ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ പരിശീലന മത്സരത്തിന് മുമ്പ് ഓസീസിന് കനത്ത ആശങ്ക

By Jomit Jose  |  First Published Oct 15, 2022, 5:15 PM IST

ന്യൂസിലന്‍ഡിനെതിരെ ഒക്ടോബര്‍ 19ന് നടക്കുന്ന രണ്ടാം വാംഅപ് മത്സരത്തില്‍ വാര്‍ണര്‍ കളിക്കുമെന്നും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്


ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായുള്ള ഐസിസിയുടെ ഔദ്യോഗിക വാംഅപ് മാച്ചില്‍ ഇന്ത്യക്കെതിരെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കളിച്ചേക്കില്ല. ഒക്ടോബര്‍ 17ന് ഗാബയിലാണ് മത്സരം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഫീല്‍ഡിംഗിനിടെ കഴുത്തിന് പരിക്കേറ്റതാണ് വാര്‍ണര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ ഒക്ടോബര്‍ 19ന് നടക്കുന്ന രണ്ടാം വാംഅപ് മത്സരത്തില്‍ വാര്‍ണര്‍ കളിക്കുമെന്നും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി.  

'ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് വാര്‍ണര്‍ തയ്യാറാകും എന്നാണ് തോന്നുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ മത്സരത്തിന്‍റെ കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. കഴു‌ത്തിന് പരിക്കേറ്റതിന് തൊട്ടടുത്ത ദിവസം വാര്‍ണര്‍ ശരിയായെങ്കിലും പിന്നിടുള്ള ദിനം വേദനയും പ്രശ്‌നങ്ങളുമുണ്ടായി. അതിനാല്‍ വാര്‍ണര്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫിറ്റ്‌നസ് കൈവരിച്ചാല്‍ വാര്‍ണര്‍ കളിക്കും. വേദനയുണ്ടെങ്കില്‍ ജാഗ്രത സ്വീകരിക്കും' എന്നും ലോകകപ്പിന് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനത്തില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. 

Latest Videos

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓസീസിന്‍റെ കിരീടധാരണത്തില്‍ നിര്‍ണായകമായ താരമാണ് ഡേവിഡ് വാര്‍ണര്‍. ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറിയ വാര്‍ണര്‍ ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഴ് മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 289 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്. പുറത്താവാതെ നേടിയ 89 ആണ് ഉയര്‍ന്ന സ്കോര്‍. 

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയ്‌ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ. 

പാകിസ്ഥാനെതിരായ ഇലവന്‍ തയ്യാര്‍; ടി20 ലോകകപ്പില്‍ ഒരുമുഴം മുന്നേ എറിഞ്ഞ് രോഹിത് ശര്‍മ്മ

click me!