ബാബർ അസമിന്‍റെ പിറന്നാള്‍ ആഘോഷം കളറാക്കി സുനില്‍ ഗാവസ്‌കര്‍; പാക് നായകന് അപ്രതീക്ഷിത സമ്മാനം

By Jomit Jose  |  First Published Oct 18, 2022, 8:06 AM IST

ബാറ്റിംഗ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പിന്നാലെ ബാബറിന് പറഞ്ഞുനല്‍കി സുനിൽ ഗവാസ്കർ


ബ്രിസ്‌ബേന്‍: പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന് പിറന്നാൾ സമ്മാനം നൽകി ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗാവസ്‌കർ. ഒപ്പം ചില ബാറ്റിംഗ് ടിപ്‌സും ഗാവസ്‌കർ പാക് നായകന് നൽകി. ട്വന്‍റി 20 ലോകകപ്പിനായി ഓസ്ട്രേലിയയില്‍ എത്തിയപ്പോഴായിരുന്നു ബാബര്‍ അസമിന്‍റെ പിറന്നാളാഘോഷം. 

ബാബർ അസം 28-ാം പിറന്നാൾ പാക് താരങ്ങൾക്കൊപ്പം ആഘോഷിക്കുന്നതിനിടെയാണ് പിറന്നാൾ ആഘോഷ വേദിയിലേക്ക് ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഗാവസ്‌കർ എത്തിയത്. ബാറ്റിംഗ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പൊടിക്കൈകൾ ബാബറിന് പറഞ്ഞുനല്‍കി സുനിൽ ഗവാസ്കർ. പാക് നായകന് തന്‍റെ സ്നേഹ സമ്മാനവും കൈമാറി. ഓട്ടോഗ്രാഫോടുകൂടിയ തൊപ്പിയായിരുന്നു ബാബറിന് ഗാവസ്‌കറുടെ പിറന്നാള്‍ സ്നേഹം.

Latest Videos

ഞായാറാഴ്‌ചയാണ് ട്വന്‍റി 20 ലോകകപ്പിൽ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇരു ടീമുകളും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യയെ പാകിസ്ഥാൻ 10 വിക്കറ്റിന് തോൽപിച്ചിരുന്നു. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നീ ടോപ് ത്രീയെ പുറത്താക്കിയ യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയായിരുന്നു പാകിസ്ഥാന്‍റെ വിജയശില്‍പി. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ മുഹമ്മദ് റിസ്‌വാന്‍ 55 പന്തില്‍ 79* ഉം ബാബര്‍ അസം  52 പന്തില്‍ 68* ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റുമായി മത്സരത്തിലെ താരമായി ഷഹീന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

എന്നാല്‍ ഇക്കുറി പാകിസ്ഥാനെ തോല്‍പിക്കാം എന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഓസ്ട്രേലിയയിലെ ആദ്യ സന്നാഹ മത്സരത്തില്‍ ആരോണ്‍ ഫിഞ്ചിനെയും കൂട്ടരേയും ഇന്ത്യ ആറ് റണ്‍സിന് തോല്‍പിച്ച് തയ്യാറെടുപ്പ് ഗംഭീരമാക്കിയിരിക്കുകയാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ പേസര്‍ മുഹമ്മദ് ഷമിയുടെ കരുത്തിലായിരുന്നു ഇന്ത്യന്‍ വിജയം. ഇന്നിംഗ്‌സിലെ അവസാന ഓവര്‍ മാത്രമെറിഞ്ഞ ഷമി വെറും നാല് റണ്ണിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കൂടാതെ ഒരു റണ്ണൗട്ടുമുണ്ടായിരുന്നു. ബാറ്റിംഗില്‍ കെ എല്‍ രാഹുലും(57), സൂര്യകുമാര്‍ യാദവും(50) അര്‍ധ സെഞ്ചുറി നേടിയതും പ്രതീക്ഷയാണ്.  

ടി20 ലോകകപ്പ്: ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം മഴ കവരുമോ? ആശങ്ക കനക്കുന്നു

click me!