കാത്തിരിക്കുന്നത് ട്വന്‍റി 20യിലെ സുവര്‍ണ നേട്ടം; ചരിത്രത്തിലെ ആദ്യ താരമാകാന്‍ വിരാട് കോലി

By Jomit Jose  |  First Published Nov 10, 2022, 9:22 AM IST

അഡ്‌ലെയ്‌ഡ് ഓവലില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ഒരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് കിംഗ് കോലി


അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി അഡ്‌ലെയ്‌ഡില്‍ ഇന്ന് നടക്കുമ്പോള്‍ നീലപ്പടയില്‍ ശ്രദ്ധേയനായൊരു താരം മുന്‍ നായകന്‍ വിരാട് കോലിയാണ്. ടൂര്‍ണമെന്‍റില്‍ അര്‍ധസെഞ്ചുറികളുമായി റണ്‍വേട്ട തുടരുന്ന കോലിയുടെ ബാറ്റിംഗില്‍ ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഏറെ പ്രതീക്ഷ. അഡ്‌ലെയ്‌ഡ് ഓവലില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ഒരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് കിംഗ് കോലി. നിലവിലെ ഫോം തുടര്‍ന്നാല്‍ അനായാസം കോലിക്ക് ഈ നേട്ടത്തിലേക്ക് ചേക്കേറാം. 

ഇന്ന് 42 റൺസ് കൂടി നേടിയാൽ രാജ്യാന്തര ട്വന്‍റി 20യിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം വിരാട് കോലിക്ക് സ്വന്തമാവും. 114 കളിയിൽ കോലി 3958 റൺസെടുത്തിട്ടുണ്ട്. 3826 റൺസെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്. രാജ്യാന്തര ടി20യില്‍ 106 ഇന്നിംഗ്‌സുകളില്‍ 52.77 ശരാശരിയിലും 138.15  സ്ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ് കോലി സ്വന്തമാക്കിയത്. ഒരു സെഞ്ചുറിയും 36 അര്‍ധസെഞ്ചുറികളും കോലിയുടെ പക്കലുണ്ട്. ഈ ലോകകപ്പില്‍ കോലി മിന്നും ഫോമിലാണ്. ടൂര്‍ണമെന്‍റിലെ അഞ്ച് മത്സരങ്ങളില്‍ 123.00 ശരാശരിയിലും 138.98 സ്ട്രൈക്ക് റേറ്റിലും കോലി 246 റണ്‍സ് കോലി നേടിക്കഴിഞ്ഞു. 225 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പട്ടികയില്‍ മൂന്നാമതുണ്ട്. 

Latest Videos

undefined

അഡ്‌ലെയ്‌ഡ് ഓവലില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി തുടങ്ങുക. ഒരു മണിക്ക് ടോസ് അറിയാം. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുമാണ് നയിക്കുന്നത്. ഇന്ത്യ-പാക് ഫൈനല്‍ വരുമോ ലോകകപ്പില്‍ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍ ഇടംപിടിച്ചിരുന്നു. പേസര്‍ ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അര്‍ധ സെഞ്ചുറികളുമായി ക്യാപ്റ്റന്‍ ബാബര്‍ അസമും(42 പന്തില്‍ 53), മുഹമ്മദ് റിസ്‌വാനും(43 പന്തില്‍ 57), മുഹമ്മദ് ഹാരിസും(26 പന്തില്‍ 30) പാകിസ്ഥാനായി ബാറ്റിംഗില്‍ തിളങ്ങി. 

ട്വന്‍റി 20 ലോകകപ്പ്: കണക്കുകളില്‍ ടീം ഇന്ത്യക്ക് പ്രതീക്ഷ; പക്ഷേ ബട്‌ലറുടെ ഇംഗ്ലണ്ടിനെ പേടിക്കണം

click me!