ജീവന്‍ തിരിച്ചുപിടിച്ച് പാകിസ്ഥാന്‍, മറ്റ് ടീമുകള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി; ടീം ഇന്ത്യക്ക് പാരയോ?

By Jomit Jose  |  First Published Nov 3, 2022, 6:16 PM IST

ടി20 ലോകകപ്പില്‍ രണ്ടാം ഗ്രൂപ്പിലെ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല, ദക്ഷിണാഫ്രിക്കയെ പാകിസ്ഥാന്‍ വീഴ്ത്തിയതോടെ ചങ്കിടിപ്പില്‍ ടീമുകളെല്ലാം 


സിഡ്നി: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12ല്‍ ദക്ഷിണാഫ്രിക്കയെ 33 റണ്‍സിന് തോല്‍പിച്ചതോടെ പാകിസ്ഥാന്‍ ജീവന്‍ നിലനിർത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ ഇന്നത്തെ ജയത്തോടെ വീണ്ടും തുറന്നിരിക്കുന്നു. ഗ്രൂപ്പ് രണ്ടില്‍ നാല് കളിയില്‍ ആറ് പോയിന്‍റുമായി ടീം ഇന്ത്യയാണ് ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെങ്കില്‍ ഇന്നത്തെ ജയത്തോടെ 4 പോയിന്‍റിലെത്തിയ പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് ചേക്കേറുകയും ചെയ്തു. 

ഇന്ന് ജയിച്ച് സെമി ഉറപ്പിക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം താറുമാറാക്കിയത്. ഇതോടെ ആറാം തിയതിയിലെ ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളുടെ അവസാന മത്സരങ്ങള്‍ നിർണായകമായി. ദക്ഷിണാഫ്രിക്കയ്ക്ക് നെതർലന്‍ഡ്സും പാകിസ്ഥാന് ബംഗ്ലാദേശും ഇന്ത്യക്ക് സിംബാബ്‍വെയുമാണ് എതിരാളികള്‍. സിംബാബ്‍വെയോട് ജയിച്ചാല്‍ എട്ട് പോയിന്‍റുമായി ഇന്ത്യ അനായാസം സെമിയിലെത്തും. മത്സരം മഴ കൊണ്ടുപോയാലും വീതിച്ച് ലഭിക്കുന്ന ഒരു പോയിന്‍റ് തന്നെ ഇന്ത്യക്ക് ധാരാളം. നെതർലന്‍ഡ്സിനെ വീഴ്ത്തിയാല്‍ ദക്ഷിണാഫ്രിക്കയും സെമി ഉറപ്പാക്കും. 4 പോയിന്‍റ് വീതമുള്ള പാകിസ്ഥാനും ബംഗ്ലാദേശിനും നേർക്കുനേർ പോരില്‍ ജയം മാത്രം പോരാ ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ പരാജയപ്പെടുകയും ചെയ്താല്‍ മാത്രമേ സെമിയില്‍ കടക്കാനാകൂ. ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ അട്ടിമറി തോല്‍വി വഴങ്ങിയാല്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് പാകിസ്ഥാന് നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ സെമിയിലെത്താന്‍ നേരിയ അവസരമുണ്ട്. അതായത്, ഇനിയെല്ലാം കണക്കിലെയും ഭാഗ്യത്തിന്‍റേയും കയ്യിലാണ്. 

Latest Videos

undefined

ഇന്ന് സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിലെ നിർണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മഴനിയമപ്രകാരം 33 റണ്‍സിന് പാകിസ്ഥാന്‍ തകർക്കുകയായിരുന്നു. മഴമൂലം 142 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് 14 ഓവറില്‍ 9 വിക്കറ്റിന് 108 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗില്‍ 22 പന്തില്‍ 52 റണ്‍സെടുത്ത പാക് താരം ഷദാബ് ഖാന്‍ രണ്ട് ഓവറില്‍ 16ന് 2 വിക്കറ്റും നേടി മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഷഹീന്‍ ഷാ അഫ്രീയുടെ മൂന്ന് വിക്കറ്റ് നേട്ടവും ശ്രദ്ധേയമായി. നേരത്തെ ഇഫ്തിഖർ അഹമ്മദും(35 പന്തില്‍ 51) ഫിഫ്റ്റി നേടിയപ്പോള്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റിന് 185 റണ്‍സ് നേടിയിരുന്നു.

ട്വന്‍റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് പാക് ഷോക്ക്; മഴക്കളിയില്‍ പാകിസ്ഥാന് 33 റണ്‍സ് ജയം

click me!