ട്വന്‍റി 20 ലോകകപ്പ്: സെമി ഉറപ്പിച്ച ഒരു ടീം പോലുമില്ല; കാത്തിരിക്കുന്നത് ട്വിസ്റ്റുകളുടെ മാലപ്പടക്കമോ?

By Jomit Jose  |  First Published Nov 3, 2022, 7:51 PM IST

ഗ്രൂപ്പ് ഒന്നിലെ സെമി ചിത്രം നവംബർ നാലിനും അഞ്ചിനുമായും രണ്ടിലേത് തൊട്ടടുത്ത ദിവസം ആറാം തിയതിയും തെളിയും


മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12ല്‍ വെറും ആറ് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. എങ്കിലും ഇതുവരെ രണ്ട് ഗ്രൂപ്പിലും ഒരു ടീം പോലും സെമിയിലെത്തിയിട്ടില്ല എന്നതാണ് കൗതുകകരം. ടീമുകളുടെ പ്രതീക്ഷയെല്ലാം തെറ്റിച്ച് ടൂർണമെന്‍റ് വേദിയായ ഓസ്ട്രേലിയയില്‍ മഴ തകർത്ത് പെയ്‍തതാണ് ഇത്രത്തോളം ട്വിസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പന്ത്രണ്ടില്‍ രണ്ട് ടീമുകള്‍ മാത്രമാണ് ഔദ്യോഗികമായി ടൂർണമെന്‍റില്‍ നിന്ന് ഇതുവരെ പുറത്തായിട്ടുള്ളൂ. 

അവശേഷിക്കുന്ന മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് അയർലന്‍ഡിനെയും ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെയും ഇംഗ്ലണ്ട് ശ്രീലങ്കയെയും ദക്ഷിണാഫ്രിക്ക നെതർലന്‍ഡ്‍സിനെയും പാകിസ്ഥാന്‍ ബംഗ്ലാദേശിനെയും ഇന്ത്യ സിംബാബ്‍വെയേയും നേരിടും. ഗ്രൂപ്പ് ഒന്നിലെ സെമി ചിത്രം നവംബർ നാലിനും അഞ്ചിനുമായും രണ്ടിലേത് തൊട്ടടുത്ത ദിവസം ആറാം തിയതിയും തെളിയും. സിഡ്നിയിലും അഡ്‍ലെയ്ഡിലുമായി നവംബർ 9, 10 തിയതികളിലാണ് സെമി മത്സരങ്ങള്‍. കലാശപ്പോര് മെല്‍ബണ്‍ ക്രിക്കറ്റ് ​ഗ്രൗണ്ടില്‍ 13-ാം തിയതി നടക്കും. ഇനി ടീമുകളുടെ സെമി സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം. 

Latest Videos

undefined

ഗ്രൂപ്പ് ഒന്നില്‍ കടുകട്ടിയാണ് സെമി സാധ്യത. എല്ലാ ടീമുകളും നാല് വീതം മത്സരം കളിച്ചപ്പോള്‍ അഞ്ച് പോയിന്‍റുമായി ന്യൂസിലന്‍ഡാണ് മുന്നില്‍. ഇത്രതന്നെ പോയിന്‍റുള്ള ഇംഗ്ലണ്ട് രണ്ടും ഓസീസ് മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ടീമുകളുടെ നെറ്റ് റണ്‍റേറ്റ് പരിഗണിച്ചാല്‍ കിവികള്‍(+2.233) ബഹുദൂരം മുന്നിലാണ്. ഇംഗ്ലണ്ടിന് +0.547 ഉം ഓസ്ട്രേലിയക്ക് -0.304 ഉം ആണ് നെറ്റ് റണ്‍റേറ്റ്. നാല് പോയിന്‍റും -0.457 നെറ്റ് റണ്‍റേറ്റുമുള്ള ശ്രീലങ്കയുടെ പ്രതീക്ഷകളും അസ്തമിച്ചിട്ടില്ല. പക്ഷേ ലങ്കയ്ക്ക് ഇംഗ്ലണ്ടാണ് എതിരാളികള്‍ എന്നതാണ് തലവേദന.  

ഗ്രൂപ്പ് രണ്ടിലും കാര്യങ്ങള്‍ അത്ര ഭിന്നമല്ല. ആറ് പോയിന്‍റുമായി ഇന്ത്യയാണ് നിലവില്‍ തലപ്പത്ത്. അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക രണ്ടും നാല് പോയിന്‍റ് വീതമുള്ള പാകിസ്ഥാനും ബംഗ്ലാദേശും മൂന്നും നാലും സ്ഥാനങ്ങളിലും നില്‍ക്കുന്നു. അടുത്ത മത്സരത്തില്‍ സിംബാബ്‍വെയെ തോല്‍പിച്ചാലോ മത്സരം മഴമൂലം ഉപേക്ഷിച്ചാലോ ഇന്ത്യ സെമിയിലെത്തും. ദക്ഷിണാഫ്രിക്കയ്ക്കും താരതമ്യേന ദുർബലരാണ് എതിരാളികള്‍. അത്ഭുതങ്ങള്‍ സംഭവിക്കാതെ പാകിസ്ഥാനും ബംഗ്ലാദേശിനും കാര്യങ്ങള്‍ അനുകൂലമാവില്ല. ഗ്രൂപ്പ് ഒന്നില്‍ നിന്ന് അഫ്ഗാനിസ്ഥാനും രണ്ടില്‍ നെതർലന്‍ഡ്‍സും ഇതിനകം പുറത്തായിക്കഴിഞ്ഞു. 

ജീവന്‍ തിരിച്ചുപിടിച്ച് പാകിസ്ഥാന്‍, മറ്റ് ടീമുകള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി; ടീം ഇന്ത്യക്ക് പാരയോ?

 

click me!