ആഞ്ഞടിച്ച് അര്‍ഷ്‌ദീപ് സിംഗ്; പെര്‍ത്തില്‍ മുന്‍നിര തകര്‍ന്ന് ദക്ഷിണാഫ്രിക്ക

By Jomit Jose  |  First Published Oct 30, 2022, 6:48 PM IST

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പതറിയ ടീം ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് 20 ഓവറില്‍ 133-9 എന്ന സ്കോറിലെത്തിച്ചത്


പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ 134 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് അര്‍ഷ്‌ദീപ് സിംഗിന്‍റെ പേസാക്രണം. ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ഇരട്ട വിക്കറ്റ് നേടിയ അര്‍ഷിന്‍റെ മികവില്‍ പ്രോട്ടീസിനെ പവര്‍പ്ലേയില്‍ ഇന്ത്യ 24-3 എന്ന സ്കോറില്‍ ഒതുക്കിയിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡികോക്ക്(3 പന്തില്‍ 1), കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ റൈലി റൂസ്സോ(2 പന്തില്‍ 0) എന്നിവരെ അര്‍ഷ്‌ദീപ് പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ തെംബാ ബാവുമയുടെ(15 പന്തില്‍ 10) വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്. 

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 6 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഡേവി‍ഡ് മില്ലറും(0*), ഏയ്‌ഡന്‍ മാര്‍ക്രവുമാണ്(12*) ക്രീസില്‍. അര്‍ഷ്‌ദീപ് സിംഗ് 2 ഓവറില്‍ 8 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇതിനകം രണ്ട് വിക്കറ്റ് നേടിയത്. 

Latest Videos

undefined

എന്‍ഗിഡി കൊടുങ്കാറ്റ്, സൂര്യ മിന്നല്‍ 

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങി പതറിയ ടീം ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് 20 ഓവറില്‍ 133-9 എന്ന സ്കോറിലെത്തിച്ചത്. സൂര്യ 40 പന്തില്‍ 68 റണ്‍സെടുത്തു. ഒരവസരത്തില്‍ 49 റണ്‍സിന് അഞ്ച് വിക്കറ്റ് വീണിടത്തുനിന്നാണ് സൂര്യയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യന്‍ തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 29 റണ്‍സിന് നാല് പേരെയും വെയ്‌ന്‍ പാര്‍നല്‍ വെറും 15 റണ്ണിന് മൂന്ന് പേരെയും പുറത്താക്കി. ആന്‍‌റിച്ച് നോര്‍ക്യയ്ക്കാണ് മറ്റൊരു വിക്കറ്റ്. 

രോഹിത് ശര്‍മ്മ 14 പന്തില്‍ 15നും കെ എല്‍ രാഹുല്‍ 14 പന്തില്‍ 9നും വിരാട് കോലി 11 പന്തില്‍ 12നും ദീപക് ഹൂഡ 3 പന്തില്‍ പൂജ്യത്തിനും ഹാര്‍ദിക് പാണ്ഡ്യ 3 പന്തില്‍ 2നും പുറത്തായതോടെയാണ് ഇന്ത്യ 49-5 എന്ന നിലയിലേക്ക് കാലിടറി വീണത്. 

എന്‍ഗിഡിയുടെ നാല് വിക്കറ്റിന് മേല്‍ ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, മിന്നല്‍ ഫിഫ്റ്റി; പ്രോട്ടീസിന് ലക്ഷ്യം 134

click me!