ആര് വന്നാലും ബുമ്രയുടെ പകരക്കാരനാവാന്‍ കഴിയില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസർ ഡെയ്ല്‍ സ്റ്റെയ്ന്‍ പറയുന്നത്
മുംബൈ: ടീം ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് ടീമില്‍ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബുമ്രയുടെ സ്ഥാനത്തെത്താന്‍ മുഹമ്മദ് ഷമിക്കാണ് കൂടുതല്‍ സാധ്യത എന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എങ്കിലും ആര് വന്നാലും ബുമ്രയുടെ പകരക്കാരനാവാന്‍ കഴിയില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസർ ഡെയ്ല്‍ സ്റ്റെയ്ന്‍ പറയുന്നത്.
'ജസ്പ്രീത് ബുമ്രയുടെ പകരക്കാരനാവുക ഒരു താരത്തിന് പ്രയാസമുള്ള കാര്യമാണ്. ബുമ്രയുടെ സ്ഥാനത്ത് മറ്റൊരാള്‍ക്ക് സുവർണാവസരം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ബുമ്രയുടെ പകരക്കാരനായാണ് വരുന്നത് എന്നതിനാല്‍ ഒരുപടി കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. കാരണം നിങ്ങള്‍ നികത്താന്‍ പോകുന്നത് ബുമ്രയുടെ സ്ഥാനമാണ്. ബുമ്ര ലോകോത്തര താരമാണ്. അദ്ദേഹത്തെ ടീം ഇന്ത്യ ലോകകപ്പില്‍ തീർച്ചയായും മിസ് ചെയ്യും' എന്നും സ്റ്റെയ്ന്‍ സ്റ്റാർ സ്പോർട്സിലെ ഷോയില്‍ കൂട്ടിച്ചേർത്തു.
'ജസ്പ്രീത് ബുമ്ര ലോകകപ്പിനില്ലാത്തത് ടീമിന് കനത്ത തിരിച്ചടിയായത് എന്ന് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് ബാംഗറും വ്യക്തമാക്കി. ബുമ്രയില്ലാത്ത ഇന്ത്യന്‍ ടീമിനെ കുറിച്ച് മറ്റ് ടീമുകള്‍ക്ക് വേറിട്ട പദ്ധതികളാണുണ്ടാവുക. ടീമുകള്‍ ഇന്ത്യക്കെതിരെ ബാറ്റിംഗ് സമീപനം മാറ്റും. അതിനാല്‍ കനത്ത തിരിച്ചടിയാണ് ബുമ്രയുടെ അസാന്നിധ്യം നല്‍കുക. ദീപക് ചാഹറോ മുഹമ്മദ് ഷമിയോ അർഷ്ദീപ് സിംഗോ സാഹചര്യത്തിന് അനുസരിച്ച് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും' ബാംഗർ പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.
സഞ്ജു അസാധാരണ പ്രതിഭ, മികവ് തുടരും; വാഴ്ത്തിപ്പാടി ആർ അശ്വിന്‍