ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തില്‍ ഡികെ വിക്കറ്റ് കാക്കും; റിഷഭ് പന്ത് പുറത്തിരിക്കണം?

By Jomit Jose  |  First Published Oct 20, 2022, 11:33 AM IST

ഇന്ത്യ-പാക് മത്സരത്തില്‍ റിഷഭ് പന്തിനെ പിന്തള്ളി ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലെത്തും എന്നാണ് റിപ്പോര്‍ട്ട്


മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടത്തിന്‍റെ ആവേശം മുറുകുകയാണ്. പാകിസ്ഥാനെതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആകാംക്ഷ മുറുകുമ്പോള്‍ ബാറ്റിംഗ് നിരയില്‍ ആരാധകര്‍ക്ക് ഒറ്റ സംശയമേയുണ്ടായിരുന്നുള്ളൂ. അത് വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ്. വെറ്ററന്‍ ദിനേശ് കാര്‍ത്തിക്കോ യുവതാരം റിഷഭ് പന്തോ ആരാവും പാകിസ്ഥാനെതിരെ ഇറങ്ങുക എന്നായിരുന്നു ചോദ്യം. ഇക്കാര്യത്തില്‍ വ്യക്തത വന്നുകഴിഞ്ഞു എന്നാണ് ഇന്‍സൈഡ്‌സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. 

ഇന്ത്യ-പാക് മത്സരത്തില്‍ റിഷഭ് പന്തിനെ പിന്തള്ളി ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലെത്തും എന്നാണ് റിപ്പോര്‍ട്ട്. അവസാന മത്സരങ്ങളില്‍ ഡികെയുടെ ഫോമിനെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നുവെങ്കിലും താരത്തിന്‍റെ ഫിനിഷിംഗ് മികവിനെ ടീം മാനേജ്‌മെന്‍റ് വിശ്വസിക്കുന്നു. ഓസ്ട്രേലിയക്കെതിരായ വാംഅപ് മത്സരത്തില്‍ ദിനേശ് കാര്‍ത്തിക്കാണ് കളിച്ചത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം കളി മഴമൂലം മുടങ്ങിയതോടെ ഇരു താരങ്ങള്‍ക്കും അവസരമൊരുങ്ങിയില്ല. ഇതിന് മുമ്പ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് എതിരായ രണ്ട് അനൗദ്യോഗിക സന്നാഹമത്സരങ്ങളില്‍ റിഷഭ് പന്താണ് ഇറങ്ങിയത്. 

Latest Videos

undefined

ട്വന്‍റി 20 ലോകകപ്പ് കഴിയും വരെ ദിനേശ് കാര്‍ത്തിക്കിനാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീം പരിഗണന നല്‍കുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഐപിഎല്ലിലെ മികവിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഡികെ ഇന്ത്യന്‍ ജേഴ്‌സിയിലും ഫിനിഷിംഗ് മികവ് പ്രകടിപ്പിച്ചിരുന്നു. 

ഓസ്ട്രേലിയയിലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണ് അയല്‍ക്കാരായ പാകിസ്ഥാനെതിരെ നടക്കുക. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 23നാണ് മത്സരം. ഇതിന് മുന്നോടിയായി ശനിയാഴ്‌ച ടീം ഇന്ത്യ അവസാന പരിശീലനം നടത്തും. ഇതോടെയാവും പ്ലേയിംഗ് ഇലവനില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ന്യൂസിലന്‍ഡിന് എതിരായ വാംഅപ് മത്സരം ഉപേക്ഷിച്ചതോടെ ടീം ഇന്ത്യയുടെ പദ്ധതികള്‍ ചെറുതായി പിഴച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് പരാജയപ്പെടുത്തിയതിന് ഇത്തവണ കണക്കുതീര്‍ക്കേണ്ടതുമുണ്ട് രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും. 

പേടിച്ചേ പറ്റൂ; പാക് പോരാട്ടത്തിന് മുമ്പ് രോഹിത് ശര്‍മ്മയ്‌ക്കും കെ എല്‍ രാഹുലിനും മുന്നറിയിപ്പുമായി ടോം മൂഡി

click me!