മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇന്ത്യ-പാക് ആവേശപ്പോരാട്ടത്തിന് മഴയുടെ ഭീഷണിയുണ്ട് എന്നത് ആരാധകര്‍ക്ക് നിരാശ വാര്‍ത്തയാണ്
മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനായി മൂന്ന് ദിവസം മുമ്പേ മെല്‍ബണിലെത്തി ടീം ഇന്ത്യ. മെല്‍ബണിലേക്ക് ടീം യാത്ര ചെയ്യുന്നതിന്‍റെ ചിത്രം സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. നായകന്‍ രോഹിത് ശര്‍മ്മ, റിസര്‍വ് പേസര്‍മാരായ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എന്നിവരെ ചിത്രത്തില്‍ കാണാം. രോഹിത് ശര്‍മ്മയുടെ മകള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ചിത്രം സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവും പങ്കുവെച്ചിട്ടുണ്ട്.
വെള്ളിയാഴ്‌ച ആദ്യ പരിശീലന സെഷന് രോഹിത് ശര്‍മ്മയും സംഘവും ഇറങ്ങും. ഇന്ന് താരങ്ങള്‍ക്ക് വിശ്രമ ദിനമാണ്. ഞായറാഴ്‌ചയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്നത്. ലോകകപ്പിലെ വാംഅപ് മത്സരങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ ആറ് റണ്‍സിന്‍റെ ജയം അവസാന പന്തില്‍ ഇന്ത്യ നേടിയിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം സന്നാഹമത്സരം ഇന്നലെ മഴമൂലം ഉപേക്ഷിച്ചു. ഗാബയിലെ കനത്ത മഴയാണ് ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ക്ക് തിരിച്ചടിയായത്. അതിനാല്‍ മെല്‍ബണില്‍ ദൈര്‍ഘ്യമുള്ള നെറ്റ് സെഷന് മെല്‍ബണില്‍ ഇന്ത്യന്‍ ടീം തയ്യാറായേക്കും.
undefined
ആശങ്കയായി കാലാവസ്ഥ
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇന്ത്യ-പാക് ആവേശപ്പോരാട്ടത്തിന് മഴയുടെ ഭീഷണിയുണ്ട് എന്നത് ആരാധകര്‍ക്ക് നിരാശ വാര്‍ത്തയാണ്. മത്സരം നടക്കുന്ന ഞായറാഴ്‌ച(ഒക്ടോബര്‍ 23) മെല്‍ബണില്‍ മഴ പ്രവചിച്ചിട്ടുണ്ട്. അതിനാല്‍ 20 ഓവര്‍ വീതമുള്ള മത്സരം നടക്കാനുള്ള സാധ്യത കുറഞ്ഞുവരികയാണ്. മഴയ്ക്ക് 60 ശതമാനം സാധ്യതയുണ്ട് എന്നാണ് വെതര്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്. ഇത് ആരാധകര്‍ക്കൊപ്പം ബ്രോഡ്‌കാസ്റ്റര്‍മാര്‍ക്കും ആശങ്കയാണ്. മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. കഴിഞ്ഞ ലോകകപ്പിലേറ്റ 10 വിക്കറ്റ് തോല്‍വിക്ക് പകരംവീട്ടാനാണ് ടീം ഇന്ത്യ എംസിസിയില്‍ ഇറങ്ങുക.
ബാബർ അസമിന്‍റെ പിറന്നാള്‍ ആഘോഷം കളറാക്കി സുനില്‍ ഗാവസ്‌കര്‍; പാക് നായകന് അപ്രതീക്ഷിത സമ്മാനം