ഫോമിലേക്ക് കോലി ശൈലിയില്‍ തിരിച്ചെത്താന്‍ കെ എല്‍ രാഹുല്‍; നിർണായക നീക്കം

By Jomit Jose  |  First Published Oct 28, 2022, 6:10 PM IST

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അടുത്ത മത്സരത്തിന് മുമ്പ് രണ്ട് ദിവസം പാഡി ആപ്ടണിനൊപ്പം സെഷനില്‍ കെ എല്‍ രാഹുല്‍ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്


സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ മോശം ഫോം വലിയ വിമർശനമാണ് നേരിടുന്നത്. സൂപ്പർ-12ല ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റ് കൊണ്ട് തിളങ്ങാന്‍ രാഹുലിനായിരുന്നില്ല. ഇതോടെ രാഹുല്‍ ടീം ഇന്ത്യയുടെ മെന്‍റല്‍ കണ്ടീഷനിംഗ് കോച്ച് പാഡി ആപ്ടണിന്‍റെ സഹായം തേടാനൊരുങ്ങുന്നു എന്നാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്. മുമ്പ് ആപ്ടണിന്‍റെ സഹായം തേടിയ വിരാട് കോലി ഫോമിലേക്ക് ശക്തമായി തിരിച്ചെത്തിയിരുന്നു. 

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അടുത്ത മത്സരത്തിന് മുമ്പ് രണ്ട് ദിവസം പാഡി ആപ്ടണിനൊപ്പം സെഷനില്‍ കെ എല്‍ രാഹുല്‍ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്. രാഹുലിന്‍റെ കളിയില്‍ സാങ്കേതിക പ്രശ്നങ്ങളില്ലായെന്നും മാനസിക തടസമാണ് താരം നേരിടുന്നത് എന്നുമാണ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മയും കരുതുന്നത് എന്ന് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. ഇതിനാല്‍ ആപ്ടണിനൊപ്പം രാഹുലിനെ ഒരു മണിക്കൂർ വീതമുള്ള സെഷന് രണ്ട് ദിനം അയക്കാനാണ് തീരുമാനം. 

Latest Videos

undefined

ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ശേഷം വാംഅപ് മത്സരത്തില്‍ തിളങ്ങിയെങ്കിലും ആ ഫോം രാഹുലിന് തുടരാനാകാതെ വരികയായിരുന്നു. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ മെല്‍ബണില്‍ 4 റണ്‍സില്‍ പുറത്തായ താരം നെതർലന്‍ഡ്സിനെതിരെ സിഡ്നിയില്‍ 9 റണ്‍സേ നേടിയുള്ളൂ. മത്സരത്തിന് മുമ്പ് എസ്‍സിജിയില്‍ നടത്തിയ നെറ്റ് സെഷനൊന്നും പ്രയോജനപ്പെട്ടില്ല. ഏഷ്യാ കപ്പില്‍ പാഡി ആപ്ടണിന്‍റെ കീഴില്‍ പരിശീലിച്ച വിരാട് കോലി തുടർച്ചയായ രണ്ട് അർധസെഞ്ചുറികളുമായി ശക്തമായി തിരിച്ചെത്തിയിരുന്നു. ലോകകപ്പില്‍ കോലി ആ ഫോം തുടരുന്നു. രാഹുലും ഇതേ രീതിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. ഞായറാഴ്ച പെർത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക അടുത്ത മത്സരം. 

ന്യൂസിലന്‍ഡ്-ലങ്ക മത്സരം ഏറെ നിർണായകം; നാളെ സിഡ്നിയിലെ കളിയും മഴ റാഞ്ചുമോ?
 

click me!