അഫ്‌ഗാനെ വീഴ്‌ത്തിയ ഓസീസ് സെമിയിലെത്തുമോ? ട്വന്‍റി 20 ലോകകപ്പിലെ സാധ്യതകള്‍, പോര് അവസാനിച്ചിട്ടില്ല

By Jomit Jose  |  First Published Nov 4, 2022, 5:30 PM IST

ഗ്രൂപ്പ് ഒന്നില്‍ അഞ്ച് മത്സരങ്ങളും കളിച്ച് ഏഴ് പോയിന്‍റുമായാണ് ന്യൂസിലന്‍ഡ് സെമി ഉറപ്പിച്ചത്


അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇതുവരെ ന്യൂസിലന്‍ഡ് മാത്രമാണ് സെമിയില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടാകുമോ ഓസ്ട്രേലിയയാകുമോ ഇനി രണ്ടാം ടീമായി സെമിയിലെത്തുക എന്നതാണ് ആകാംക്ഷ. അഫ്‌ഗാനിസ്ഥാനെ ഓസ്ട്രേലിയ ഇന്ന് തോല്‍പിച്ചതോടെ ഗ്രൂപ്പ് ഒന്നിലെ മത്സരം കടുത്തിരിക്കുന്നു. നാളെ നടക്കുന്ന ഇംഗ്ലണ്ട്-ശ്രീലങ്ക മത്സരഫലവും നെറ്റ് റണ്‍റേറ്റും ഓസീസിന്‍റെ സെമി മോഹങ്ങള്‍ക്ക് അനിവാര്യമാണ്. 

ഗ്രൂപ്പ് ഒന്നില്‍ അഞ്ച് മത്സരങ്ങളും കളിച്ച് ഏഴ് പോയിന്‍റുമായാണ് ന്യൂസിലന്‍ഡ് സെമി ഉറപ്പിച്ചത്. ഇന്നത്തെ ജയത്തോടെ ഏഴ് പോയിന്‍റ് തന്നെയായി ഓസ്ട്രേലിയ രണ്ടാമതെത്തി. നാളെ ലങ്കയെ വീഴ്‌ത്തിയാല്‍ ഇംഗ്ലണ്ടിനും ഏഴ് പോയിന്‍റാവും. അപ്പോള്‍ ഓസീസ്, ഇംഗ്ലണ്ട് ടീമുകളില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനമാക്കി ഒരു ടീം മാത്രമാകും സെമിയിലെത്തുക. നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. ഇംഗ്ലണ്ടിന് +0.547 ഉം ഓസ്ട്രേലിയക്ക് -0.457 ഉം ആണ് നിലവിലെ നെറ്റ്‌ റണ്‍റേറ്റ്. അതിനാല്‍ എല്ലാക്കണ്ണുകളും നാളത്തെ ഇംഗ്ലണ്ട്-ലങ്ക പോരാട്ടത്തിലേക്ക് നീളുകയാണ്. മത്സരം മഴ കൊണ്ടുപോയാല്‍ ഓസീസിന് സെമിയില്‍ കടക്കാം. ഗ്രൂപ്പ് ഒന്നില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ ഇതിനകം പുറത്തായി. 

Latest Videos

undefined

ഗ്രൂപ്പ് രണ്ടില്‍ ഒരു ടീമും ഇതുവരെ സെമി ഉറപ്പിച്ചിട്ടില്ല. ഞായറാഴ്‌ച നടക്കുന്ന ദക്ഷിണാഫ്രിക്ക-നെതർലന്‍ഡ്‌സ്, പാകിസ്ഥാന്‍-ബംഗ്ലാദേശ്, ഇന്ത്യ-സിംബാബ്‍വെ മത്സരങ്ങളെല്ലാം നിര്‍ണായകം. നാല് കളിയില്‍ ആറ് പോയിന്‍റുമായി ടീം ഇന്ത്യയാണ് ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 4 പോയിന്‍റുമായി പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. സിംബാബ്‍വെയോട് ജയിച്ചാല്‍ എട്ട് പോയിന്‍റുമായി ഇന്ത്യ അനായാസം സെമിയിലെത്തും. മത്സരം മഴ കൊണ്ടുപോയാലും വീതിച്ച് ലഭിക്കുന്ന ഒരു പോയിന്‍റ് തന്നെ ഇന്ത്യക്ക് ധാരാളം. 

അഫ്ഗാനെതിരെ ജയിച്ചാലും ഓസ്‌ട്രേലിയ കാത്തിരിക്കണം; ഇംഗ്ലണ്ട് തോല്‍ക്കണം, അല്ലെങ്കില്‍ മഴദൈവങ്ങള്‍ കനിയണം

click me!