ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടില്‍ കടുത്ത മത്സരമാണ് സെമിയുറപ്പിക്കാന്‍ ടീമുകള്‍ തമ്മില്‍ നടക്കുന്നത്
മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ സെമി പ്രവേശനം നിശ്ചയിക്കുന്ന മത്സരമാണ് ഞായറാഴ്‌ച(നവംബര്‍-6). മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സിംബാബ്‌വെയാണ് എതിരാളികള്‍. മത്സരത്തില്‍ ജയിച്ചാലോ മഴമൂലം ഉപേക്ഷിച്ചാലോ ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്യും. മറിച്ച് അപ്രതീക്ഷിത അട്ടിമറിയെങ്ങാനും വഴങ്ങിയാല്‍ പാകിസ്ഥാനും ദക്ഷിണാഫ്രിക്കയുമടക്കമുള്ള മറ്റ് ടീമുകളുടെ മത്സരഫലം നിര്‍ണായകമാകും. ഞായറാഴ്‌ച മെല്‍ബണില്‍ ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് ഒന്നരയ്ക്കാണ് ഇന്ത്യ-സിംബാബ്‌വെ മത്സരം തുടങ്ങുക.
മത്സരത്തിന് മുമ്പ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഞായറാഴ്ച മെല്‍ബണില്‍ മഴ കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിച്ചിട്ടില്ല. തെളിഞ്ഞ ആകാശമായിരിക്കും മത്സരസമയം എന്നാണ് പ്രവചനം. രാത്രിയില്‍ മാത്രമായിരിക്കും നേരിയ മഴയ്ക്ക് സാധ്യത. എന്നാല്‍ ഇതൊന്നും മത്സരത്തെ ബാധിക്കുന്ന തരത്തിലല്ല. അതിനാല്‍ സമ്പൂര്‍ണ മത്സരം മെല്‍ബണില്‍ പ്രതീക്ഷിക്കാം. കഴിഞ്ഞയാഴ്ച മെല്‍ബണിലെ മൂന്ന് മത്സരങ്ങള്‍ മഴ കൊണ്ടുപോയിരുന്നു.
undefined
ഗ്രൂപ്പ് രണ്ടില്‍ കടുത്ത മത്സരമാണ് സെമിയുറപ്പിക്കാന്‍ ടീമുകള്‍ തമ്മില്‍ നടക്കുന്നത്. ഞായറാഴ്‌ച നടക്കുന്ന ദക്ഷിണാഫ്രിക്ക-നെതർലന്‍ഡ്‌സ്, പാകിസ്ഥാന്‍-ബംഗ്ലാദേശ്, ഇന്ത്യ-സിംബാബ്‍വെ മത്സരങ്ങളെല്ലാം നിര്‍ണായകം. നാല് കളിയില്‍ ആറ് പോയിന്‍റുമായി ടീം ഇന്ത്യയാണ് ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 4 പോയിന്‍റുമായി പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. സിംബാബ്‍വെയോട് ജയിച്ചാല്‍ എട്ട് പോയിന്‍റുമായി ഇന്ത്യ അനായാസം സെമിയിലെത്തും. മത്സരം മഴ കൊണ്ടുപോയാലും വീതിച്ച് ലഭിക്കുന്ന ഒരു പോയിന്‍റ് തന്നെ ഇന്ത്യക്ക് ധാരാളം.
നെതർലന്‍ഡ്‌സിനെ വീഴ്ത്തിയാല്‍ ദക്ഷിണാഫ്രിക്കയും സെമി ഉറപ്പാക്കും. 4 പോയിന്‍റ് വീതമുള്ള പാകിസ്ഥാനും ബംഗ്ലാദേശിനും നേർക്കുനേർ പോരില്‍ ജയം മാത്രം പോരാ ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ പരാജയപ്പെടുകയും ചെയ്താല്‍ മാത്രമേ സെമിയില്‍ കടക്കാനാകൂ. ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ അട്ടിമറി തോല്‍വി വഴങ്ങിയാല്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് പാകിസ്ഥാന് നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ സെമിയിലെത്താന്‍ നേരിയ അവസരമുണ്ട്. നെതര്‍ലന്‍ഡും സിംബാബ്‌വെയും ഇതിനകം സെമി ഫൈനല്‍ ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ നിന്ന് പുറത്തായിട്ടുണ്ട്.