മുഹമ്മദ് ഷമി കളിക്കുമോ, പാകിസ്ഥാനെതിരായ പ്ലേയിംഗ് ഇലവന്‍ എങ്ങനെ? മറുപടിയുമായി രോഹിത് ശര്‍മ്മ

By Jomit Jose  |  First Published Oct 22, 2022, 11:00 AM IST

പാകിസ്ഥാനെതിരായ അങ്കത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ചോദ്യത്തിന് മറുപടി നല്‍കി


മെല്‍ബണ്‍: ഇന്ത്യന്‍ ബാറ്റര്‍മാരും പാകിസ്ഥാന്‍ ബൗളര്‍മാരും തമ്മിലുള്ള അങ്കം. ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടങ്ങളെ കുറിച്ച് നാളുകളായുള്ള ചിത്രമാണിത്. യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ ഈ വിശേഷണം ശരിവെക്കുന്ന പോരാട്ടം നമ്മള്‍ കണ്ടതാണ്.  ട്വന്‍റി 20 ലോകകപ്പില്‍ ഇക്കുറി ബാറ്റിംഗ് നിര ശക്തമെങ്കിലും ബൗളിംഗ് കൂടി അതിശക്തമാക്കേണ്ടതുണ്ട് ഇന്ത്യക്ക്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് ലോകകപ്പില്‍ കളിക്കുന്നില്ല എന്നതുതന്നെ ഇതിന് കാരണം. ബുമ്രയുടെ പകരക്കാരനായി അവസാന നിമിഷം സ്‌ക്വാഡിലെത്തിയ മുഹമ്മദ് ഷമി കളിക്കുമോ എന്നതാണ് പ്രധാന ചോദ്യം. 

പാകിസ്ഥാനെതിരായ അങ്കത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ഈ ചോദ്യത്തിന് മറുപടി നല്‍കി. സന്നാഹ മത്സരത്തിനിടെ കാലില്‍ ബാന്‍ഡേജ് കെട്ടിയിരിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ദൃശ്യങ്ങള്‍ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ സ്ക്വാഡിലെ 15 താരങ്ങളും പാകിസ്ഥാനെതിരായ മത്സരത്തിനുള്ള സെലക്ഷന് തയ്യാറാണ് എന്നാണ് രോഹിത്തിന്‍റെ വാക്കുകള്‍. 

Latest Videos

undefined

15 പേരും തയ്യാര്‍

'കളത്തിലിറങ്ങാന്‍ മുഹമ്മദ് ഷമി തയ്യാറാണ്. അദ്ദേഹം ഇന്ന് പരിശീലനം നടത്തുന്നത് കാണാം. ഷമി വളരെ പരിചയസമ്പന്നനാണ്, ബുമ്രക്ക് ഏറ്റവും ഉചിതമായ പകരക്കാരനും. കാലാവസ്ഥ ഓരോ നിമിഷത്തിലും മാറുന്നതിനാല്‍ പ്ലേയിംഗ് നാളെ രാവിലെ മത്സരത്തിന് തൊട്ടുമുമ്പേ തീരുമാനിക്കുകയുള്ളൂ. അവസാന നിമിഷം വരെ കാത്തിരിക്കും. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയുണ്ട്' എന്നും രോഹിത് ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാകിസ്ഥാനെതിരെ റിഷഭ് പന്തിനെ മറികടന്ന് വെറ്ററന്‍ ഫിനിഷര്‍ ദിനേശ് കാര്‍ത്തിക്കാകും വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലെത്തുക എന്ന സൂചനകള്‍ നേരത്തെ ടീം ക്യാംപില്‍ നിന്ന് പുറത്തുവന്നിരുന്നു. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാളെയാണ് ഇന്ത്യ-പാക് പോരാട്ടം. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി. 

മെല്‍ബണില്‍ മാനം തെളിയുന്നു; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ആവേശ വാര്‍ത്ത

click me!