ഇന്നത്തെ നെതർലന്‍ഡ്സ് മത്സരത്തോടെ റണ്‍ട്രാക്കിലേക്ക് രോഹിത് ശർമ്മയ്ക്കും കെ എല്‍ രാഹുലിനും തിരിച്ചുവരേണ്ടതുണ്ട്
സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ ഇന്ന് സൂപ്പർ-12 പോരാട്ടത്തില്‍ നെതർലന്‍ഡ്സിനെതിരെ ഇറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം നായകന്‍ രോഹിത് ശർമ്മയും സഹഓപ്പണർ കെ എല്‍ രാഹുലും. ആദ്യ മത്സരത്തില്‍ അവസാന ഓവർ ത്രില്ലറില്‍ ഇന്ത്യ വിജയിച്ചെങ്കിലും ഇരുവരും ബാറ്റിംഗില്‍ നിരാശയാണ് സമ്മാനിച്ചത്. താരതമ്യേന ദുർബലരായ നെതർലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ ഇരുവർക്കും റണ്‍സ് കണ്ടെത്തേണ്ടതുണ്ട്.
സൂപ്പർ-12ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശക്തരായ എതിരാളികളാണ് പ്രോട്ടീസ് എന്നതിനാല്‍ ഇന്നത്തെ നെതർലന്‍ഡ്സ് മത്സരത്തോടെ റണ്‍ട്രാക്കിലേക്ക് രോഹിത് ശർമ്മയ്ക്കും കെ എല്‍ രാഹുലിനും തിരിച്ചുവരേണ്ടതുണ്ട്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് രാഹുല്‍ എട്ടും രോഹിത് ഏഴും പന്തുകളില്‍ 4 വീതം റണ്‍സാണ് നേടിയത്. 3.2 ഓവറിനുള്ളില്‍ ഇരുവരും കൂടാരം കയറി. തുടക്കത്തിലെ ആക്രമിച്ച് കളിക്കുന്ന രോഹിത് ശൈലിയൊന്നും വിജയിക്കുന്നില്ല എന്നാണ് കഴിഞ്ഞ മത്സരങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പരിശീലന മത്സരത്തിലെ തിളക്കം ലോകകപ്പിലേക്ക് കൊണ്ടുവരേണ്ടതാണ് രാഹുലിന്‍റെ ചുമതല. പാകിസ്ഥാനെ നേരിട്ട അതേ ഇലവനാകും നെതർലന്‍ഡ്സിനെതിരെ എന്ന സൂചന ബൗളിംഗ് പരിശീലകന്‍ പരാസ് മാംബ്രെ നല്‍കിയിട്ടുണ്ട്.
undefined
'ഹാർദിക് പാണ്ഡ്യ പൂർണ ആരോഗ്യവാനാണ്. അദേഹത്തിന് വിശ്രമം നല്‍കുന്നത് പരിഗണനയിലില്ല. എല്ലാ മത്സരങ്ങളും കളിക്കണമെന്ന ആഗ്രഹം അയാള്‍ക്കുണ്ട്. ഹാർദിക് ടീമിന്‍റെ നിർണായക താരമാണ്. ടീമിനെ സന്തുലിതമാക്കുന്നു. പാകിസ്ഥാനെതിരെ വിരാട് നന്നായി ഫിനിഷ് ചെയ്തെങ്കിലും പരിചയസമ്പന്നനായ താരം ബാറ്റിംഗ് ഓർഡറില്‍ താഴെ വേണം' എന്നും മാംബ്രെ വ്യകക്തമാക്കിയിരുന്നു. സിഡ്നിയില്‍ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് നെതർലന്‍ഡ്സിന് എതിരായ മത്സരം ആരംഭിക്കുക. മത്സരത്തിന് മഴ ഭീഷണിയുണ്ട്. സിഡ്നിയില്‍ ടോസ് നേടുന്നവർ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ട്വന്‍റി 20 ലോകകപ്പ്: നെതർലന്‍ഡ്സിനെതിരെ വെടിക്കെട്ടിന് ടീം ഇന്ത്യ; സിഡ്നിയില്‍ മഴ ആശങ്കകള്‍