ഫിഞ്ചിന് ഫിഫ്റ്റി, ഓസീസിന് മികച്ച സ്കോര്‍; അയര്‍ലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം

By Jomit Jose  |  First Published Oct 31, 2022, 3:14 PM IST

ഈ ലോകകപ്പിലെ മോശം ഫോം തുടര്‍ന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ഓസ്ട്രേലിയക്ക് നഷ്‌ടമായിരുന്നു


ഗാബ: ട്വന്‍റി 20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അയര്‍ലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 20 ഓവറില്‍ 5 വിക്കറ്റിന് 179 റണ്‍സെടുത്തു. ഓസീസിനായി അര്‍ധസെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചാണ് ടോപ് സ്കോറര്‍. 

ഈ ലോകകപ്പിലെ മോശം ഫോം തുടര്‍ന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ഓസ്ട്രേലിയക്ക് നഷ്‌ടമായി. ഏഴ് പന്തില്‍ 3 റണ്‍സ് നേടിയ താരത്തെ ബാരി മക്കാര്‍ട്ടി പുറത്താക്കുകയായിരുന്നു. പിന്നാലെ ആരോണ്‍ ഫിഞ്ചിനൊപ്പം മിച്ചല്‍ മാര്‍ഷ് ഓസീസിനെ 50 കടത്തി. ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ മക്കാര്‍ട്ടി മിച്ചലിനെ ടക്കറുടെ കൈകളിലെത്തിച്ചു. 22 പന്തില്‍ 28 റണ്‍സാണ് മിച്ചല്‍ മാര്‍ഷിന്‍റെ സമ്പാദ്യം. ഒരറ്റത്ത് കാലുറപ്പിച്ച നായകന്‍ ആരോണ്‍ ഫിഞ്ച്(44 പന്തില്‍ 63) അര്‍ധസെഞ്ചുറിക്ക് പിന്നാലെ പുറത്തായി. എന്നാല്‍ ഈസമയം ഓസീസ് സ്കോര്‍ 16.5 ഓവറില്‍ 154ലെത്തിയിരുന്നു. 

Latest Videos

undefined

മാര്‍ക്കസ് സ്റ്റോയിനിസ് നന്നായി തുടങ്ങിയെങ്കിലും ഫിനിഷിംഗിലേക്ക് എത്തിയില്ല.18, 19 ഓവറുകളില്‍ യഥാക്രമം 3, 4 റണ്‍സേ നേടാനായുള്ളൂവെങ്കിലും അവസാന ഓവറില്‍ 20 റണ്‍സുമായി തകര്‍ത്തടിച്ച് ടിം ഡേവിഡും, മാത്യൂ വെയ്ഡും ഓസീസിനെ 179ലെത്തിച്ചു. ഡേവിഡ് 10 പന്തില്‍ 15* ഉം വെയ്‌ഡ് 3 പന്തില്‍ 7* ഉം റണ്‍സെടുത്തു. ഇതിനിടെ മാര്‍ക്കസ് സ്റ്റോയിനിസിനെ(25 പന്തില്‍ 35) നഷ്‌ടമായി. ഐറിഷ് ടീമിനായി ബാരി മക്കാര്‍ട്ടി 29ന് മൂന്നും ജോഷ്വ ലിറ്റില്‍ 21ന് രണ്ടും വിക്കറ്റ് നേടി. 

സെമിപ്രതീക്ഷ നിലനിർത്താൻ ഇരുടീമിനും ഇന്ന് ജയം അനിവാര്യമാണ്. മൂന്ന് കളിയിൽ ഇരുടീമിനും മൂന്ന് പോയിന്റ് വീതമാണുള്ളത്. റൺ ശരാശരിയിൽ അയർലൻഡ് മൂന്നും ഓസ്ട്രേലിയ നാലും സ്ഥാനത്താണ്. 5 പോയിന്‍റുള്ള ന്യൂസിലൻഡാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്‍റുള്ള ഇംഗ്ലണ്ട് രണ്ടാമത് നില്‍ക്കുന്നു. 

പൂജ കഴിഞ്ഞാല്‍ തിരുമേനിക്ക് പ്രിയം ക്രിക്കറ്റ്; സൂപ്പർ സിക്സറും വണ്ടർ ക്യാച്ചുമായി വൈറലായ വെറ്ററന്‍ ദാ ഇവിടെ
 

click me!