ദേവോണ്‍ കോണ്‍വേയെ സാക്ഷിയാക്കി ഫിന്‍ അലന്‍ തകര്‍ത്തടിയപ്പോള്‍ പവര്‍പ്ലേയില്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 65 റണ്‍സെടുത്തിരുന്നു ന്യൂസിലന്‍ഡ്
സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12 മത്സരങ്ങള്‍ക്ക് ന്യൂസിലന്‍ഡിന്‍റെ ബാറ്റിംഗ് വെടിക്കെട്ടോടെ തുടക്കം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവികള്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ ദേവോണ്‍ കോണ്‍വേയുടെ കരുത്തില്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സെടുത്തു. കോണ്‍വേ 58 പന്തില്‍ 92* റണ്‍സ് നേടി. സഹ ഓപ്പണര്‍ ഫിന്‍ അലന്‍ 16 പന്തില്‍ 42 റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറുകളില്‍ നീഷാം വെടിക്കെട്ടും(13 പന്തില്‍ 26*) ശ്രദ്ധേയമായി.
ദേവോണ്‍ കോണ്‍വേയെ സാക്ഷിയാക്കി ഫിന്‍ അലന്‍ തകര്‍ത്തടിയപ്പോള്‍ ന്യൂസിലന്‍ഡ് പവര്‍പ്ലേയില്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 65 റണ്‍സെടുത്തു. ഓസ്ട്രേലിയക്കെതിരെ ടി20യില്‍ കിവികളുടെ ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അലന്‍റെ സ്റ്റംപുകള്‍ പിഴുത് പേസര്‍ ജോഷ് ഹേസല്‍വുഡാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 16 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 262.50 സ്ട്രൈക്ക് റേറ്റില്‍ അലന്‍ 42 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ നായകന്‍ കെയ്‌ന്‍ വില്യംസണിനൊപ്പം കോണ്‍വേ കളംനിറഞ്ഞതോടെ ന്യൂസിലന്‍ഡ് റണ്ണൊഴുക്കി. 11-ാം ഓവറിലെ ആദ്യ പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ സിക്‌സര്‍ പറത്തി വില്യംസണ്‍ ടീം ടോട്ടല്‍ 100 കടത്തി.
13-ാം ഓവറിലെ ആദ്യ പന്തില്‍ സ്‌പിന്നര്‍ ആദം സാംപയെ സിക്‌സിന് പറത്തി കോണ്‍വേ അര്‍ധ സെഞ്ചുറി തികച്ചു. 36 പന്തിലാണ് താരം 50 തികച്ചത്. അവസാന പന്തില്‍ കെയ്‌ന്‍ വില്യംസണെ സാംപ എല്‍ബിയില്‍ കുരുക്കുമ്പോള്‍ ന്യൂസിലന്‍ഡ് 125ലെത്തിയിരുന്നു. 23 പന്തില്‍ 23 റണ്‍സായിരുന്നു വില്യംസണിന്‍റെ സമ്പാദ്യം. 15 ഓവറില്‍ 144-2 ആയിരുന്നു കിവികളുടെ സ്‌കോര്‍. ഹേസല്‍വുഡിന്‍റെ 17-ാം ഓവറിലെ അവസാന പന്ത് ഗ്ലെന്‍ ഫിലിപ്‌സിന്(10 പന്തില്‍ 12) പുറത്തേക്കുള്ള വഴിയൊരുക്കി. പിന്നാലെ ക്രീസിലെത്തിയത് വെടിക്കെട്ട് വീരന്‍ ജിമ്മി നീഷാം. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍വേ 58 പന്തില്‍ 92* ഉം, നീഷാം 13 പന്തില്‍ 26* റണ്‍സെടുത്തും പുറത്താകാതെ നിന്നു,