്കുകയും നാല് ഓവറില്‍ 26ന് രണ്ട് വിക്കറ്റ് നേടുകയും ചെയ്ത ജാന്‍ ഫ്രൈലിങ്കാണ് കളിയിലെ താരം.